ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Posted by

“ഹോ എന്റെ ആദി മാഷേ ഇത് വെള്ളമല്ല വോഡ്കയാണ് നല്ല ഒന്നാന്തരം വോഡ്ക ”

ചിരിക്കിടെ ടോണി എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു

“വോഡ്‌കയോ? ”

ആദി ഒന്നും മനസിലാവാതെ തല ചൊറിഞ്ഞു.

“ഡോ പൊട്ടൻ മാഷേ… വോഡ്ക ഒരു ബ്രാൻഡ് ആണ് മദ്യത്തിന്റെ…. മനസ്സിലായോ? ”

“ആണോ എനിക്ക് അറിയില്ലായിരുന്നു ടോണി”

ആദി തന്റെ ജാള്യത മറക്കാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു.

“അല്ലേലും നിങ്ങള് ഒരു നിഷ്കു ആന്ന്.. ഒരു കോപ്പും അറിയില്ല…ഇങ്ങനാണോ മാഷിന്റെ പഠിപ്പിക്കൽ ഒക്കെ.. പിള്ളേരുടെ ഫ്യൂച്ചർ ഏതായാലും കണക്കായിരിക്കും ”

പുച്ഛത്തോടെ അവൻ ചുണ്ടിലേക്ക് ഗ്ലാസ്‌ അടുപ്പിച്ചു ഒരു സിപ് നുണഞ്ഞു.

ആദി തന്റെ മണ്ടത്തരം പറയുന്ന മനസിനെ പ്രാകിക്കൊണ്ട് കുളിക്കാനായി ബാത്ത്റൂമിലേക്ക് കയറി.

വിസ്തരിച്ചുള്ള കുളിക്ക് ശേഷം ആദി പുറത്തിറങ്ങി വന്നു.

ഒരു ടവൽ ഉടുത്തു കൊണ്ടു അവൻ ഡ്രെസ്സിനായി അലമാരയിൽ തപ്പിക്കൊണ്ടിരുന്നു.

“എന്റെ മാഷേ നിങ്ങൾക്ക് ഈ കുട വയറും പിത്ത തടിയും ഒക്കെ അങ്ങ് കളഞ്ഞു എന്നെ പോലെ നല്ല ജിമ്മൻ ആയിക്കൂടെ…. ഞാൻ പോകുന്ന ജിമ്മിൽ വന്നു ജോയിൻ ചെയ്യ്… നമുക്ക് ആ ബോഡി മൊത്തത്തിൽ  മാറ്റിയെടുക്കാം”

ടോണിയുടെ പറച്ചിൽ കേട്ട് ആദിയ്ക്ക് അല്പം നാണം വന്നു.

അവൻ ടോണി കാണാതിരിക്കാനായി കയ്യിൽ തടഞ്ഞ ടി ഷർട്ട്‌ എടുത്തു അണിഞ്ഞു.

“ഹാ ഇതാ നിങ്ങളെ കുഴപ്പം. പെണ്പിള്ളേര്ക്ക് പോലുമില്ലല്ലോ ഇത്രയും നാണം”

ടോണിയുടെ കളിയാക്കികൊണ്ടുള്ള ചോദ്യം കേട്ടതും ആദി ഒരു നിമിഷം സ്തബ്ധനായി.

പൊടുന്നനെ അവന്റെ മനസിലേക്ക് പഴയ കുറെ ഓർമ്മകൾ പൊടി തട്ടി പുറത്തേക്ക് വന്നു.

ആ ഓർമകളുടെ വേലിയേറ്റം സഹിക്കാൻ വയ്യാതെ ആദി പരവേശത്തോടെ കട്ടിലിലേക്ക് നീണ്ടു നിവർന്നു കിടന്നു.

ആ ഒർണകൾക്ക് ഒരു അറുതി വരാതെ ഇന്ന് ഇനി ഒരു പരിപാടിയും നടക്കില്ലെന്നു അവന് മനസിലായി.

“ബാക്കിയുള്ള റൂം മേറ്റ്സ് എപ്പോ വരും? ”

ബാക്കി വന്ന വോഡ്ക അടിച്ചു തീർത്ത ശേഷം കാറിന്റെ ചാവിയുമെടുത്ത് കയ്യിൽ കറക്കികൊണ്ട് ടോണി ചോദിച്ചു

“കുറച്ചു വൈകും ചിലപ്പോ….”

“Ok മാൻ ഐ ഹാവ് ടു ഗോ നൗ ”

ടോണി ഒരു ട്രാക്ക് സ്യൂട്ടും ടി ഷർട്ടും എടുത്തണിഞ്ഞു.

അവന്റെ സിക്സ് പാക്ക് ബോഡി ആദി അസൂയയോടെ നോക്കി കണ്ടു.

ആദിയ്ക്കും അങ്ങനത്തെ രൂപ മാറ്റം വരുത്തണമെന്ന് ആഗ്രഹമുണ്ടേലും വ്യായാമം മെനക്കിട്ട് ചെയ്യാനുള്ള ക്ഷമയൊന്നും  ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ അല്പം വയറു ചാടിയ പ്രകൃതം ആയിരുന്നു അവൻ

അല്പം അസ്വസ്ഥതയോടെ ആദി സ്വന്തം വയറിൽ സിക്സ് പാക്ക് തെളിഞ്ഞു വരുന്നതും സ്വപ്നം കണ്ടു നിന്നു.

ടോണിയെ പോലെ തനിക്ക് സ്വന്തമായി ജിമ്മൻ ബോഡി ഉണ്ടായിരുന്നേൽ തനിക്കും അവനെ പോലെ മോഡലിങ്ങിൽ ജോലി ലഭിച്ചേനെ, ഒരുപാട് ആരാധകർ ഉണ്ടായേനെ……..

Leave a Reply

Your email address will not be published. Required fields are marked *