അരൂപി 2 [ചാണക്യൻ] [Climax]

Posted by

“ഒരു താലി ചരടിന്റെ ബലത്തിൽ നിങ്ങളുടെ വാലിൽ കെട്ടാൻ എന്നെ നോക്കണ്ട..എനിക്ക് എന്റെതായ ഇഷ്ടങ്ങളുണ്ട്”

“ശരി സമ്മതിച്ചു…നിനക്ക് നിന്റെതായ ഇഷ്ടങ്ങളുണ്ട്..പക്ഷേ ഞാൻ നിന്റെ ഭർത്താവാണ്..നിന്നിൽ എനിക്ക് ഒരു അധികാരവുമില്ല എന്നാണോ നീ പറഞ്ഞു
വരുന്നത്?”

അരുൺ സംശയത്തോടെ പുരികമുയർത്തി കൊണ്ട് അവളെ തുറിച്ചു നോക്കി.

“എന്റെ മനസ്സിൽ നിങ്ങൾക്ക് ഒരു സ്ഥാനവുമില്ല.. ഒഫീഷ്യലായി ഞാൻ ചിലപ്പോൾ നിങ്ങളുടെ ഭാര്യ ആയിരിക്കാം..പക്ഷേ എന്റെ മനസ്സിൽ വരുണേട്ടൻ മാത്രമേയുള്ളൂ..അത് എന്നും അങ്ങനെ തന്നെ ആയിരിക്കും”

ശ്രീക്കുട്ടിയുടെ വാക്കുകൾ അരുണിന്റെ മനസ്സിൽ കൂരമ്പുകൾ പോലെ പാഞ്ഞു കയറി.

നെഞ്ചിൽ നിന്നും ചുടുചോര ചീന്തി.

എന്നാൽ അന്ധമായ പ്രണയം കൊണ്ട് കണ്ണിൽ ഇരുട്ടു കയറിയ ശ്രീക്കുട്ടിക്ക് അരുണിന്റെ സ്നേഹത്തിന്റെ ആഴം തിരിച്ചറിയാൻ സാധിച്ചില്ല.

അവൻ ഒന്നുമുരിയാടാതെ പുറത്തേക്ക് ഇറങ്ങി പോയി.

ശ്രീക്കുട്ടി ആകെ മടുപ്പോടെ റൂമിൽ ബെഡിൽ അമർന്നിരുന്നു.

അപ്പോഴാണ് തന്റെ ഫോണിനെ കുറിച്ചുള്ള ബോധം അവൾക്ക് ഉണ്ടാകുന്നത്.

അമ്മയുടെ കൈവശം ഉള്ള ഫോൺ അവൾ തിരികെ വാങ്ങി.

ഒരു വർഷമായിട്ട് ഉപയോഗശൂന്യമായ നിലയിലായിരുന്നു ആ ഫോൺ.

ആക്സിഡന്റ് സമയത്ത് അതിന്റെ ഡിസ്പ്ലേയിൽ ചിലന്തിവല സൃഷ്ടിക്കപ്പെട്ടിരുന്നു.

എങ്കിലും ഒരു കുഞ്ഞു പ്രതീക്ഷയോടെ അവൾ ആ ഫോണിൽ ചാർജ് ചെയ്യാൻ ആരംഭിച്ചു.

ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം അവളുടെ ഫോൺ ഓൺ ആയി.

ഡിസ്പ്ലേയിൽ തെളിഞ്ഞുവന്ന വാൾ പേപ്പറിൽ ആണ് അവളുടെ കണ്ണുകൾ
പൊടുന്നനെ പതിഞ്ഞത്.

വരുണേട്ടന്റെ മടിയിൽ അള്ളിപിടിച്ചിരുന്നു ആ കവിളിൽ ചുംബിക്കുന്ന തന്റെ ചിത്രം.

ആ ചിത്രം കണ്ടതും ഏറെ നൊമ്പരമാണ് അവളുടെ മനസ്സിലേക്ക് ഓടിയെത്തിയത്.

പക്ഷേ ഇനി ഒരിക്കലും ഏട്ടന് വേണ്ടി കരയില്ലെന്ന് ശ്രീക്കുട്ടിയും ദൃഢപ്രതിജ്ഞ എടുത്തിരുന്നു.

കാരണം താൻ ഇങ്ങനെയൊരു തൊട്ടാവാടി യാകുന്നത് ഏട്ടന് താങ്ങാനാവില്ല.

ഒരിക്കലും ഏട്ടന്റെ അനിയനെ ആ സ്ഥാനത്തേക്ക് തനിക്ക് കാണാൻ കഴിയില്ല.

ഒരു വിധവയെ പോലെ ഏട്ടന്റെ ഓർമകളിൽ താൻ ജീവിക്കും.

എന്നെങ്കിലുമൊരിക്കൽ ഏട്ടൻ വരും.

Leave a Reply

Your email address will not be published. Required fields are marked *