മൃഗം 31 [Master]

Posted by

പക്ഷെ സത്യത്തെ മൂടിക്കെട്ടി വയ്ക്കാന്‍ ആര്‍ക്കും കഴിയില്ല മോളെ..മൂന്നാം ദിനം കര്‍ത്താവ് ഉയിര്‍ത്ത് എഴുന്നേറ്റത് പോലെ, സത്യം പുറത്ത് വരുക തന്നെ ചെയ്യും..നീ ധൈര്യമായിരിക്ക്‌…അവനൊന്നും സംഭവിക്കില്ല..”
പൌലോസിന്റെ വാക്കുകള്‍ ഡോണയ്ക്ക് ചെറുതല്ലാത്ത ആശ്വാസവും ധൈര്യവും പകര്‍ന്നു. അവള്‍ മുഖം ഉയര്‍ത്തി കണ്ണുകള്‍ തുടച്ചുകൊണ്ട് അയാളെ നോക്കി.
“ഇച്ചായാ..ഇച്ചായന്‍ ദ്വിവേദിയെ തേടി പോകുകയാണോ” അവള്‍ ചോദിച്ചു.
“അതെ..അവനെ കണ്ടുകിട്ടിയാല്‍ മാത്രമേ വാസുവിനെ ഈ കേസില്‍ നിന്നും സംശയാതീതമായി വിടുവിക്കാന്‍ നമുക്ക് കഴിയൂ”
“പക്ഷെ ഇച്ചായാ അയാള്‍ മഹാ അപകടകാരിയാണ്..ഇന്ത്യ കണ്ട ഏറ്റവും കൊടും ക്രിമിനല്‍.. ആ നായയെ അയാള്‍ സെക്കന്റുകള്‍ കൊണ്ട് കൊന്നതും, കബീറിനെപ്പോലെ ആരോഗ്യവാനായ ഒരു യുവാവിനെ ചെറിയ ഒരു മല്‍പ്പിടുത്തം പോലും നടത്താതെ കൊല ചെയ്തതും ഓര്‍ക്കുമ്പോള്‍ത്തന്നെ ഞാന്‍ ഭയം കൊണ്ട് വിറയ്ക്കുകയാണ്.. അയാളെ ഇച്ചായന്‍ തനിച്ച് എങ്ങനെ നേരിടും?” ഡോണ ഭീതിയോടെ ചോദിച്ചു.
“അതെ ഡോണ..ഹി ഈസ് എ ബിഗ്‌ ഫിഷ്‌..എനിക്കറിയാം. പക്ഷെ നമുക്ക് വാസുവിനെ രക്ഷിച്ചല്ലേ പറ്റൂ..അതിനു വേണ്ടി ഏത് അപകടവും നേരിടാന്‍ ഞാന്‍ തയാറാണ്. നീ പക്ഷെ വളരെ സൂക്ഷിക്കണം. ഞാനും വാസുവും ഒപ്പമില്ലാത്ത നിന്നെ ഡെവിള്‍സ് ഉപദ്രവിക്കാന്‍ ചാന്‍സുണ്ട്..ബി വെരി കെയര്‍ഫുള്‍..രാത്രി തനിച്ച് എങ്ങും പോകരുത്..വീട്ടിലും മതിയായ കരുതല്‍ ഉണ്ടാകണം..എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ എന്നെ വിളിക്കാന്‍ മറക്കരുത്..എത്രയും വേഗം എന്റെ ദൌത്യം പൂര്‍ത്തിയാക്കി തിരിച്ചെത്താന്‍ ഞാന്‍ ശ്രമിക്കാം..”
ഡോണ ഒരു ദീര്‍ഘനിശ്വാസത്തോടെ തലയാട്ടി.
“എങ്കില്‍ ഞാന്‍ പോട്ടെ…ഇനി എന്ന് തമ്മില്‍ കാണും എന്ന് പറയാന്‍ പറ്റില്ല. പക്ഷെ എപ്പോള്‍ കണ്ടാലും, ദ്വിവേദി എന്റെ ഒപ്പം ഉണ്ടാകും….”
ഡോണ നിറകണ്ണുകളോടെ പുഞ്ചിരിച്ചു. പിന്നെ അവള്‍ അയാളുടെ കവിളില്‍ ചുംബിച്ചു.
പൌലോസ് ജീപ്പില്‍ കയറി അവളെ കൈവീശി കാണിച്ച ശേഷം അത് മുന്‍പോട്ടെടുത്തു. അയാള്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ ഡോണ നോക്കി നിന്നു. പിന്നെ അവള്‍ കാറിന്റെ ഉള്ളില്‍ വച്ചിരുന്ന പുന്നൂസിന്റെ റിവോള്‍വര്‍ എടുത്ത് തന്റെ ജീന്‍സിന്റെ ഉള്ളില്‍, സോക്സിന്റെ അകത്തേക്ക് തിരുകിയ ശേഷം ഓഫീസിലേക്ക് നടന്നു.
ഡോണ ചില തീരുമാനങ്ങളില്‍ എത്തിയിരുന്നു. അവള്‍ നേരെ തന്റെ ക്യാബിനില്‍ എത്തി ഫോണെടുത്ത് പപ്പയെ വിളിച്ചു.
“എന്താ മോളെ”
പുന്നൂസിന്റെ സ്വരം അവളുടെ കാതിലെത്തി.
“പപ്പാ, വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തു….” അവള്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് നിറഞ്ഞു വന്ന കണ്ണുകള്‍ മെല്ലെ തുടച്ചു.
“എന്ത്? സത്യമാണോ മോളെ നീ പറയുന്നത്? എന്തിന്? എന്താണ് അവന്‍ ചെയ്ത കുറ്റം” പുന്നൂസ് ഉദ്വേഗഭരിതനായി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *