മൃഗം 31 [Master]

Posted by

ഡോണ കണ്ണുകള്‍ തുടച്ചുകൊണ്ട് തലയാട്ടി. പൌലോസ് തന്റെ വണ്ടിയിലേക്ക് കയറുമ്പോള്‍, മറ്റൊരു പോലീസ് വാഹനം ചാനലിന്റെ ഗേറ്റ് കടന്നു വരുന്നത് ഞെട്ടലോടെ ഡോണ കണ്ടു. അവരുടെ അരികിലെത്തി ബ്രേക്കിട്ട അതില്‍ നിന്നും സി ഐ ഫിറോസും സംഘവും പുറത്തിറങ്ങി.
ഫിറോസ്‌ പൌലോസിനെ പകയോടെ നോക്കിയ ശേഷം വാസുവിന്റെ അരികിലെത്തി.
“നിങ്ങള്‍ അല്ലെ വാസു?” അയാള്‍ ചോദിച്ചു.
“അതെ സര്‍”
“ഇത് നിങ്ങള്‍ക്കുള്ള അറസ്റ്റ് വാറണ്ട് ആണ്. വരൂ..” അയാള്‍ പറഞ്ഞു.
“എന്താണ് സര്‍ എന്റെ പേരിലുള്ള ചാര്‍ജ്ജ്?”
“കബീര്‍ എന്ന യുവാവിന്റെ കൊലപാതകം..”
“പക്ഷെ സര്‍ എനിക്ക് യാതൊരു മനസ്സറിവും ഇല്ലാത്ത സംഭവമാണ് അത്”
“അതൊക്കെ നിങ്ങള്‍ക്ക് കോടതിയില്‍ പറയാം..തല്‍ക്കാലം ഞങ്ങളുടെ കൂടെ വരുക..ഉം”
വാസു പൌലോസിനെ നോക്കി. അയാള്‍ കൂടെ പൊയ്ക്കൊള്ളാന്‍ ആംഗ്യം കാട്ടി. ഡോണ കരച്ചില്‍ പണിപ്പെട്ടു നിയന്ത്രിച്ച് വിറയ്ക്കുന്ന ചുണ്ടുകളോടെ അവനെ നോക്കി.
“ഡോണ..ഞാന്‍ പോട്ടെ..”
വാസു അവളുടെ അരികിലെത്തി പറഞ്ഞു. ഡോണ നിയന്ത്രണം തെറ്റി അവന്റെ കഴുത്തിലൂടെ കൈകള്‍ ചുറ്റി അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. പൌലോസ് അത് കാണാനുള്ള മനക്കരുത്ത് ഇല്ലാതെ ദൂരേക്ക് നോക്കി ഇരുന്നുകളഞ്ഞു. വാസു പക്ഷെ കരഞ്ഞില്ല. അവന്‍ മെല്ലെ ഡോണയുടെ പിടി വിടുവിച്ച് ചെന്ന് പോലീസ് വാഹനത്തില്‍ കയറി. അത് അവിടെയിട്ട് തിരിച്ച ശേഷം ഡ്രൈവര്‍ റോഡിലേക്ക് ഓടിച്ചിറക്കി. ഡോണ ഏങ്ങലടിച്ചുകൊണ്ട് ആ വാഹനം പോകുന്നത് നോക്കി നിന്നു.
വണ്ടി കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ പൌലോസ് വണ്ടിയില്‍ നിന്നും ഇറങ്ങി അവളുടെ അരികിലെത്തി.
“ഡോണ..കരയാതെ മോളെ..നിന്റെ കരയുന്ന മുഖം എന്റെ ശക്തി ഇല്ലാതാക്കും..പ്ലീസ്..” അവളുടെ കണ്ണീര്‍ തുടച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
“എനിക്ക്..എനിക്ക് വേണ്ടിയാണ് ഇച്ചായാ ആ പാവം പോലീസ് പിടിയില്‍ ആയിരിക്കുന്നത്..ഞാനാണ്‌ അവന്റെ ഈ അവസ്ഥയ്ക്ക് കാരണം..” ഡോണ കരഞ്ഞുകൊണ്ട് അയാളുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.
“ഇല്ല ഡോണ..അങ്ങനെ ഒന്നും ചിന്തിക്കരുത്. നീതിയും ന്യായവും നടപ്പിലാക്കാന്‍ മനസില്ലാത്ത ചിലരുടെ കുതന്ത്രം ആണ് അവന്റെ ഈ ദുര്യോഗത്തിന് പിന്നില്‍. മനുഷ്യ നന്മയ്ക്കായി ഭൂമിയില്‍ വന്ന കര്‍ത്താവിനെ വരെ നിന്ദിച്ച് പരിഹസിച്ചു മുഖത്ത് തുപ്പി തൂക്കില്‍ ഏറ്റിയവര്‍ ജീവിച്ച ഭൂമിയാണ്‌ ഇത്. നന്മയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഏതൊരുവന്റെയും ജീവിതത്തില്‍ സംഭവിക്കുന്നതാണ് നമുക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *