ജീന കുറച്ച് ചുവടുകൾ മുന്നോട്ട് വച്ചു. അതിനു ശേഷം തിരികെ വന്ന് ഇടറിയ സ്വരത്തിൽ പറഞ്ഞു.
“നമ്മുടെ അമ്മമാർ ഒന്നല്ലായിരുന്നു, പക്ഷെ നമ്മുടെ അച്ഛൻ ഒരാളായിരുന്നു.. ഞാൻ ചേച്ചിടെ അനിയത്തി ആയിരുന്നെന്ന് ഒരിക്കലെങ്കിലും ഒന്ന് ഓർക്കാമായിരുന്നു.”
ജീന നിറകണ്ണുകളോടെ ഓടി കാറിലേക്ക് കയറി.
ശ്രീഹരി സാവധാനം നടന്ന് റാമിന്റെ അടുത്തെത്തി പറഞ്ഞു.
“ഡാ.. ഞങ്ങൾ ഇറങ്ങുന്നു.. വിദ്യയുടെ കല്യാണത്തിന് അങ്ങ് എത്തിയേക്കണം നീ.”
“അതെങ്ങനാ ശരിയാകുന്നെ. നമുക്ക് വീട്ടിൽ നിന്നും ചോറ് കഴിച്ചിട്ട് പോകാം.”
അവൻ കാറിനുള്ളിൽ ഇരുന്നു ജീന കരയുന്നത് നോക്കികൊണ്ട് പറഞ്ഞു.
“ഇപ്പോഴത്തെ ഇവളുടെ ഒരു മൂഡിൽ അത് ശരിയാകില്ലടാ.”
റാം കാറിനുള്ളിലേക്ക് നോക്കി. എന്നിട്ട് പറഞ്ഞു.
“അപ്പോൾ ശരി.. നിങ്ങൾ വിട്ടോ.. ഞാൻ കല്യാണത്തിന് അങ്ങ് എത്തിയേക്കാം.”
ശ്രീഹരി അവനോടു യാത്ര പറഞ്ഞു കാറിലേക്ക് കയറി.
കാറോടിക്കുമ്പോഴും അവന് ജീനയുടെ ഏങ്ങൽ കേൾക്കാമായിരുന്നു. അവൻ അവളോട് സംസാരിക്കാൻ പോയില്ല. കുറച്ച് നേരം അങ്ങനെ ഇരുന്നോട്ടെന്ന് കരുതി.
കുറച്ച് നേരത്തെ യാത്രക്കൊടുവിൽ ശ്രീഹരി ഒരു ഹോട്ടലിനു മുന്നിൽ കാർ നിർത്തി.
കാറിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി ശ്രീഹരി അവളോട് പറഞ്ഞു.
“നിനക്ക് വീട്ടിൽ പോകണമെന്ന് പറഞ്ഞു, ഞാൻ കൊണ്ട് പോയി.. അവിടന്ന് ഇവിടം വരെയും നീ കരഞ്ഞു. ഞാൻ നിന്നെ ശല്യപെടുത്തിയില്ല. പക്ഷെ എവിടന്നങ്ങോട്ട് നീ കരയാൻ പാടില്ല. കാരണം എന്റെ വീട്ടിലേക്കാണ് നമ്മൾ പോകുന്നത്.”
അവൾ ചുവന്നു കലങ്ങിയ കണ്ണുകൾ കൈ കൊണ്ട് തുടച്ച് കൊണ്ട് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
“എന്റെ എല്ലാ ആഗ്രഹങ്ങളും ഇച്ചായൻ എനിക്ക് സാധിച്ച് തരുന്നുണ്ട്. ഇതിനൊക്കെ പകരമായി ഞാൻ ഇച്ചായന് എന്താ തരുക.”
അവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു.
“ഇപ്പോൾ വീട്ടിൽ കൊണ്ട് പോയതിനു പകരമായി ഞാൻ ഒരു കാര്യം ചോദിച്ചാൽ തരുമോ?”
അവൾ ആകാംഷയോടെ ചോദിച്ചു.
“എന്താ..?”
അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഒരു ഉമ്മ..”
കരഞ്ഞു ചുവന്ന അവളുടെ മുഖത്ത് പെട്ടെന്ന് നാണം തെളിഞ്ഞു. അവന്റെ തോളിൽ കൈ കൊണ്ട് ചെറുതായി അടിച്ച് കൊണ്ട് അവൾ പറഞ്ഞു.
“അയ്യേ.. നാണമില്ലാത്തവൻ..”
“ഞാൻ ലിപ് കിസ് ഒന്നും അല്ലല്ലോ ചോദിച്ചത്. നെറ്റിയിൽ ഒരു ഉമ്മ ആണ്. അത് സ്നേഹം കൂടുമ്പോൾ ഞാൻ നിനക്കും തരുന്നതല്ലേ.”