നിലാവുപോലെ 4 [Ne-Na]

Posted by

‘ഹരിയെ അച്ഛൻ തിരക്കുന്നുണ്ട് ഒന്ന് വീട് വരെ വരണമെന്ന്.’

ശരത്തേട്ടൻറെ വീട്ടിലേക്ക് പോകുമ്പോഴും ആലോചന എന്തിനായിരിക്കും അച്ഛൻ തന്നെ കാണണമെന്ന് പറഞ്ഞത് എന്നായിരുന്നു. ഇതുവരെ അങ്ങനെ ഒരു പതിവ് ഉണ്ടായിട്ടില്ല.

അപ്പോഴാണ് അടുത്ത ചിന്ത മനസിലേക്ക് കടന്നു വന്നത്.

നീലിമ അവിടെ ഉണ്ടായിരിക്കുമോ?.. എക്സാം കഴിഞ്ഞതിനു ശേഷം വളരെ കുറച്ച് പ്രാവശ്യമേ അവളെ കണ്ടിട്ടുള്ളൂ. നീലിമ വീട്ടിൽ വരുന്ന ദിവസങ്ങളിൽ ശരത്തേട്ടൻ വിളിച്ചു പറയും. എപ്പോൾ അവിടെ പോയി അവൾക്ക് സബ്ടൈറ്റിലെ സംശയങ്ങൾ തീർത്തു കൊടുക്കും. അല്ലാതെ വേറെ കൂടിക്കാഴ്ചകൾ ഒന്നും തന്നെ ഇല്ലായിരുന്നു.

ഹരി ചെല്ലുമ്പോൾ ചെടികൾക്ക് വെള്ളം നനച്ചു കൊണ്ടിരിക്കുകയായിരുന്നു അച്ഛൻ.

അവനെ കണ്ടതും അച്ഛൻ വീടിനകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

“ശരത്തെ ഹരി വന്നിട്ടുണ്ട്.”

അച്ഛൻ ചെടിക്ക് വെള്ളം നനക്കുന്നത് നിർത്തി ഹരിയോടൊപ്പം വീടിനകത്തേക്ക് നടന്നു. അപ്പോഴേക്കും ശരത്തും എത്തി.

ഹാളിൽ കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ ശരത് വിളിച്ചു അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

“മായേ… ചായ എടുത്തൊള്ളൂ.”

ഹരിയുടെ കണ്ണുകൾ ആകാംക്ഷയോടെ ചുറ്റും പരതി. നീലിമയെ എങ്ങും കാണാനില്ല. ചിലപ്പോൾ ഹോസ്റ്റലിൽ  ആയിരിക്കും. അല്ലെങ്കിൽ തന്നെ താനെന്തിനാ നീലിമയെ അന്വേഷിക്കുന്നത്.

അവൻറെ ശ്രദ്ധ തിരിച്ചു കൊണ്ട് അച്ഛൻറെ ശബ്ദം വന്നു.

“ഹരി നല്ല മാർക്കോടെ പാസായി എന്ന് ശരത് പറഞ്ഞു.

ഹരി ഒന്നും മൂളി.

“ഇനിയെന്താ ഹരിയുടെ പ്ലാൻ.. തുടർന്ന് പഠിക്കാൻ ഉദ്ദേശമുണ്ടോ?”

ഹരി കൂടുതലൊന്നും ആലോചിക്കാതെ പറഞ്ഞു.

“അങ്ങനെ ഒരു പ്ലാൻ ഇല്ല.. ഒരു ജോലിക്ക് കേറണം എന്നാണ് മനസ്സിൽ.”

ഇപ്പോൾതന്നെ മായേച്ചി തരുന്ന പൈസ കൊണ്ടാണ് വീട്ടിലെ ചെലവുകളും തൻറെ കാര്യങ്ങളും കഴിഞ്ഞു പോകുന്നത്. അത് ഇനിയും തുടരുന്നത് ശരിയല്ലെന്ന് അവനു തോന്നി തുടങ്ങിയിരുന്നു. അതിനാലാണ് ഹരി ഒരു ജോലിക്ക് പോകാൻ തീരുമാനിച്ചത്.

അപ്പോഴാണ് അടുക്കളയിൽ നിന്നും ചായയുമായി വരുന്ന നീലിമയെ ഹരി കണ്ടത്.

അവൾ കുറച്ചുകൂടി വണ്ണം വെച്ചതായി അവന് തോന്നി. കവിൾ വെച്ചിട്ടുണ്ട്.. ദിവസം കൂടുംതോറും നീലിമയുടെ ഭംഗിയും കൂടുന്നതായി ഹരിക്ക് തോന്നി.

ചായ മേശമേൽ വെച്ച് ശേഷം നീലിമ ഹരിയെ നോക്കി പുഞ്ചിരിച്ചു. അവനും തിരിച്ച് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *