“അമ്മേടെ എല്ലാ ആഗ്രഹവും നടന്നിണ്ടോ?..” മഴ പെയ്യുന്ന സൗണ്ടിൽ, ആ തണുപ്പിൽ, ബേസ്മെന്‍റിലെ പാർക്കിങ്ങിൽ, നിർത്തി വെച്ച കാറിൽ കേറിക്കൊണ്ട് ഞാൻ ചോദിച്ചു. അമ്മയും കൂടെ കേറി. ഡോർ അടച്ചപ്പോ മൊത്തം സൗണ്ടും നിന്നു. അമ്മയുടെ ശ്വാസമെടുക്കുന്ന താളം മാത്രം. ചോദ്യത്തിനു മറുപടി കിട്ടിയില്ല. ഞാനാ മുഖത്തു നോക്കി.
“എല്ലാം ആഗ്രഹവും നടക്കില്ലെടാ മോനൂ…” ചെറിയൊരു സങ്കടം ഏതിലൂടൊക്കെയോ പോയോ? ശബ്ദത്തിലോ,ആ നോട്ടത്തിലോ, ഭാവത്തിലെങ്കിലും. ചുഴിഞ്ഞു നോക്കി കണ്ടുപിടിക്കാൻ കഴിയില്ല. കള്ളത്തിയാണ്.
“അതെന്താ ലക്ഷ്മി. ഞാൻ നടത്തിത്തരാലോ..” കാർ പറക്കിങ്ങിൽ നിന്നിറക്കി ഞങ്ങങ്ങു തട്ടിവിട്ടു.അല്ല ഇനിയിപ്പോ എന്നോട് കഴിയുന്നതാണേൽ നടത്തി കൊടുക്കലോ.
“ആണോ…നീ നടത്തിത്തരോ..?” തിരിഞ്ഞുകൊണ്ടമ്മ ആവേശത്തോടെ ചോദിച്ചു.അപ്പോഴെന്തോ മനസ്സിലുണ്ടല്ലോ.
“പിന്നല്ല….” ആവേശം ചോരാതിരിക്കാൻ പറഞ്ഞു. എന്നാ ആഗ്രഹമെന്താണ് അമ്മ പറഞ്ഞില്ല, ആ മുഖം കണ്ടാലറിയാം ആവേശമൊക്കെ വെറുതെയാണെന്നുള്ളത്. അമ്മ പറഞ്ഞ പോലെ എല്ലാം ആഗ്രഹവും നടക്കോ?.
റോട്ടിലേക്ക് കാറിറക്കി മുന്നോട്ട് പോവുമ്പോ, സൈഡിൽ മഴ കൊള്ളുന്ന ആ ഹോസ്പിറ്റൽ കെട്ടിടത്തിന്‍റെ കാഴ്ച, മായുന്ന വരെ അമ്മ നോക്കിയിരുന്നു. മുന്നില് പെയ്യുന്ന മഴയുടെ ആവേശം, കാണുന്ന എനിക്കും അമ്മക്കുമുണ്ടായിരുന്നു.
“മോനൂ ഇങ്ങനെ മഴ പെയ്യുമ്പോഴാ എന്‍റെമ്മ മരിച്ചത്…” പുറത്തേക്ക് നോക്കികൊണ്ടമ്മ മെല്ലെ പറഞ്ഞു. വിഷമം ഉണ്ടാവും, ഞാനൊന്നും പറഞ്ഞില്ല.
“വൈകിട്ടാടാ, വല്ല്യ വയറായിരുന്നു അനുവല്ലേ ഉള്ളിൽ,” അമ്മ മെല്ലെ ചിരിച്ചോ? ഞാനാ മടിയിലുള്ള കൈ ഇടതു കൈ കൊണ്ട് മെല്ലെ പിടിച്ചു.
“വേദന വന്നപ്പോ ഞാൻ കൂടെയുണ്ടായിരുന്നു, ഹോസ്പിറ്റലിൽ പോവാൻ വണ്ടിയൊന്നും കിട്ടീല്ല. മഴയും കൊണ്ട് വണ്ടി തിരയാൻ അച്ഛനോടി. ജീപ്പ് വന്നു കേറുമ്പോ. അയാള് പറഞ്ഞു- ഡ്രൈവർ, എവിടേക്കെയോ വെള്ളം കേറീട്ടുണ്ടെന്ന്.പേടിയായിരുന്നു. അമ്മ നിലവിളി നിർത്തീല്ല. കുറച്ചു കഴിഞ്ഞപ്പോ സഹിക്കാവയ്യാതെ വണ്ടിയിൽ വെച്ച്..” അമ്മ പുറത്തേക്കുള്ള നോട്ടം നിർത്തി എന്നെ നോക്കി. പറയുന്നതു കേട്ടപ്പോ കരുതി അമ്മ ഇരുന്നു കരയാണെന്ന്. അങ്ങനെയല്ല!. എല്ലാം ഓർമയിലുണ്ടല്ലോ? അത് മതി. കരഞ്ഞിട്ട് എന്ത് കിട്ടാനാണ്.
“അവൾ കരയുന്നൊന്നും ഇല്ലായിരുന്നു ഡാ. ഇതൊക്കെ കണ്ട് ഞാൻ എന്താ ചെയ്യാ എന്നറിയാതെ നിന്നു. എന്‍റമ്മ പിന്നേ കരഞ്ഞില്ലട്ടോ , അവളെ കണ്ടുപോലും കാണില്ല. കണ്ണടച്ചു കിടക്കായിരുന്നു. ഹോസ്പിറ്റലിൽ എത്തിയപ്പോഴും അങ്ങനെ തന്നെ. പക്ഷെ അനു.. അവളു കരഞ്ഞു ട്ടോ.. ” അമ്മ ചിരിച്ചു.വേദന അയവിറക്കുവാണ്.