മിഴി 8 [രാമന്‍]

Posted by

“മോനൂ……” പതിഞ്ഞ അമ്മയുടെ വിളി വീണ്ടും. ഇത്തവണ ഒരു നുള്ളും വയറിന്. ശ്വാസം കിട്ടാതെ പിടിയുന്ന പോലെ, ഉമ്മ കിട്ടാതെ പിടയെ? ഇതെന്ത് കഥ.?.കുറച്ച് കഴിഞ്ഞാൽ ചന്തിക്ക് രണ്ട് വര വീഴോന്ന് പേടിച്ചിരിക്കുമ്പോഴ, അമ്മയുടെ ഒരുമ്മ. മുഖം വാട്ടിയും,കവിള് വീർപ്പിച്ചും രണ്ടു വട്ടമെന്നെ നോക്കി.ഞാനനങ്ങിയില്ല.പിന്നേയും നുള്ളലായി.

“തരാ…….” ഗതിയല്ലാതെ ഞാനൊച്ചയില്ലാതെ പറഞ്ഞു.ഇളിച്ച ഒരു ചിരി മാത്രം. വേഗം തന്നെയാ തല, കയിൽ എടുത്തുകകൊണ്ട് കവിളിൽ അമർത്തിയുമ്മവെച്ചു.വിട്ടില്ല ഇത്തിരി നേരമാ കവിളിൽ ആഴ്ന്നെന്‍റെ ചുണ്ട് നിന്നു. ഇനിയുമ്മാന്ന് ചോദിക്കരുത്. മതിയായെന്ന് തോന്നിയപ്പോ അമ്മ തിരിച്ച് എനിക്കൊരുമ്മ കൂടെ. ഇന്നിത് എത്രാമത്തെ വട്ടമാണ?. കൈ മുറിച്ചാൽ ഇങ്ങനെയും കുറേ പ്രയോജനമുണ്ടല്ലേ?

തലപൊക്കി മുന്നോട്ട് നോക്കുമ്പോ,മിററിലൂടെ അച്ഛന്‍റെ ചെറിയൊരു നോട്ടമുണ്ട്. പടച്ചോനേ…. ഇന്നെന്‍റെ ശവമെടുക്കേണ്ടി വരുവോ?.

വണ്ടിയെങ്ങനെ വീടെത്താനായി. അമ്മയാണേൽ ഉറങ്ങാതെ എന്നോട് ചാരിയിരിക്കുന്നുണ്ട്. ആരുമൊന്നും മിണ്ടുന്നില്ല. ആകെയുള്ളത് അമ്മയുടെ വിരലുകളെന്‍റെ കയ്യിൽ മെല്ലെ താളമിടുന്നതാണ്.

പുറത്തേക്ക് കാണാത്ത വിധത്തിൽ മഴയാണ്. കാറിന്‍റെ മുകളിൽ, ചരൽ വാരി എറിഞ്ഞ പോലെയാണ് ഒച്ച. മിന്നലും നല്ലപോലെയുണ്ട്. പടത്തിനു നടുവിലൂടെ പോയി,വീട്ടിലേക്ക് തിരഞ്ഞപ്പോ,വൈപ്പർ തുടച്ച ഗ്ലാസ്സിലൂടെ.,ഒരു ഓട്ടോ വീട്ടിൽ നിന്ന് റോട്ടിലേക്ക് കേറിപ്പോവുന്നത് കണ്ടു.കുടുങ്ങിയോ? കുടുംബം മൊത്തമിനി ഇളകി വരുവോ? വീട്ടിലേക്ക് കേറുമ്പോ എന്താവുമവസ്ഥ. കല്യാണത്തിനുള്ള ആളുകളുണ്ടെങ്കിൽ ഇറങ്ങി ഓടുന്നതാണ് നല്ലത്.

അച്ഛന്‍ കാർ മെല്ലെ വീട്ടിലേക്കടുപ്പിച്ചു. ശ്വാസം വിടാതെ മുന്നിലെ ഗ്ലാസിലൂടെ അവിടുത്തെയവസ്ഥ നോക്കിയിരുന്നെനിക്ക്, ഇത്തിരി ആശ്വാസം വന്നു..ഒരു പട്ടിക്കുഞ്ഞു പോലുമില്ല. കെട്ടിയ പന്തലെല്ലാം അതേപോലെയുണ്ട്. ചെയറൊന്നും കാണുന്നില്ല .സൈഡിൽ കെട്ടിയിരുന്ന കർട്ടനൊക്കെ മാറ്റിയിട്ടുണ്ട്.

വണ്ടി നിർത്തി.ഹാൻഡ് ബ്രേക്ക് ഇട്ട ശബ്‌ദം കേട്ടപ്പോ, അമ്മയോന്നിളകി. എന്‍റെ മേത്തുനിന്ന് മാറി തന്നു. പിന്നെയുമാ ചിരി. അതാണേൽ നിർത്തുന്നില്ലല്ലോ?. എന്നേയിനി കൊല്ലാനുള്ള പ്ലാനെന്തേലുമുണ്ടോ? പേടിയാവുന്നുണ്ട്.

ഡോറുതുറന്ന് പുറത്തിറങ്ങി. വീടിന്‍റെ വാതിലൊക്കെ മലർക്കേ തുറന്ന് കിടക്കുന്നുണ്ട്. നല്ല മഴയാണ്. ഇടിയുടെ ശബ്‌ദം കൂടെ കേട്ടപ്പോ, വേഗം വന്നമ്മയെന്നെ ചേർന്നു നിന്നു.പേടിയാണോ അല്ലേൽ ഞാനൊരു രോഗിയായത് കൊണ്ടാണോ? എന്തേലുമാവട്ടെ. ഇത്തിരി വട്ടെല്ലാവർക്കും കൂടിയിട്ടുണ്ടെന്നുറപ്പാ. അച്ഛന് തിരിഞ്ഞു ഞങ്ങളെ ഒന്ന് നോക്കിയിട്ട് ദൃതിയിലുള്ളിലേക്ക് കേറിപ്പോയി. ആ മുഖം ന്താണാവോ ഇങ്ങനെ. ഞാൻ ചത്തിട്ടിന്നുമില്ലല്ലോ?

Leave a Reply

Your email address will not be published. Required fields are marked *