മൃഗം 31 [Master]

Posted by

“അയാം പൌലോസ് ജോര്‍ജ്ജ്..കേരളാ പോലീസ്” തന്റെ ഐഡി എടുത്ത് അവിടുത്തെ എസ് എച്ച് ഓയ്ക്ക് നല്‍കിക്കൊണ്ട് പൌലോസ് പറഞ്ഞു.
“ഇരിക്കണം സര്‍”
അയാള്‍ ഐഡി നോക്കിയ ശേഷം ഭവ്യതയോടെ പറഞ്ഞു. അവിടെ തന്റെ തത്തുല്യമോ അതിനും മീതെയോ റാങ്ക് ഉള്ള ഉദ്യോഗസ്ഥന്റെ ഭവ്യമായ പെരുമാറ്റം കണ്ടപ്പോള്‍ പൌലോസ് അത്ഭുതപ്പെട്ടു. വടക്കേ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന പൌലോസിനു ഹിന്ദി അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ വേഗം തിരക്കി അറിയാനും സാധിച്ചിരുന്നു.
“താങ്ക് യു സര്‍”
അയാള്‍ക്ക് എതിരെ ഇരുന്നിട്ട് പൌലോസ് പറഞ്ഞു.
“പറയൂ സര്‍..എന്ത് സഹായമാണ് ഞാന്‍ താങ്കള്‍ക്ക് ചെയ്യേണ്ടത്” ഓഫീസര്‍ പുഞ്ചിരിയോടെ ചോദിച്ചു.
“സാറിന്റെ പേര്?”
“ഞാന്‍ മഹീന്ദര്‍ സിംഗ്..”
“ഓക്കേ..മിസ്റ്റര്‍ മഹീന്ദര്‍..ഞാനിവിടെ എത്തിയത് ഒരു ക്രിമിനലിനെ തേടിയാണ്..നിങ്ങള്‍ അറിയാന്‍ ഇടയുണ്ട്..ഒരു ദ്വിവേദി..ഹരീന്ദര്‍ ദ്വിവേദി..”
അയാളുടെ മുഖം വിടരുന്നത് പൌലോസ് ശ്രദ്ധിച്ചു.
“ദ്വിവേദി..വടക്കേ ഇന്ത്യയിലെ മിക്ക പോലീസ് സേനയ്ക്കും അറിയാവുന്ന ക്രിമിനല്‍ ആണ് അയാള്‍..അയാള്‍ ഒരു വാടകകൊലയാളി ആണ് എന്നത് പരസ്യമായ രഹസ്യമാണ് എങ്കിലും, അയാള്‍ക്കെതിരെ യാതൊരു തെളിവും ഞങ്ങള്‍ക്കാര്‍ക്കും കിട്ടിയിട്ടില്ല.. കിട്ടിയാല്‍ അവനെ ആ നിമിഷം പൂട്ടാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. താങ്കള്‍ അവനെ തേടുന്നത് എന്തിനാണ്? എന്താണ് കേസ്?” അയാള്‍ താല്‍പര്യത്തോടെ ചോദിച്ചു.
“മര്‍ഡര്‍ കേസ് തന്നെ..എന്റെ പക്കല്‍ അവനെതിരെ സ്പഷ്ടമായ തെളിവും ഉണ്ട്…ദാ, ഇത് താങ്കള്‍ക്ക് പരിശോധിക്കാം”
പൌലോസ് പെന്‍ ഡ്രൈവ് എടുത്ത് അയാള്‍ക്ക് നല്‍കിക്കൊണ്ട് പറഞ്ഞു. അയാള്‍ ആകാംക്ഷയോടെ അത് നോക്കിക്കണ്ട ശേഷം ഉത്സാഹത്തോടെ പൌലോസിനെ നോക്കി.
“യെസ്..ഇവന്‍ ഒരു തികഞ്ഞ അഭ്യാസി ആണ്. ആ നായയെ കൊന്ന രീതി മുന്‍പും അവന്‍ പലയിടത്തും ചെയ്തിട്ടുണ്ട്..ഈ വീഡിയോയില്‍ കാണുന്ന വീട്ടില്‍ ഇവന്‍ കയറിയ രാത്രി കൊല നടന്നോ?”
“നടന്നു..”
“ആരാണ് ഈ വീഡിയോ എടുത്തത്?”
പൌലോസ് ലഘുവായി കാര്യങ്ങള്‍ വിശദീകരിച്ചു.
“അയാള്‍ക്ക്..അതായത് താങ്കള്‍ ഡ്യൂട്ടിക്ക് ഇട്ട പോലീസുകാരന് ഇവന്‍ കയറിയപ്പോള്‍ത്തന്നെ വിവരം അറിയിച്ച് പിടികൂടാന്‍ കഴിയുമായിരുന്നില്ലേ?” സംശയത്തോടെ അയാള്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *