യാത്രയുടെ സമയത്ത് അവൾക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാവരുതെന്ന് അവനു നിർബന്ധമുണ്ടായിരുന്നു.
ശ്രീ യാത്രയാകുന്ന ദിവസം അടുക്കുംന്തോറും നെഞ്ചിനുള്ളിൽ കൂടി വരുന്ന പിടപ്പ് ആരും കാണാതെ മറച്ചു വയ്ക്കാൻ അവൻ പാടു പെട്ടു.
പക്ഷെ നിയന്ത്രണം വെട്ടിച്ചു ഒഴുകുന്ന കണ്ണുനീരിനെ തടയാൻ അവന് സാധിച്ചില്ല.
കാറ്റിനനുസൃതമായി മരച്ചില്ലയിൽ നിന്ന് ഏതു നിമിഷവും താഴേക്ക് പതിക്കാവുന്ന കിളി കൂടിനെ പോലെ ആടിക്കൊണ്ടിരിക്കുന്ന അവന്റെ മനസിനെ തിരിച്ചറിഞ്ഞത് ചിന്മയി മാത്രമായിരുന്നു.
എല്ലാം വേദനകളും ഒളിപ്പിച്ചു വച്ചുള്ള അരുണിന്റെ പുഞ്ചിരി പലപ്പോഴും അവളെയും നോവിച്ചു.
അങ്ങനെ ശ്രീക്കുട്ടി യാത്രയാകുന്നതിന്റെ തലേ ദിവസം വീട്ടിൽ എല്ലാരും ഒത്തു കൂടിയിരുന്നു.
ശ്രീയുടെ നിർബന്ധമായിരുന്നു അത്.
ജാനകിയമ്മയും വീണയും ചിന്മയിയും ഒക്കെ നെയ്യപ്പവും ചമ്മന്തിപ്പൊടിയും അങ്ങനെ മറ്റു കുറെ നുറുങ്ങുകൾ പാചകം ചെയ്യുന്ന തിരക്കിലുമായിരുന്നു.
രാവിലെ തൊട്ടേ അരുൺ തിരക്കിലായിരുന്നു.
വീട്ടിൽ വരുന്ന അതിഥികളെ സ്വീകരിക്കാനും നാളെ പോകാനുള്ള കാർ കഴുകിയിടാനുമൊക്കെ അവൻ സമയം കണ്ടെത്തിക്കൊണ്ടിരുന്നു.
അരുണിന്റെ കഷ്ടപ്പാട് ശ്രീക്കുട്ടിയും ശ്രദ്ധിക്കാതിരുന്നില്ല.
അന്ന് വൈകുന്നേരം വരെ വീട് മുഴുവൻ ആൾമയമായിരുന്നു.
ശ്രീയുടെ കുറെ കൂട്ടുകാരും എത്തിയിട്ടുണ്ടായിരുന്നു.
രാത്രിയിലെ വെടി വട്ടത്തിന് ശേഷം എല്ലാവരും അവരുടെ റൂമുകളിലേക്ക് പോയി.
ജാനകിയമ്മയും വീണയും അവസാനവട്ട പലഹാര നിർമാണത്തിനായി അടുക്കളയിൽ തന്നെ തമ്പടിച്ചു.
കുറെ നേരം അവരെ സഹായിച്ച ശേഷം അരുൺ നേരെ റൂമിലേക്ക് പോന്നു.
അവിടെ ബെഡിൽ വരുണിന്റെ ഫോട്ടോയും കെട്ടിപിടിച്ചു കിടക്കുന്ന ശ്രീയെ കണ്ടതും അവന് സങ്കടം തോന്നി.
വരുണിനെ സ്നേഹിച്ചതിന്റെ നൂറിലൊന്നു പോലും തന്നെ സ്നേഹിക്കാത്തത്തിൽ അവന് പരിഭവമായിരുന്നു.
പക്ഷെ എല്ലാവരെയും വിട്ടു ദൂരേക്ക് പോകാനുള്ള ശ്രീയുടെ തീരുമാനം അവന് കിട്ടിയ തിരിച്ചടിയായിരുന്നു.
ശ്രീയുടെ മാറോടു ചേർന്നുള്ള ഫോട്ടോ പതുക്കെ എടുത്തു മാറ്റി വച്ച ശേഷം പുതപ്പ് എടുത്ത് അവളെ നന്നായി പുതപ്പിച്ചു.
ഒരു കൊച്ചു കുഞ്ഞിന്റെ ഭാവത്തോടെ ഉറങ്ങുന്ന ശ്രീയെ കണ്ട് അരുണിന് വാത്സല്യം തോന്നി.