മൃഗം 17 [Master]

Posted by

സക്കീറിന് കോപം നുരച്ചുപൊന്തി എങ്കിലും അയാള്‍ പ്രതികരിച്ചില്ല. പ്രതികരിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല അയാള്‍. നല്ല കടുപ്പത്തില്‍ മൂന്നു പെഗ് ചെലുത്തി കുഴഞ്ഞ പരുവത്തിലായിരുന്നു അയാള്‍. വാസുവുമായി നടത്തിയ സംഘട്ടനം അയാളെ വല്ലാതെ തളര്‍ത്തിയിരുന്നു; മാനസികമായും ശാരീരികമായും.
“ഇക്കാ നോക്കിക്കേ ആരാ വന്നേക്കുന്നതെന്ന്. ഇക്ക ഇവിടിരി. ഇവന്റെ കഴപ്പ് ഞങ്ങള് തന്നെ തീര്‍ത്തേക്കാം. വാടാ..”
വാസുവിനെ കണ്ടപ്പോള്‍ ഷാജിയുടെ പ്രധാന ശിങ്കിടി പറഞ്ഞു. അവന്‍ ചാടി എഴുന്നേറ്റ് മുന്‍പോട്ടു നടന്നപ്പോള്‍ അവന്റെ കൂടെ ഉണ്ടായിരുന്നവരും നിമിഷനേരം കൊണ്ട് അവന്റെയൊപ്പം ചെന്നു. അവര്‍ വരുന്നത് കണ്ട ഡോണ താഴെയിറങ്ങി. വാസു ബൈക്കില്‍ത്തന്നെ ഇരുന്നതെയുള്ളൂ. ഷാജിയുടെ കിങ്കരന്മാര്‍ അവന്റെ ചുറ്റും നിരന്നു.
“എന്താടാ? എന്താ നിനക്കിവിടെ കാര്യം?” കൂട്ടത്തില്‍ നേതാവ് ഷര്‍ട്ടിന്റെ കൈ ചുരുട്ടി മേലേക്ക് കയറ്റിക്കൊണ്ട് ചോദിച്ചു.
“ഷാജിയെ ഒന്ന് കാണണം..വിളി” അവന്റെ മുഖത്തേക്ക് നോക്കി വാസു പറഞ്ഞു.
“ഒടനെ വിളിക്കാമെടാ കോപ്പ..പക്ഷെ തല്‍ക്കാലം നീ ഇതുപിടി”
അവന്റെ മുഷ്ടി വാസുവിന്റെ മുഖം ലാക്കാക്കി പാഞ്ഞുവന്നു. വാസു ഒരു വശത്തേക്ക് മിന്നല്‍ പോലെ മുഖം മാറ്റി അവന്റെ കൈയില്‍ ശക്തമായി പിടിച്ചു. ആ പിടുത്തത്തില്‍ തന്നെ അവന്‍ വേദന കൊണ്ട് പുളഞ്ഞു പോയിരുന്നു.
“ഡാ മാക്രീ..എനിക്ക് തല്ലാനും പിടിക്കാനും ഇപ്പോള്‍ ഒരു മൂഡില്ല. നീ ഷാജിയെ വിളിക്ക്..അല്ലേല്‍ വേണ്ട ഞാന്‍ തന്നെ വിളിക്കാം” അങ്ങനെ പറഞ്ഞിട്ട് വാസു പിന്നിലേക്ക് നോക്കി ഉറക്കെ വിളിച്ചു:
“ടാ ഷാജിയെ..ടാ..ഒന്നിങ്ങോട്ടു വന്നെ..ദേ ഇവന്മാരെ നീ അങ്ങോട്ട്‌ വിളി..നീ മാത്രം വന്നാ മതി”
“എടാ ഷാജി..അടിച്ച് ഒടിക്കടാ ഈ പന്നീടെ മോനെ”
ചാരുകസേരയില്‍ കിടന്ന സക്കീര്‍ ക്രോധത്തോടെ അലറി. അതുകേട്ടപ്പോള്‍ ഷാജി ഗ്ലാസ് കാലിയക്കിയിട്ട് എഴുന്നേറ്റ് ചെന്നു.
“അവനെ വിട്ടേരടാ..” ഷാജി വാസുവിനോട് പറഞ്ഞു.
“ഷാജി മോനെ..ഈ കള്ളപ്പന്നി രണ്ടുകാലില്‍ ഇവിടുന്നു തിരിച്ചു പോകരുത്. വെട്ടി അരിയടാ നായിന്റെ മോനെ” സക്കീര്‍ കോപാക്രാന്തനായി വീണ്ടും അലറി.
വാസു അവന്റെ കൈ വിട്ടശേഷം ബൈക്കില്‍ ഇരുന്നുകൊണ്ടുതന്നെ അത് സ്റ്റാന്റില്‍ വച്ചു. പിന്നെ പുറത്തിറങ്ങി അവനെ അടിക്കാന്‍ ശ്രമിച്ചവന്റെ കരണം തീര്‍ത്ത് ഒന്ന് കൊടുത്തു. അവന്‍ ഒരു നിലവിളിയോടെ താഴെവീണു ബോധരഹിതനായി. അവന്റെ കൂടെ ഉണ്ടായിരുന്നവര്‍ ആ അടിയും, അവന്‍ വീണ വീഴ്ചയും കണ്ടു ഗുണ്ടകള്‍ ആയിട്ടുകൂടി വിറച്ചുപോയി.
“മാറി നില്‍ക്കിനെടാ” വാസു അവന്മാരെ നോക്കി മുരണ്ടു. അവര്‍ മെല്ലെ പിന്നിലേക്ക് മാറി.
“വാടാ..നിന്റെ തന്തപ്പടിയുടെ മോഹം അങ്ങ് തീര്‍ത്ത്‌ കൊടുത്തേക്ക്..വാ” വാസു ഷാജിയെ വെല്ലുവിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *