എന്റെ നിലാപക്ഷി 8 [ ne-na ]

Posted by

കൈകൾ മുകളിലേക്ക് ഉയർത്തി ഒന്ന് ഞെളിഞ്ഞുകൊണ്ടു ജീന നടു നിവർത്തി.
“എത്ര ഉറങ്ങിയിട്ടും അങ്ങോട്ട് മുഴുക്കുന്നില്ല.”
“കാറിൽ നിന്ന്‌ ഇറങ്ങിക്കെ.. ഇനി രാത്രി ഉറങ്ങാം.”
ഒരു ചിരിയോടു ജീന കാറിൽ നിന്നും ഇറങ്ങി. ഉച്ച കഴിഞ്ഞുള്ള സമയം ആയതിനാൽ തണുപ്പ് തുടങ്ങുന്നതേ ഉള്ളായിരുന്നു.
കാറ് വന്ന് നിന്ന ശബ്‌ദം കേട്ട്‌ ഒരു 40 വയസ് തോന്നിക്കുന്ന ഒരാൾ ഓടി വന്നു.
ജീന അപ്പോഴും ആ ബംഗ്ലാവും പരിസരവും വീക്ഷിക്കുകയായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് മനസിലായി കുറച്ചധികം പഴക്കം ഉണ്ടെന്ന് ആ ബംഗ്ലാവിന്. പക്ഷെ നല്ല രീതിയിൽ തന്നെ പണികൾ ചെയ്തു നില നിർത്തിയിട്ടുണ്ട്. മുറ്റത്തു നിന്ന്‌ നോക്കുമ്പോൾ തന്നെ താഴ്വരയിലേക്ക് പരന്നു കിടക്കുന്ന തേയില തോട്ടം കാണാം. കണ്ണെത്താ ദൂരത്തേക്ക് ആ പച്ചപ്പ് പരന്നു കിടക്കുന്നത് കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു.
അവളുടെ തോളിൽ തട്ടികൊണ്ട് അവൻ ചോദിച്ചു.
“എന്താ ഇങ്ങനെ നിൽക്കുന്നത്?”
“നല്ല ഭംഗി ഉണ്ട് കാണാൻ.”
“രാവിലെ മൂടൽ മഞ്ഞു കെട്ടി നിൽക്കുമ്പോൾ കാണാൻ ഇതിലും ഭംഗി ആണ്.”
അവരുടെ അടുത്ത് നിന്നിരുന്ന ആളെ കാണിച്ച് കൊണ്ട്‌ അവൻ പറഞ്ഞു.
“ഇത് അയ്യപ്പൻ ചേട്ടൻ.. ഈ ബംഗ്ലാവിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് ചേട്ടനാണ്.”
അയ്യപ്പൻ ജീനയെ നോക്കി ഒന്ന് ചിരിച്ചു. അവൾ തിരിച്ചും.
“ചേട്ടാ ബാഗൊക്കെ എടുത്തു അകത്തു വച്ചേക്കണെ.”
അയ്യപ്പൻ അത് കേട്ട് തലയാട്ടി.
ശ്രീഹരി ജീനയുടെ കൈയും പിടിച്ച് ബംഗ്ലാവിന് അകത്തേക്ക് നടന്നു.
“അച്ഛൻ വാങ്ങിയതായിരുന്നു ഈ എസ്റ്റേറ്റ്. നല്ല പഴക്കം ഉണ്ട് ഈ ബംഗ്ലാവിന്. ഞാൻ ഇങ്ങോട്ടുള്ള വരക്കമൊക്കെ നന്നേ കുറവായിരുന്നു.”
അപ്പോഴേക്കും അയ്യപ്പൻ ബാഗുമായി അകത്തേക്ക് കയറി വന്നു.
“സാർ.. ബാഗ്…”
“അഹ്.. നീല ബാഗ് എന്റെ റൂമിൽ വെച്ചേക്ക്.. മറ്റേത് ഇവളുടെയും.”
അയ്യപ്പൻ ബാഗുമായി റൂമുകളിലേക്ക് പോയപ്പോൾ അവൻ പറഞ്ഞു.
“നമുക്കുള്ള ആഹാരമൊക്കെ അയ്യപ്പൻ എത്തിച്ചോളും.. നമ്മൾ ഇവിടെ വിശ്രമത്തിനായാണ് വന്നത്.. ഇവിടെ വല്ലോം പാചകം, തേങ്ങാ, മാങ്ങ എന്ന് പറഞ്ഞാൽ എന്റെയിൽ നിന്ന്‌ നല്ലത് കിട്ടും.”
ഒരു ചിരിയോടെ ജീന പറഞ്ഞു.
“ഞാൻ ഒന്നും പറയാൻ പോകുന്നില്ലേ..”
“വേണമെങ്കിൽ നീ ഇഷ്ടമുള്ളപ്പോഴൊക്കെ ചായ ഇട്ടോ, ഈ തണുപ്പത് ഇരുന്നു ചായ കുടിക്കാൻ നല്ല രസമാണ്.”
അവൾ ഒരു ചിരിയോടെ മൂളി.
“നീ പോയി റെസ്ററ് എടുത്തോ. വൈകിട്ട് നമുക്ക് ഒന്ന് നടക്കാനിറങ്ങാം.”
“എവിടേക്ക്?”
“അങ്ങനൊന്നും ഇല്ല.. ചുമ്മാ നമുക്ക് നടക്കാം.”
അവന്റെ മറുപടി കേട്ട് ഒരു ചിരിയോടെ അവൾ റൂമിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *