വശീകരണ മന്ത്രം 14 [ചാണക്യൻ]

Posted by

സ്……. സ്…….. സ്……….. സ്..

ഇത്തവണ നാഗം അനന്തുവിന് വേണ്ടി വന്നതാണെന്ന് ദുർ ഭൂതത്തിന് മനസിലായി.

അവനെ വിട്ട് തരാനാണ് അത്‌ തന്നോട് കൽപ്പിക്കുന്നത്.

എന്നാൽ പിടി വിടാതെ പുച്ഛത്തോടെ ആ ദുർ ഭൂതം നാഗത്തിന് നേരെ തീ ഗോളമെറിഞ്ഞു.

എന്നാൽ ആ തീഗോളത്തെ ആ നാഗം തന്റെ കണ്ണുകളിലൂടെ ആവാഹിച്ച് ഇല്ലാതാക്കി.

അതുകണ്ടു കലിപൂണ്ട ദുർഭൂതം അനന്തുവിനെ ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് നാഗത്തിന് നേരെ കുതിച്ചു.

ഇത് കണ്ട നാഗം വായ തുറന്ന് നാവു നീട്ടി തന്റെ ഉഗ്രവിഷം ആ ദുർ ഭൂതത്തിന് നേരെ തുപ്പി.

കൊടിയ വിഷം വന്നു പതിച്ചതും ആ ദുർഭൂതത്തിന്റെ നിലവിളി നിമിഷ നേരത്തേക്ക് അവിടെ മുഴങ്ങി.

ശേഷം അത്‌ കരിഞ്ഞില്ലാതായി.

പൊടുന്നനെ ആ കരിഞ്ഞ അവശിഷ്ടങ്ങളിൽ നിന്നും ദിവ്യമായ ഒരു പ്രകാശം സൃഷ്ടിക്കപ്പെട്ടു.

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം.

അത്‌ പാറി വന്നു ആ നാഗത്തിന്റെ വൈര കണ്ണുകളിൽ ലയിച്ചു.

ശേഷം ആ നാഗം പതിയെ അനന്തുവിന് നേരെ തിരിഞ്ഞു.

അവിടെ കരിയിലകൾക്ക് മുകളിൽ ജീവന്റെ അവസാന കണികയും വേർപെടാനെന്ന പോലെ അനന്തുവിന്റെ നിശ്ചല ദേഹം കിടക്കുന്നു.

കൈ കാലുകളിലും മുഖത്തും ഒക്കെയായി പോറലേറ്റിട്ടുണ്ട്.

അതിൽ ചോരയുടെ ലാഞ്ചന കാണാം.

ആ നാഗം തന്റെ ഭീമാകാരമായ വലിപ്പം പതിയെ ലഘുകരിച്ചുകൊണ്ടു അനന്തുവിന് സമീപം ഇഴഞ്ഞെത്തി.

ഇപ്പൊ അതിനു 18 അടി നീളമെങ്കിലും കാണും.

ആ നാഗം പതിയെ അതിന്റെ ഫണം താഴേക്ക് നീട്ടി നാവ് വെളിയിലേക്ക് ഇട്ടു.

അതോടൊപ്പം അതിന്റെ ശീൽക്കാരം അവിടെ മുഴങ്ങി.

അനന്തുവിന്റെ മുഖത്തിന് നേരെ ഫണം എത്തിയതും നാഗം നാവ് നീട്ടി അവന്റെ തിരുനെറ്റിയിൽ ഒന്ന് സ്പർശിച്ചു.

നാവിന്റെ സ്പർശനം ഏറ്റതും അനന്തുവിന്റെ ഉടലിലെ പോറലുകൾ നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമായി.

അവന്റെ ചെറുവിരൽ പതിയെ ഒന്നനങ്ങി.

അവന്റെ ദേഹത്തവശേഷിച്ച ജീവന്റെ അവസാനത്തെ കണിക ക്രമേണ ഇരട്ടിയായി തുടങ്ങി.

ആ സമയം ആ നാഗത്തിന്റെ വൈരക്കണ്ണുകളിൽ മാതൃവാത്സല്യം ആണ് നിറഞ്ഞു നിന്നത്.

അനന്തുവിൽ ചെറിയ അനക്കങ്ങൾ ഉണ്ടായി തുടങ്ങിയതും ആ നാഗം പതിയെ കുറ്റിച്ചെടികൾക്കിടയിലേക്ക് പിൻവലിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *