മൃഗം 31 [Master]

Posted by

അവള്‍ പെന്‍ ഡ്രൈവ് അയാളുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. അയാള്‍ അത് വാങ്ങി തന്റെ പിസിയില്‍ ഘടിപ്പിച്ച ശേഷം വീഡിയോ ഇട്ടു. അതിലെ രംഗങ്ങള്‍ കണ്ടപ്പോള്‍ അലക്സിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീഴുന്നത് ഡോണ ശ്രദ്ധിച്ചു.
“എന്താണ് ഡോണ ഇത്..എനിക്ക് മനസിലായില്ല? ആരാണിയാള്‍?”
വീഡിയോ പൂര്‍ണ്ണമായി കണ്ടശേഷം അലക്സ് അവളോട്‌ ചോദിച്ചു.
“സര്‍..കബീറിനെ കൊന്ന കൊലയാളിയെ ആണ് അങ്ങ് ഇപ്പോള്‍ കണ്ടത്..ഹരീന്ദര്‍ ദ്വിവേദി..”
ഡോണ സാധാരണമട്ടില്‍ പറഞ്ഞത് കേട്ടപ്പോള്‍ അലക്സ് ഞെട്ടി.
“ഗോഡ്..ഇയാള്‍ ആണല്ലേ ദ്വിവേദി? ഇതെങ്ങനെ ഡോണയ്ക്ക് കിട്ടി?”
“അതൊക്കെ കിട്ടി..സാര്‍ എനിക്കൊരു ഉപകാരം ചെയ്യണം. ഇന്ന് പ്രൈം ടൈമില്‍ നമുക്ക് ഈ വീഡിയോയുമായി ബന്ധപ്പെടുത്തി ഒരു ഫീച്ചര്‍ നല്‍കണം. ഇതിന്റെ പിന്നിലുള്ളവര്‍ ആരാണ് എന്നതിന്റെ വ്യക്തമായ തെളിവുകള്‍ എന്റെ പക്കലുണ്ട്. കബീറിനെ വധിച്ച ഇയാളെ പിടിക്കുന്നതിനു പകരം, എന്റെ പെഴ്സണല്‍ സെക്യൂരിറ്റി ആയിരുന്ന വാസുവിനെ അതേ കുറ്റം ചാര്‍ത്തി ഈ ചാനല്‍ കോമ്പൌണ്ടില്‍ നിന്നു കമ്മീഷണര്‍ അയച്ച പോലീസുകാര്‍ അറസ്റ്റ് ചെയ്തുകൊണ്ടുപോയി.അവന് യാതൊരു മനസ്സറിവും ഇല്ലാത്ത കേസില്‍..”
“പക്ഷെ ഡോണ..പോലീസ് തെളിവില്ലാതെ അറസ്റ്റ് ചെയ്യുമോ?”
“കമ്മീഷണര്‍ ചാണ്ടി അതും അതിനപ്പുറവും ചെയ്യും.. അവനെ അറസ്റ്റ് ചെയ്യാന്‍ വേണ്ട കള്ളത്തെളിവുകള്‍ അറേബ്യന്‍ ഡെവിള്‍സ് പോലീസിന് നല്‍കിയിട്ടുണ്ട്… ഇനിയും അവര്‍ നല്‍കുകയും ചെയ്യും…പക്ഷെ അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന സത്യമാണ് അങ്ങിപ്പോള്‍ ഈ വീഡിയോയില്‍ കണ്ടത്. എനിക്ക് ഈ വിവരം ലോകത്തെ അറിയിക്കണം സര്‍..വാസുവിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ, നാളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യം ലഭിച്ച് അവനിറങ്ങി വരാന്‍ സാധിക്കണം..ഈ വാര്‍ത്ത മറ്റൊരു ചാനലുകാര്‍ക്കും അറിയില്ല..ഇറ്റ്‌ ഈസ് എ വെരി ഹോട്ട് സ്റ്റഫ്..”
ഡോണ പ്രതീക്ഷയോടെ അലക്സിനെ നോക്കി. അയാള്‍ പിന്നോക്കം ചാരി ആലോചിക്കുന്നത് കണ്ടപ്പോള്‍ അവളുടെ മനസ്സില്‍ ആശങ്ക നിറഞ്ഞു.
“ഡോണ യു ആര്‍ റൈറ്റ്..ഇറ്റ്‌ ഈസ് ഇന്‍ഡീഡ് എ വെരി ഹോട്ട് സ്റ്റഫ്..പക്ഷെ.”
“യെസ് സര്‍…പറയൂ”
“എനിക്ക് ഡോണയെ സഹായിക്കണം എന്നുമുണ്ട്..ബട്ട്….”
അയാള്‍ വീണ്ടും അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയിട്ട് അവളെ നോക്കി. വാസുവിനെ രക്ഷിക്കാനുള്ള തന്റെ ശ്രമം വിജയിക്കില്ലേ എന്ന് അയാളുടെ മുഖഭാവം കണ്ടപ്പോള്‍ അവള്‍ക്ക് തോന്നി.
“എന്താ സര്‍..എനി ഇഷ്യു?” അവള്‍ തന്റെ ഉദ്വേഗം മറച്ചു വയ്ക്കാതെ ചോദിച്ചു.
“യെസ്…എ വെരി ബിഗ്‌ ഇഷ്യു…കുറച്ചു ദിവസം മുന്‍പ്, ഒരു രാത്രിയില്‍ എന്റെ വീട്ടില്‍ അവര്‍ വന്നിരുന്നു..” കണ്ണുകളിലെ ഭയം നിയന്ത്രിക്കാന്‍ സാധിക്കാതെ അലക്സ് പറഞ്ഞു.
“ആര്?” ഡോണ കസേരയുടെ അഗ്രത്തെക്ക് നീങ്ങി.
“ഡെവിള്‍സ്..സ്റ്റാന്‍ലി..അര്‍ജുന്‍..ആന്‍ഡ് മാലിക്ക്….”
“എന്തിന്?”
“അവരുടെ ഒന്നാമത്തെ ഡിമാന്‍ഡ് ഡോണയെ പിരിച്ചു വിടണം എന്നതായിരുന്നു..ഞാന്‍ വഴങ്ങിയില്ല..പക്ഷെ അത് അവര്‍ എനിക്ക് തരാനിരുന്ന ഭീഷണിയുടെ മുന്നോടി മാത്രം ആയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *