“സാറെ…….എന്തിനാണ് മാധവന് പിന്നാലെ എന്നെനിക്കറിയില്ല.പക്ഷെ മാധവനെ പൂട്ടാനുള്ള തെളിവുകൾ നിങ്ങളുടെ കയ്യിലുണ്ട്.അതുകൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ അല്ലെ ഇപ്പോൾ.”
“അതുകൊണ്ട്…..?എന്റെ പ്രശ്നങ്ങൾ എന്റേതുമാത്രമാണ്.അത് തീർക്കാൻ എനിക്കറിയാം.ആരുടെയും സഹായം ആവശ്യമില്ല.പ്രത്യേകിച്ച് നിങ്ങളുടെ.”
“സാറ് തെറ്റിദ്ധരിച്ചിരിക്കുന്നു.ഞാൻ മൂലം നിങ്ങൾക്ക് ഉപകാരമേ ഉണ്ടാകു
അതുകൊണ്ട് തന്നെ പറയുന്നത് കേൾക്കാനുള്ള മനസ്സ് കാണിക്കണം”
“മാധവൻ എന്റെ ശത്രുവാണ്.താങ്കൾ അയാളുടെ വളർത്തുമകനാണെന്ന് പറയുന്നു.മകനെന്ന നിലയിലാണ് ഞാൻ അറിഞ്ഞിട്ടുള്ളതും.അങ്ങനെ ഒരാളുടെ വാക്കുകൾ ഞാൻ എന്തിനു കേൾക്കണം?ഒക്കെ പോട്ടേ എങ്ങനെ ഞാൻ തന്നെ വിശ്വസിക്കും?”
“എന്റെ ഈ കുമ്പസാരത്തിന് എന്റെ ജീവനോളം വിലയുണ്ടിന്ന്.കൊള്ളാം അല്ലെങ്കിൽ തള്ളിക്കളയാം.എന്ത് വന്നാലും എനിക്ക് പിടിച്ചുനിന്നെ പറ്റൂ”
ഗോവിന്ദ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു
അവനോട് സംസാരിക്കുന്ന സമയം മുഴുവൻ രാജീവ് ഗോവിന്ദിന്റെ ശരീരഭാഷ ശ്രദ്ധിക്കുകയായിരുന്നു.
പതറാതെ,തന്റെ കണ്ണുകളിൽ നോക്കി സംസാരിക്കുന്ന ഗോവിന്ദിന് പറയാനുള്ളത് കേൾക്കാൻ തന്നെ അയാൾ തീരുമാനിച്ചു.ഇതിനിടയിൽ വാതിലിന് മറയിൽ നിന്നുകൊണ്ട് എത്തിനോക്കിയ ഭാര്യയോട് അകത്തുപോകുവാൻ ആംഗ്യം കാണിച്ചശേഷം ഗോവിന്ദിനേയും കൂട്ടി
തന്റെ ഓഫീസ് മുറിയിലേക്കിരുന്നു.
“ഇനി പറയ് തനിക്കെന്താ പറയാൻ ഉള്ളത്?അതുകൊണ്ട് ഞങ്ങൾക്ക് എന്തു പ്രയോജനം?”
“മാധവന്റെ അടുത്തുവരെയെത്തി നിങ്ങൾ.പക്ഷെ അവൻ വാ തുറന്നില്ല
കൂടാതെ മാധവൻ നിങ്ങളെ സമർത്ഥമായി പൂട്ടുകയും ചെയ്തു.”
“മ്മ്മ്മ് ശരിയാണ്,ഈ അവസ്ഥയിൽ
എന്നെ എങ്ങനെ നിങ്ങൾക്ക് സഹായിക്കാൻ കഴിയും.”
“അത്ര വലുതല്ല സർ…..ഒരു ചെറിയ വിവരം നൽകാൻ സാധിക്കും.അത് ഏത്രകണ്ട് പ്രയോജനപ്പെടും എന്ന് എനിക്കറിയില്ല.വേണ്ടവിധം ഉപയോഗിച്ചാൽ മാധവന്റെ പൂട്ട് പൊട്ടിക്കാം.”
“എന്താണത്?”
“സർ അന്വേഷിച്ചു പകുതിവഴിയിൽ നിൽക്കുന്ന കേസിനെക്കുറിച്ച് തന്നെ.
ഭൈരവൻ……….അവൻ വെട്ടുകൊണ്ട് വീണത് എവിടെയാണെന്ന് എനിക്ക് അറിയാം.”