ആ പെണ്ണ് ആരാണെന്നു അറിയാനുള്ള ത്വര അവളിലെ സദാചാര വാദിയെ പയ്യെ ഉണർത്തി.
ആദിയുടെ മുഖത്തെ മിന്നി മറയുന്ന ഭാവങ്ങൾ ഒരു സാറ്റലൈറ്റിനെ പോലെ പിടിച്ചെടുക്കാൻ അവളുടെ ഉള്ളിലെ കുശാഗ്ര ബുദ്ധിയുള്ള അപസർപ്പക വല്ലാതെ വെമ്പി.
“അത് എനിക്ക് പരിചയമുള്ള കുട്ടിയാ ടീച്ചറേ”
“ഉവ്വോ”
“അതെ ടീച്ചറെ… ഞാൻ ലേറ്റ് ആയോണ്ട് ഒരു ലിഫ്റ്റ് തന്നതാ ആ കുട്ടി ”
“ഓഹോ അത് നല്ലതന്നെ വാസുകി അല്ലേലും അങ്ങനാണല്ലോ ”
രതി ടീച്ചർ കത്തിയടി തുറന്നു.
വാസുകി എന്ന പേര് കേട്ടതും ആദിശങ്കർ ഒന്ന് ഞെട്ടി.
വിശ്വാസം വരാതെ അവൻ രതി ടീച്ചറെ തുറിച്ചു നോക്കി.
“ടീച്ചർക്ക് ആ കുട്ടിയെ പരിയമുണ്ടോ? ”
“ഉണ്ടോന്നോ… എന്ത് ചോദ്യാ ആദി മാഷേ അത്? ജേണലിസ്റ്റ് വാസുകിയെ മിക്ക ആൾക്കാർക്കും അറിയുന്നതല്ലേ, വാർത്താ ചാനലിൽ ഇടക്ക് വാർത്ത വായിക്കണ കുട്ടിയാ അത്.ഞാൻ സ്ഥിരം കാണാറുണ്ട് ആ കുട്ടീടെ പ്രോഗ്രാം. ഡിബേറ്റിലൊക്കെ എല്ലാരെക്കൊണ്ടും ബബ്ബബ്ബ പറയിക്കണ മിടുക്കിയാ അവള് ”
രതി ടീച്ചർ വാസുകിയെ പറ്റി വാചാലയായി.
ആദി അതൊക്കെ ശ്രദ്ധാപൂർവം കേട്ടിരുന്നു.
“അണോ? എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ”
അവൻ കൈ മലർത്തി.
“ആഹാ പരിചയക്കാരി ഇത്രേം അറിയപ്പെടണ ആളായിട്ടും മാഷ്ക്ക് അറിഞ്ഞൂടെ? മാഷ് ഈ വാർത്തയും ടി വി യും ഒന്നും കാണാറില്ലേ? ”
ഇടുപ്പിൽ കൈമുട്ട് താങ്ങി താടിയ്ക്ക് കൈവച്ചു വിശ്വാസം വരാതെ അവൾ ചോദിച്ചു.
“ഞാൻ അതൊന്നും കാണാറില്ല ടീച്ചറെ ”
തനിക്ക് പറ്റിയ അമളി ഓർത്ത് ആദി ഇളിഭ്യനായി നിന്നു.
“ഹാ അതെന്തേലും ആവട്ടെ വാസുകിയെ എനിക്ക് ഒരിക്കൽ പരിചയപ്പെടുത്തി തരുവോ? ”
“ശ്രമിക്കാം ടീച്ചറെ”
“ശരി മാഷെ”
രതി ടീച്ചർ അത്യധികം സന്തോഷത്തോടെ തന്റെ കൊഴുത്തു മുറ്റിയ ശരീരം മാറ്റി വച്ച് ആദിയ്ക്കായി വഴിയൊരുക്കി.
അവൻ ധൃതിയിൽ എട്ടാം ക്ലാസ് സ്ഥിതി ചെയ്യുന്ന ബിൽഡിംഗിലേക്ക് പോയി.
അവിടെ എത്തിയതും ക്ലാസ് റൂമിനു ഉള്ളിലെ കലപില ശബ്ദം കേട്ട് നിലത്ത് അമർത്തി ചവിട്ടി ശബ്ദമുണ്ടാക്കിക്കൊണ്ട് ആദി ക്ലാസ് റൂമിലേക്ക് കേറി.
“Goooooddd mmmorrnniiiiiinngggggg Siiirrrr”
കുട്ടികൾ തങ്ങളുടെ ക്ലാസ് ടീച്ചറെ വിഷ് ചെയ്തു.
“Good morning Sit down ”
അവർക്ക് ഇരിക്കാനുള്ള അനുമതി ആദി നൽകി.
വിദ്യാർത്ഥികൾ അവരവരുടെ ഇരിപ്പിടങ്ങളിൽ അമർന്നിരുന്നു.
തന്റെ ചെയറിൽ ഇരുന്ന ശേഷം ആദി കുട്ടികളുടെ അറ്റൻഡൻസ് എടുത്തു.
ഉച്ച ക്കഞ്ഞിക്കുള്ള അറ്റൻഡൻസ് മറ്റൊരു രെജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം ആദി തലേന്ന് അവർക്ക് നൽകിയ ഹോം വർക്ക് ചെക്ക് ചെയ്തു.
ചിലർക്ക് വന്ന കറക്ഷൻസ് തിരുത്തികൊടുത്തുകൊണ്ടിരുന്നു.
ക്ലാസ്സ് റൂമാകെ ഒന്ന് കണ്ണോടിച്ച ശേഷം ആദി ശ്വാസം വലിച്ചു വിട്ട് ഫിസിക്സിന്റെ ടെക്സ്റ്റ് കയ്യിൽ എടുത്തു.
ഇന്ന് തനിക്ക് നല്ലൊരു മൂഡ് ആണെന്ന് അവന് തോന്നി.