വീണയുടെ ആർത്ത നാദം അവിടെ മുഴങ്ങി.
“അന്ന് തന്നെ ചത്തൊടുങ്ങിയാൽ മതിയായിരുന്നു…എങ്കിൽ ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു”
ദേഷ്യത്തോടെ ശ്രീക്കുട്ടി മുഷ്ടി ചുരുട്ടി ബെഡിൽ ഇടിച്ചു.
അനിയന്ത്രിതമാംവിധം കോപം അവളെ കീഴ്പ്പെടുത്തിയിരുന്നു.
അവളിൽ ആശ്വാസ വാക്കുകൾ ചൊരിയാൻ ആർക്കും കഴിഞ്ഞില്ല.
കാരണം ആ കോപത്തെ തണുപ്പിക്കാൻ ആശ്വാസ വാക്കുകൾക്ക് കഴിയുമായിരുന്നില്ല.
ഏതു നിമിഷവും പൊട്ടി തെറിക്കാൻ വെമ്പുന്ന അഗ്നിപർവതം പോലെ അവൾ പുകഞ്ഞു കൊണ്ടിരുന്നു.
പുറത്തേക്ക് പോയ അരുണിന്റെ ഒരു വിവരവും ഇല്ലായിരുന്നു.
ഫോൺ ആണെങ്കിൽ ഔട്ട് ഓഫ് കവറേജും.
വൈകുന്നേരമായപ്പോൾ അവർ ആശുപത്രിയിലെ പ്രോസീജേസ് കംപ്ലീറ്റ് ചെയ്ത് ഡിസ്ചാർജ് വാങ്ങി.
വീണ്ടും ഒരു ആശുപത്രി വാസത്തിന് അറുതി വരുത്തിക്കൊണ്ട് അവൾ അവർക്കൊപ്പം യാത്രയായി.
വരുണിന്റെ വീടായ നഭസ്സിലേക്കായിരുന്നു അവർ എത്തിയത്.
കാറിൽ നിന്നും ആ വീട്ടു മുറ്റത്ത് ഇറങ്ങിയതും ഒരിളം തെന്നൽ തന്നെ തഴുകി തലോടുന്ന പോലെ ശ്രീയ്ക്ക് അനുഭവപ്പെട്ടു.
ഒരുപക്ഷെ അത് വരുണേട്ടാനാവാം.
ആ കാറ്റിനു പോലും ഏട്ടന്റെ വിയർപ്പ് ഗന്ധം പേറുന്ന പോലെ.
അവളുടെ കണ്ണുകൾ തെക്കേ തൊടിയിൽ പുതുതായി കഴിപ്പിച്ച അസ്ഥി തറയിലേക്ക് നീണ്ടു.
അത് കണ്ടതും അറിയാതെ അവളുടെ പാദങ്ങൾ അങ്ങോട്ടെക്ക് സഞ്ചരിച്ചു.
അവിടമാകെ ആരോ വൃത്തിയാക്കിയിട്ടുണ്ട്.
പാതി എരിഞ്ഞു തീർന്ന തിരിയും എണ്ണ വറ്റിയ ചിരാതും അവിടെ കാണാമായിരുന്നു.
അതിലേക്ക് തല ചായ്ച്ചുകൊണ്ട് ശ്രീക്കുട്ടി മിഴികൾ പൂട്ടി വച്ചു.
വരുണിന്റെ മടിയിൽ കിടക്കുന്ന അനുഭൂതി ആയിരുന്നു അവളിൽ.
കാലുഷമായ ആ മനസിനെ അത് പയ്യെ കുളിരണിയിച്ചു കൊണ്ടിരുന്നു.
കാതിൽ വരുണിന്റെ നിശ്വാസങ്ങളും സ്വരങ്ങളും മാത്രമായിരുന്നു.
എപ്പോഴും പുഞ്ചിരിച്ചു മാത്രം കാണുന്ന വെള്ളാരം കണ്ണുകളുള്ള മുഖം.
തന്റെ വരുണേട്ടൻ.