ഹരി കണ്ണുതുറക്കുമ്പോൾ ആദ്യം ചുറ്റിനും ഇരുട്ടായിരുന്നു.. പിന്നെ പതുക്കെ പതുക്കെ കാഴ്ചകൾ തെളിഞ്ഞു വന്നു.
ബെഡിന് അരികിലിരിക്കുന്ന ട്രിപ്പ് സ്റ്റാൻഡ് കണ്ടു ഇത് ഹോസ്പിറ്റൽ ആണെന്ന് അവന് മനസ്സിലായി. കൈകൾ ഊന്നി ബെഡിൽ നിന്നും എഴുന്നേൽക്കാൻ നോക്കിയപ്പോൾ പകുതി എഴുന്നേറ്റ ശേഷം ആരോഗ്യം ഇല്ലാത്തതു കാരണം അവൻ വീട്ടിലേക്ക് വീണു.
റൂമിനകത്ത് എന്തോ ശബ്ദം കേട്ട് ഡോർ തുറന്ന് നോക്കിയ നേഴ്സ് ഹരി കണ്ണുതുറന്നത് കണ്ടു ഓടി അവൻറെ അടുത്ത് വന്നു.
ബെഡിലേക്ക് നേരെ പിടിച്ചു കിടത്തി നേഴ്സ് പറഞ്ഞു.
“ഞാൻ ഡോക്ടറെ വിളിച്ചിട്ട് വരാം, അതുവരെ ഇവിടെ തന്നെ കിടക്കണം.”
നേഴ്സ് അവിടെ നിന്നും പോയപ്പോൾ അവൻ ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു.
അവസാനമായി കാറ് ലോറിയുടെ നേരെ ഓടിക്കേറിയത് അവനു ഓർമ്മ വന്നു.
ഇത് എവിടെയാണെന്നോ എത്ര ദിവസമായി ബോധമില്ലാത്ത കിടക്കുകയാണെന്നോ അവനു മനസ്സിലായില്ല.
കുറച്ച് സമയത്തിനകം ഡോക്ടർ റൂമിലേക്ക് കയറി വന്നു. ഡോക്ടർ കൊപ്പം മായ ചേച്ചിയും ശരത്തും എല്ലാരും ഉണ്ടായിരുന്നു.
ഹരിയുടെ പൾസ് പരിശോധിക്കുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു.
“ഹരി രണ്ടാഴ്ചയായി ബോധമില്ലാതെ ഇവിടെ കിടക്കുകയാണ്.”
ഒരു ഞെട്ടലോടെ അവൻ ഓർത്തു.
“രണ്ടാഴ്ച.. അതായത് 14 ദിവസമായി ഒന്നുമറിയാതെ കിടക്കുകയായിരുന്നു താൻ.”
ഡോക്ടർ പറഞ്ഞതനുസരിച്ച് ഹരി കൈകളും കാലുകളും എല്ലാം അനക്കി. പിന്നെ ഓരോരുത്തരെയായി കാണിച്ചുകൊണ്ട് ഡോക്ടർ അവരുടെ പേരുകൾ ചോദിച്ചു.
ശരത്, മായ, അമ്മ എല്ലാ പേരുടെയും പേരുകൾ ഹരി പറഞ്ഞു. അവസാനം എല്ലാവരുടെയും പിന്നിൽ നിന്നിരുന്ന നീലിമയെ ഡോക്ടർ ചൂണ്ടിക്കാണിച്ചു.
ഹരി നീലിമയെ കുറച്ചുനേരത്തേക്ക് നോക്കി.
രണ്ടാഴ്ച കൊണ്ട് അവൾ ശരിക്കും കോലം കേട്ടിരിക്കുന്നു. വണ്ണം കുറഞ്ഞു, കവിളുകൾ ചെറുതായി ഒട്ടി, കണ്ണുകളിൽ കറുപ്പ് വീണിട്ടുണ്ട്.
എല്ലാപേരും ഹരിയെ തന്നെ ശ്രദ്ധിച്ചു. അത്രയും നേരം എല്ലാ പേരുടെയും പേരുകൾ പെട്ടെന്ന് പെട്ടെന്ന് പറഞ്ഞിരുന്ന ഹരി നിശബ്ദനായിരിക്കുന്നു.
നീലിമയുടെ കണ്ണുകൾ നിറഞ്ഞു.
ഹരി പെട്ടെന്ന് പറഞ്ഞു.
“നീലിമ..”
അത് കേട്ടതോടെ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി നിറഞ്ഞു.
ഡോക്ടർ പറഞ്ഞു.
“ഇനി പേടിക്കാനൊന്നുമില്ല.”