നിലാവുപോലെ 4 [Ne-Na]

Posted by

.                .                 .                 .

പലയിടങ്ങളിലായി കിടന്ന കസേരകൾ ഒന്നിനുമുകളിലൊന്നായി അടുക്കുകയായിരുന്നു ഹരി.

ഇന്നായിരുന്നു നീലിമയുടെ എൻഗേജ്മെൻറ്. ചടങ്ങുകളെല്ലാം കഴിഞ്ഞ് എല്ലാരും പോയി.

കിഷോർ നീലിമയുടെ കയ്യിൽ മോതിരം അണിയുമ്പോൾ അത് കാണാതിരിക്കാനായി തിരിഞ്ഞു ഹരി നടന്നിരുന്നു. പക്ഷേ അപ്പോഴും മനസ്സിനുള്ളിലെ സങ്കടം ഒരു കണ്ണുനീർ തുള്ളിയായി കണ്ണിൽ നിന്നും ഒലിച്ചിറങ്ങി. ആരും കാണാതെ പെട്ടെന്നുതന്നെ അത് കൈകൊണ്ട് ഒപ്പിയെടുത്തു.

താൻ കരഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചു കാണുമോ?

ചുമ്മാ ഇരുന്നപ്പോൾ വീണ്ടും ഓരോന്നായി മനസ്സിലേക്ക് ഓടിയെത്തി.. അപ്പോഴാണ് മറ്റെന്തിലെങ്കിലും ശ്രദ്ധതിരിക്കാൻ കസേരകൾ അടുക്കി തുടങ്ങിയത്.

കസേരകൾ അടുക്കുന്നതിനിടയിൽ ഹരി ചിന്തിച്ചു.

എന്തായിരിക്കും നീലിമയുടെ മനസ്സിൽ… മോതിരം കൈമാറുന്നതിനു തൊട്ടുമുമ്പ് അവളുടെ മുഖം ശ്രദ്ധിച്ചിരുന്നു. സന്തോഷവും ഇല്ല സങ്കടവുമില്ല, ഒരുതരം നിസ്സംഗത.. അവിടെ നടക്കുന്നത് എന്താണെന്ന് പോലും അറിയാത്ത മട്ടിൽ ഒരു നിൽപ്പ്.

ഓഫീസിൽ വച്ച് നടന്നത് ഒരു പെണ്ണുകാണൽ ചടങ്ങ് ആണെന്ന് ശരത്തേട്ടൻ വിളിച്ച് അറിയിച്ച ദിവസം ഹരിയുടെ ഓർമ്മകളിൽ എത്തി.

മുടിയൊക്കെ പിരുത്തിട്ട് കരഞ്ഞു കൊണ്ട് ഓടി വരികയായിരുന്നു റൂമിലേക്ക്. റൂമിലേക്ക് കടന്നയുടൻ ഹരിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ ചോദിച്ചു.

“ചേട്ടനും കൂടി അറിഞ്ഞു കൊണ്ടായിരുന്നോ ഇതെല്ലാം?”

അവൾക്ക് എന്ത് ഉത്തരം നൽകണം എന്നറിയാതെ ഹരി ആദ്യമൊന്നു പകച്ചു പിന്നെ പറഞ്ഞു.

“എനിക്കും അറിയില്ലായിരുന്നു നീലു.. ശരത്തേട്ടൻ അവിടെ വന്നിട്ടാ എന്നോട് എല്ലാം പറഞ്ഞത്.”

“എങ്കിലും ശരത്തേട്ടൻ പറഞ്ഞപ്പോൾ ഹരിയേട്ടന് പറഞ്ഞു കൂടായിരുന്നോ ഏട്ടന് എന്നെ ഇഷ്ടമാണെന്ന്.”

ഹരി മനസ്സിൽ പറഞ്ഞു.

ഞാൻ ആ നിമിഷം മനസ്സിനുള്ളിൽ പലപ്രാവശ്യം പറഞ്ഞതാണ് മോളെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണെന്ന്.. പക്ഷേ ഞാൻ കാരണം എല്ലാരും വിഷമിക്കുന്നത് കാണാൻ എനിക്ക് ആവില്ല.

തൻറെ ഷർട്ടിൽ പിടിച്ചിരിക്കുന്ന അവളുടെ കൈകൾ പിടിച്ചു മാറ്റി കൊണ്ട് ഹരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *