അന്ന ബൺസിന്റെ “മിൽക്ക്മാൻ”എന്ന കൃതി.അവൻ അടയാളമിട്ടു വച്ചിരുന്ന പേജ് മറിച്ചു.അതിലെ വരികളിലൂടെ അവന്റെ നയനങ്ങൾ സഞ്ചരിച്ചു.
പ്രിൻസിപ്പൽ രേവതി ടീച്ചറുടെ മുന്നിൽ വൃന്ദയും ശരത്തും അടികിട്ടിയ കുട്ടിയും സാക്ഷികളായി രണ്ടുപേരും.സാക്ഷിമൊഴിയും വൃന്ദയുടെ നിലപാടും അവനെതിരെ നിന്നു.
എന്താ ശരത്തെ.ഇങ്ങനാണോ ബീഹെവ് ചെയ്യേണ്ടത്.
അത് ടീച്ചറെ ഞാൻ…..ഇവൻ അനാവശ്യം പറഞ്ഞതുകൊണ്ടാ
പറഞ്ഞാൽ നീ കേറി അടിക്കുവോ?വൃന്ദ കലിപ്പിച്ചുകൊണ്ട് ചോദിച്ചു.
എന്റെ ടീച്ചറെ പിടിച്ചുമാറ്റിയില്ലാരുന്നേൽ ഇന്നിവനെ കൊന്നേനെ.ഇങ്ങനെയുള്ളവനൊന്നും പഠിക്കാതിരിക്കുവാ നല്ലത്.
വൃന്ദടീച്ചറെ.ഇവനെ എനിക്കറിയാം. ആദ്യമായാ ഇങ്ങനെ ഒരു പ്രശ്നം. ഇതിവിടെ തീരത്തൂടെ.
പറ്റില്ല ടീച്ചറെ,എന്റെ മുന്നിൽ വച്ചാ ഇവൻ. ഞാൻ പറഞ്ഞിട്ടും ഒരു കൂസലും ഉണ്ടായിരുന്നില്ല.ആക്ഷൻ എടുക്കണം. അടുത്തയാഴ്ച്ച എക്സാം തുടങ്ങുവല്ലേ.എഴുതിക്കണ്ട.അതുവരെ ഇവനെ പുറത്തു നിർത്തണം.
അത്രേം വേണോ ടീച്ചറെ.
വേണം.ഇല്ലേൽ ഇവനെപ്പോലെയുള്ളവൻ ഒന്നും നന്നാവില്ല.
രേവതി ചിന്താകുലയായി.ഒടുവിൽ ശാഠ്യത്തിനു വൃന്ദയുടെ ഭാഗം അംഗീകരിച്ചു.ഓണം വെക്കേഷൻ തീരുന്നതുവരെ ശരത് സ്കൂളിന് പുറത്ത്.
………….
പതിവില്ലാതെ ഉച്ചക്കുതന്നെ വീട്ടിലെത്തിയ ശരത്തിനോട് അമ്മ കാരണം തിരക്കി.
ഒന്നുല്ല അമ്മേ. സ്കൂളിൽ ഒരു കുട്ടിയുമായി വഴക്കിട്ടതിന് പുറത്താക്കി.ഇനി ഓണം കഴിഞ്ഞേ കേറ്റു.
എന്ത് പ്രശ്നടാ മോനെ?പരീക്ഷയല്ലേ എഴുതാതെയിരുന്നാൽ എങ്ങനാ.രമണിക്ക് ആധികയറി.
പോട്ടമ്മേ,ഞാൻ അങ്ങോട്ട് പോയി വഴക്കുണ്ടാക്കിയതല്ല.അവൻ ഇങ്ങോട്ടാ വന്നേ. സഹികെട്ടിട്ടാ അടിയുണ്ടാക്കിയെ.
എന്നാലും നിനക്ക് അതിന്റെ വല്ല ആവശ്യോം ഉണ്ടാരുന്നോ.ഇനി ഇപ്പൊ എന്തൊക്കെയാകുവോ എന്തോ.എനിക്കൊരു എത്തുംപിടീം കിട്ടണില്ല.
അമ്മ വിഷമിക്കാതെ.ഓണം കഴിയണവരെ പോവണ്ട.ഒരാഴ്ച്ച അല്ലെയുള്ളൂ പരീക്ഷക്ക്.ഇത് വലിയപരീക്ഷ ഒന്നുമല്ലല്ലോ.പേടിക്കാതിരിക്ക്.