മൃഗം 31 [Master]

Posted by

അയാളുടെ മറുപടിക്ക് കാത്തു നില്‍ക്കാതെ ഡോണ എഴുന്നേറ്റ് വെളിയിലേക്ക് നടന്നു. അലക്സ് ആശങ്കയോടെ അവളുടെ പോക്ക് നോക്കി പിന്നിലേക്ക് ചാരി.
ചാനല്‍ ഓഫീസില്‍ നിന്നും ഡോണ നേരെ പോയത് ഐ ജിയുടെ ഓഫീസിലേക്ക് ആണ്. അവള്‍ ചെല്ലുമ്പോള്‍ ഐ ജി ഓഫീസില്‍ തന്നെ ഉണ്ടായിരുന്നു. അനുമതി ലഭിച്ച ശേഷം അവള്‍ ഉള്ളിലേക്ക് കയറി.
“ഗുഡ് മോണിംഗ് സര്‍..” ഡോണ അദ്ദേഹത്തെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
“മോണിംഗ് മിസ്സ്‌ ഡോണ ..ടേക്ക് യുവര്‍ സീറ്റ്” ഐ ജി അനന്തരാമന്‍ തന്റെ മുന്‍പില്‍ നില്‍ക്കുന്ന മുഖം വേഗം തിരിച്ചറിഞ്ഞുകൊണ്ട് പറഞ്ഞു.
“താങ്ക് യു സര്‍”
ഡോണ കസേരയില്‍ ഇരുന്നുകൊണ്ട് പറഞ്ഞു.
“നൈസ് ടു മീറ്റ്‌ യു..ടിവിയില്‍ ധാരാളം തവണ ഞാന്‍ ഡോണയെ കണ്ടിട്ടുണ്ട്..നേരില്‍ ഇതാദ്യമാണ്..പറയൂ എന്റെ എന്ത് സഹായമാണ് വേണ്ടത്? വെറുതെ ഒരു വിസിറ്റിനു ഡോണയെപ്പോലെ ഒരു സെലിബ്രിറ്റി വരില്ല എന്നെനിക്ക് അറിയാം”
ഡോണ ചുരുക്കത്തില്‍ അദ്ദേഹത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. പിന്നെ കൈയില്‍ ഉണ്ടായിരുന്ന പെന്‍ ഡ്രൈവ് അദ്ദേഹത്തിന് കൈമാറി. ഐ ജി അത് വാങ്ങി പിസിയില്‍ ഇട്ടുകണ്ട ശേഷം ആലോചനയോടെ കസേരയില്‍ പിന്നോക്കം ചാരി.
“വാസു നിരപരാധിയാണ് സര്‍..അവര്‍ അവനെ കുടുക്കിയതാണ്..ഇക്കാര്യത്തില്‍ അങ്ങെന്നെ സഹായിക്കണം..” ഡോണ പറഞ്ഞു.
ഐജി അല്‍പനേരത്തെ ആലോചനയ്ക്ക് ശേഷം അവളെ നോക്കി.
“ഇത് കമ്മീഷണറെ കാണിച്ചില്ലേ? കബീര്‍ വധക്കേസ് അയാളാണ് അന്വേഷിക്കുന്നത്” അദ്ദേഹം ഡോണയെ ചോദ്യഭാവത്തില്‍ നോക്കി.
“കാണിച്ചു സര്‍..പക്ഷെ അദ്ദേഹം ഇത് തെളിവായി സ്വീകരിക്കാന്‍ തയാറായില്ല..”
“ചാണ്ടി ന്യായത്തിന്റെ ഭാഗത്ത് നില്‍ക്കുന്നവനല്ല..എനിക്കറിയാം..പക്ഷെ ഇക്കാര്യത്തില്‍ അന്വേഷണ ചുമതല അയാള്‍ക്കായതുകൊണ്ട്, എനിക്ക് ഇടപെടാന്‍ ചില പരിമിതകള്‍ ഉണ്ട്. മാത്രമല്ല, വ്യക്തമല്ലാത്ത ഒരു വീഡിയോ ക്ലിപ്പ് വച്ച് അത് കബീറിന്റെ മരണവുമായി ബന്ധിപ്പിക്കാനും എളുപ്പമല്ല. ഡെവിള്‍സ് ആണ് ഈ കൊലയുടെ പിന്നിലെങ്കില്‍ അതിന്റെ മോട്ടീവ്, അവരാണ് ഈ കൊലയാളിയെ നിയോഗിച്ചത് എന്നതിന്റെ തെളിവ്, മുതലായവ ആവശ്യമാണ്. ഇപ്പോള്‍ ഡോണയുടെ പക്കലുള്ളത്‌ ഈ ഒരു വീഡിയോ മാത്രമാണ്..അതിന്റെ മാത്രം അടിസ്ഥാനത്തില്‍ പോലീസിന് ഒന്നും ചെയ്യാന്‍ പറ്റില്ല..പക്ഷെ നിങ്ങള്‍ക്ക്പലതും പറ്റും..എന്തുകൊണ്ട് ഇത് ചാനലില്‍ സംപ്രേഷണം ചെയ്യുന്നില്ല? ജനം ഇതറിഞ്ഞാല്‍ പിന്നെ ചാണ്ടിക്ക് മേല്‍ മുകളില്‍ നിന്നും ശക്തമായ പ്രഷര്‍ ഉണ്ടാകും..യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ അയാള്‍ക്ക് കഴിയുന്നില്ല എങ്കില്‍ കേസ് ക്രൈം ബ്രാഞ്ചിനോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ സര്‍ക്കാര്‍ കൈമാറുകയും ചെയ്യും”
“കേരളത്തിലെ ഒരു ചാനലും ഇത് സംപ്രേഷണം ചെയ്യില്ല സര്‍..എന്റെ എം ഡിയുടെ വീട്ടിലെത്തി അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു..ഇത് സംപ്രേഷണം ചെയ്‌താല്‍ അദ്ദേഹത്തിന്റെ ഏക മകളെ കൊന്നുകളയും എന്നായിരുന്നു ഭീഷണി..അതേപോലെ എല്ലാ ചാനല്‍ ഉടമകളെയും അവര്‍ വിരട്ടുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടുണ്ട്..”

Leave a Reply

Your email address will not be published. Required fields are marked *