എന്റെ നിലാപക്ഷി 8 [ ne-na ]

Posted by

വൈകുന്നേരം തേയില തോട്ടത്തിനിടയിൽ കൂടിയുള്ള നടപ്പാതയിലൂടെ ശ്രീഹരിക്കൊപ്പം നടക്കുകയായിരുന്നു ജീന. പാറകളും കല്ലുകളും നിറഞ്ഞ ഒരു വഴി ആയിരുന്നു അത്. മുട്ടിനു താഴെ നിൽക്കുന്ന ഒരു നീല പാവാടയും വെള്ള ഷർട്ടും ആയിരുന്നു അവളുടെ വേഷം.
അവന്റെ കൈയിൽ മുറുകെ പിടിച്ചതും ഇടക്കൊക്കെ അവനെക്കാളും മുൻപേയും പുതിയ കാഴ്ചകൾ കാണുന്ന കൊച്ചു പിള്ളേരെ പോലെ തുള്ളിച്ചാടി നടക്കുകയായിരുന്നു അവൾ.
വഴി ശ്രദ്ധിക്കാതെ അകലെ കാണുന്ന മലകളും തേയില തോട്ടങ്ങളും മാത്രം നോക്കി മുൻപേ നടക്കുന്ന ജീനയെ നോക്കി അവൻ പറഞ്ഞു.
“ഇടക്കൊക്കെ താഴേക്കും കൂടി നടക്കടി.. അല്ലേൽ മറിഞ്ഞു വീഴും.”
“ഞാൻ അങ്ങനൊന്നും വീഴില്ല.”
അവളത് പറഞ്ഞു തീർന്നതും കല്ലിൽ തട്ടി മുന്നോട്ട് വീഴാൻ പോയതും ഒരുമിച്ചായിരുന്നു. ശ്രീഹരി പെട്ടെന്ന് തന്നെ മുന്നോട്ടാഞ്ഞ് വീഴാതിരിക്കാനായി അവളുടെ വയറ്റിൽ ചുറ്റി പിടിച്ചു.
അവളെ നേരെ നിർത്തിയ ശേഷം പറഞ്ഞു.
“പറഞ്ഞാൽ കുറച്ചൊക്കെ അനുസരണ വേണം.”
അവൾ ചെറിയൊരു ജാള്യതയോടെ അവന്റെ മുഖത്ത് നോക്കി ചിരിച്ച് കാണിച്ചു.
അവൻ വയറ്റിൽ നിന്നും പിടി വിട്ടപ്പോൾ അവൾ കല്ല് തട്ടിയ കാലിലേക്ക് നോക്കി. മുറിവൊന്നും ഇല്ലായിരുന്നു. ചെറുതായി ചുവന്നിട്ടേ ഉള്ളു.
ശ്രീഹരി തറയിൽ മുട്ടുകുത്തി ഇരുന്നു അവളുടെ ചെരുപ്പ് കാലിൽ നിന്നും ഊരി ചുവന്നു കിടക്കുന്നിടത്ത് വിരലമർത്തി ചോദിച്ചു.
“വേദന ഉണ്ടോ?”
“വേദന ഒന്നും ഇല്ല ഇച്ചായാ. ചെറുതായി കല്ലിൽ തട്ടിയതേ ഉള്ളു.. ബാലൻസ് പോയതല്ലേ പെട്ടെന്ന്.”
ഒന്ന് മൂളി കൊണ്ട്‌ അവൻ തറയിൽ നിന്നും എഴുന്നേറ്റു.
അവൾ വീണ്ടും മുന്നോട്ട് നടന്ന് തുടങ്ങിയപ്പോൾ അവൻ പറഞ്ഞു.
“ഇപ്പോൾ മൂക്കും കുത്തി വീണിരുന്നെങ്കിൽ നിന്നെയും തൂക്കി എടുത്തു ഞാൻ നടക്കേണ്ടി വന്നേനെ.”
അവനെ ചൊടുപ്പിക്കാനായി ജീന പറഞ്ഞു.
“പിന്നെ.. ഇപ്പോൾ എന്നെ തൂക്കി എടുത്തു നടക്കാനുള്ള ആരോഗ്യമൊന്നും ഇച്ചായനില്ല.”
ശ്രീഹരി ചുറ്റും ഒന്ന് നോക്കി. തേയിലത്തോട്ടത്തിനു മധ്യത്തായിട്ടുള്ള നടപ്പാത ആയതിനാൽ ആരെയും അവിടെ ഒന്നും കാണുന്നില്ല.
മുന്നിൽ നടന്ന ജീനയുടെ കൈയിൽ അവൻ എത്തി പിടിച്ചു. ജീന പെട്ടെന്ന് നടത്ത നിർത്തി അവനെ തിരിഞ്ഞു നോക്കി.
ആ ഒരു നിമിഷം കൊണ്ട്‌ അവൻ ജീനയെ കൈകളിലേക്ക് കോരി എടുത്തു.
അവൾ അവന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ ഞെട്ടി പോയി.

Leave a Reply

Your email address will not be published. Required fields are marked *