“എനിക്കങ്ങനെ ശരത്തേട്ടനോട് പറയാനാകില്ല.
അവൾ ഒരു ഞെട്ടലോടെ ചോദിച്ചു.
“അതെന്താ പറയാൻ ആകാത്തത്… ചേട്ടന് എന്നെ ഇഷ്ടമല്ലേ?.. പിന്നെ എന്താ പറഞ്ഞാൽ.”
മനസ്സിനെ കഠിനമാക്കിക്കൊണ്ട് ഹരി പറഞ്ഞു.
“അല്ല.. എനിക്ക് നിന്നെ ഇഷ്ടമല്ല.”
നീലിമ അത് വിശ്വസിക്കാനാകാതെ ഹരിയുടെ ഷർട്ടിൽ മുറുക്കി പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു.
“അല്ല.. ചേട്ടൻ ചുമ്മാ പറയുന്നതാ.”
കണ്ണുകൾ നിറയാതിരിക്കാൻ പണിപ്പെട്ടു കൊണ്ട് ഹരി പറഞ്ഞു.
“അല്ല.. എൻറെ മനസ്സിൽ ഇപ്പോഴും ജെസ്സി ആണ്. അവൾക്ക് പകരം വേറെ ആരെയും സ്നേഹിക്കാൻ എനിക്ക് ആവില്ല.”
അതുകേട്ട നീലിമ ഹരിയുടെ ഷർട്ടിൽ നിന്നും പിടിപെട്ടു എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ ബെഡിലേക്ക് ഇരുന്നു.
വളരെയേറെ സമയം അവർക്കിടയിൽ നിശബ്ദത തളംകെട്ടി. അവസാനം എന്തോ തീരുമാനിച്ചിട്ടുണ്ട് നീലിമ പറഞ്ഞു.
“എൻറെ എൻഗേജ്മെൻറല്ലേ കഴിയുന്നുള്ളൂ.. കല്യാണത്തിന് പിന്നെയും മാസങ്ങളുണ്ട് അതുവരെ ചേട്ടൻറെ മനസ്സ് മാറാൻ ഞാൻ കാത്തിരിക്കും, എന്നിട്ടും മനസ്സ് മാറുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യണമെന്ന് എനിക്കറിയാം.”
ഓർമ്മകൾ മനസ്സിൽ കൂടി കടന്നു പോയപ്പോൾ അറിയാതെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
ഹരി പെട്ടെന്ന് അടുക്കി കൊണ്ടിരുന്ന കസേരയിൽ നിന്നും പിടിവിട്ടു കണ്ണുകൾ തുടച്ചു.
പെട്ടെന്ന് പിന്നിൽ നിന്നും മായയുടെ ശബ്ദം.
“ഹരി.. ചിന്നുവിനെ ഒന്നെടുത്ത് ഞാനിപ്പോൾ വരാം.”
ഹരി തിരിഞ്ഞുനിന്ന് ചിന്നുവിൻറെ നേരെ കൈ നീട്ടി. അവൾ മായയുടെ കയ്യിൽനിന്നും അവൻറെ കയ്യിലേക്ക് ചാടി.
ആദ്യമൊന്നും ചിന്നു ഹരിയുടെ അടുത്ത് പോകില്ലായിരുന്നു, പക്ഷേ ഇപ്പോൾ ദിവസേന കണ്ടുകണ്ട് അവർ പരിചയക്കാരായി.
കൊച്ചിനെ കൈമാറുന്നതിനിടയിൽ മായ അവൻറെ കണ്ണുകളിലേക്ക് നോക്കി.
“എന്താടാ കണ്ണുകൾ ചുവന്നു കിടക്കുന്നത്?”
അവൻ ഒന്ന് തപ്പിത്തടഞ്ഞ ശേഷം പറഞ്ഞു.
“ഉറക്കം ശരിയാകാഞ്ഞിട്ടാകും.”
അതുകേട്ട് അടുത്തുണ്ടായിരുന്ന ശരത് പറഞ്ഞു.
“എങ്ങനെ ഉറക്കം ശരിയാകാനാ.. രണ്ടുദിവസമായി എൻഗേജ്മെൻറ് കാര്യങ്ങളുമായി എൻറെ കൂടെ തന്നെ അല്ലായിരുന്നോ അവനും. എനിക്കും ഇന്ന് രാത്രി വേണം നല്ലപോലെ ഒന്ന് ഉറങ്ങാൻ.”