അവൾ ഒന്നും മിണ്ടിയില്ല. ശ്രീഹരി ഡോർ തുറന്നു പുറത്തിറങ്ങാൻ ഭാവിച്ചു.
അപ്പോൾ അവന്റെ പിന്നിൽ നിന്നും ജീനയുടെ വിളി കേട്ടു.
“ഇച്ചായാ..”
അവൻ തിരിഞ്ഞു നോക്കി. പെട്ടെന്ന് അവൾ സീറ്റിൽ നിന്നും എത്തിയെളിഞ്ഞു അവനെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു.
ശ്രീഹരി അവളെ തന്നിൽ നിന്നും അകറ്റി മുഖത്തു അവശേഷിച്ചിരുന്ന കണ്ണുനീർ കൈ കൊണ്ട് തുടച്ച് മാറ്റിക്കൊണ്ട് പറഞ്ഞു.
“ഇനി നീ കരയരുത്.”
അവൾ ഉറച്ച സ്വരത്തിൽ മറുപടി നൽകി.
“ഇല്ല.. കരയില്ല.”
സന്ധ്യയോടെ അടുപ്പിച്ചാണ് അവർ വീട്ടിൽ എത്തിയത്.
കാറിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ശ്രീഹരിയുടെ മനസ്സിൽ വല്ലാത്തൊരു കുളിർമയും സന്തോഷവും ആയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് വീട്ടിലേക്ക് വരുന്നത്. അവസാനമായി വന്നത് വിദ്യയുടെ നിശ്ചയത്തിന് ആയിരുന്നു.
മുറ്റത്ത് വണ്ടി വന്ന് നിൽക്കുന്ന ശബ്‌ദം കേട്ട് വീടിനകത്തു നിന്നും ‘അമ്മ പുറത്തേക്ക് വന്നു. തൊട്ടു പിറകെ വിദ്യയും.
ഇരുവരും ശ്രീഹരിയുടെ വരവ് പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു.
ജീനയും കാറിൽ നിന്നും പുറത്തിറങ്ങി.
മുറ്റത്തേക്കിറങ്ങിയ ‘അമ്മ പറഞ്ഞു.
“നിങ്ങൾ എന്താ ഇത്രയും വൈകുന്നതെന്നും ആലോചിച്ചിരിക്കുകയായിരുന്നു ഞങ്ങൾ.. രാവിലെ അവിടന്ന് ഇറങ്ങിയതല്ലേ.”
അമ്മയുടെ കൈയിൽ പിടിച്ചുകൊണ്ടു ശ്രീഹരി പറഞ്ഞു.
“ഞങ്ങൾ ജീനയുടെ വീടുവരെ ഒന്ന് പോയി. അതാ ഇത്രയും വൈകിയത്.”
അടുത്ത ചോദ്യം വിദ്യയുടെ വക ആയിരുന്നു.
“ഏട്ടൻ ഇങ്ങോട്ടൊന്നു വന്നിട്ട് എത്രനാളായെന്ന് ഓർമ്മയുണ്ടോ?”
അമ്മയുടെ കൈയിൽ നിന്നും പിടിവിട്ട് വിദ്യയുടെ തോളിലേക്ക് കൈ ഇട്ടുകൊണ്ട് ശ്രീഹരി പറഞ്ഞു.
“അതിനിപ്പോൾ എന്താ?.. ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ എങ്ങും പോകുന്നില്ല. ഇവിടെ തന്നെ കാണും.”
അപ്പോഴേക്കും ജീന നടന്ന് അവർക്ക് അരികിലേക്ക് വന്നു.വിദ്യ ഒരു പുഞ്ചിരിയോടെ ജീനയുടെ കൈയിൽ മുറുകെ പിടിച്ച സൗഹൃദം പുതുക്കി.
“ചത്താലും ഓഫീസ് എന്നും പറഞ്ഞു കിടക്കുന്ന എന്റെ ഏട്ടന് ഇത് എന്ത് പറ്റിയിട്ടാണ് അവിടന്ന് മൂന്നു മാസം മാറി നിൽക്കുന്നത്.”
ശ്രീഹരി ചിരിച്ച് കൊണ്ട് അതിന്റെ ഉത്തരവാദിത്തം ജീനയിൽ ചാർത്തി.
“ഇവൾക്ക് എന്നും ഓഫീസിൽ പോയി വന്നുള്ള ജീവിതം മടുത്തെന്നു. അപ്പോൾ ഒരു മാറ്റം ആകാമെന്ന് ഞാനും കരുതി.”
ഇത് കേട്ട ജീന ഇതെന്തിനാ എന്റെ മണ്ടയിൽ ഇട്ടത് എന്ന ഭാവത്തിൽ അവനെ തുറിച്ച് നോക്കി.
“അപ്പോൾ എന്റെ മോനെ കുറച്ച് നാളെത്തേക്ക് വീട്ടിൽ പിടിച്ച് നിർത്താൻ മോള് തന്നെ വേണ്ടി വന്നു അല്ലെ.”
അമ്മയുടെ ആ ചോദ്യത്തിന് ജീന ഒരു ചെറു പുഞ്ചിരി മറുപടിയായി നൽകി.
ശ്രീഹരി പെട്ടെന്ന് പറഞ്ഞു.