ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായ നീലിമ പുഞ്ചിരിച്ചു.
“ഞാൻ പോയി കുളിച്ച് ഡ്രസ്സ് മാറി വരുമ്പോഴേക്കും നീയും റെഡിയാക്.”
റൂമിൽ നിന്നും ഇറങ്ങി നടക്കുന്നതിനിടയിൽ ഹരി പിടിച്ചു പറഞ്ഞു.
“അതെ കുളിക്കേണ്ട കേട്ടോ..”
ഡോക്ടറെ കണ്ട് തിരികെ ഫ്ളാറ്റിലെത്തി ലിഫ്റ്റിൽ നിന്നും ഇറങ്ങിയ റൂമിലേക്ക് നടക്കുകയായിരുന്നു ഹരിയും നീലിമയും. പനി അവളുടെ ശരീരത്തെ നന്നായി തളർത്തിയിരുന്നതുകൊണ്ടുഹരി അവൾക്കൊരു താങ്ങായി കയ്യിൽ മുറുകെ പിടിച്ചാണ് നടക്കുന്നത്. അവൻറെ കയ്യിൽ ഒരു കവറും ഉണ്ട്. അത് രാവിലെ കഴിക്കാനുള്ള ബ്രേക്ഫാസ്റ്റ് ആണ്.
ഡോക്ടർ പറഞ്ഞത് പനി കുഴപ്പമൊന്നുമില്ല നല്ലപോലെ റസ്റ്റ് എടുത്താൽ മാറിക്കൊള്ളും എന്നാണ്. കുറച്ച് ടാബ്ലെറ്റ് തന്നിട്ടുണ്ട്.
ഡോർ തുറന്ന് അകത്തേക്ക് കയറിയ ഹരി നീലിമയെ ഡൈനിംഗ് ടേബിളിന് അടുത്തുള്ള കസേരയിൽ ഇരുത്തി. എന്നിട്ട് കയ്യിലെ പൊതി ടേബിളിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ ഓഫീസിൽ പോയിട്ട് ഉച്ചയ്ക്ക് വരും.. അപ്പോഴേക്കും ഇത് കഴിച്ചിട്ട് പോയി കിടന്ന് ഉറങ്ങിക്കോ.”
സമയം ലേറ്റ് ആയതിനാൽ കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ ഹരി പുറത്തേക്ക് നടന്നു.
ഡോറിന് അടുത്തെത്തിയ അവൻ പറഞ്ഞു.
“ഡോർ ഞാൻ പുറത്തു നിന്നും പൂട്ടി കൊള്ളാം, പിന്നെ കഴിച്ചിട്ട് മാത്രമേ കിടക്കാവൂ.”
അവളതു കേട്ട് പുഞ്ചിരിച്ചു.
അവൻറെ സ്വരത്തിൽ നിന്നും ആഹാരം കഴിക്കണം എന്ന ആജ്ന അല്ലായിരുന്നു അവൾ കേട്ടത്. തന്നോടുള്ള സ്നേഹവും കരുതലും ആയിരുന്നു അവൾ മനസ്സിലാക്കിയത്.
ഹരി റൂം പൂട്ടി പോയപ്പോൾ നീലിമ പൊതി തുറന്ന് കഴിച്ചുതുടങ്ങി. ദോശയും ചമ്മന്തിയും ആണ്. ആഹാരത്തിന് ഒരു ടേസ്റ്റ് അവൾക്ക് തോന്നിയില്ല. പകുതി കഴിച്ചു ബാക്കി കൊണ്ട് കളഞ്ഞശേഷം അവൾ റൂമിലേക്ക് പോയി കിടന്നു.
കിടന്നത് മാത്രമേ അവൾക്ക് ഓർമ്മയുള്ളൂ, അഗാധമായി ഉറക്കത്തിലേക്ക് അവൾ ആഴ്ന്നിറങ്ങി.
നെറ്റിയിൽ എന്തോ തണുപ്പ് അറിഞ്ഞാണ് അവൾ കണ്ണുകൾ തുറന്നത്. നോക്കുമ്പോൾ നെറ്റിയിൽ കൈവെച്ച് നോക്കുന്ന ഹരി.
“എന്തു ഉറക്കമാണ് ഇത്.. മണി 2 ആകാറായി.”
അവളുടെ കണ്ണുകൾ ഭിത്തിയിലെ ക്ലോക്കിലേക്ക് നീങ്ങി.
ശരിയാ രണ്ടു മണി ആയിരിക്കുന്നു. കിടന്നത് മാത്രമേ ഓർമ്മയുള്ളൂ.