കൈയിൽ ചോക്ലേറ്റ് കവറുമായി ജീന വീട്ടിലേക്ക് നടന്നു. വീടിന്റെ മുറ്റത്ത് തന്നെ എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാതെ ഭയം നിറഞ്ഞ മുഖത്തോടെ അവളുടെ ചേച്ചിയും നിൽപ്പുണ്ടായിരുന്നു. കൂടെ ഒരു അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പെങ്കൊച്ചും.
ജീന അവിടെ നിന്നും നടന്നു നീങ്ങിയപ്പോൾ റാം ശ്രീഹരിയോട് ചോദിച്ചു.
“എന്താ നിന്റെ ഉദ്ദേശം?”
ശ്രീഹരി ചോദിച്ചത് മനസിലായില്ല എന്നുള്ള രീതിയിൽ റാമിനെ നോക്കി.
“ഇവളെ ഇവിടെ നിന്നും നീ കൂട്ടികൊണ്ട് പോയി.. കൂടെ താമസിപ്പിച്ചു.. ഓഫീസിൽ ജോലി കൊടുത്തു.. ഇപ്പോൾ നിന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നു.. ഇതിന്റെയൊക്കെ അർദ്ധം ആണ് ഞാൻ ചോദിച്ചത്.”
അവൻ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“ഒരു ലക്ഷ്യവും ഇല്ലാതെ കുറെ പണത്തിനായി മാത്രം ജീവിക്കുവായിരുന്നു ഞാൻ. ഒന്ന് സന്തോഷിക്കാനോ മനസറിഞ്ഞ് ചിരിക്കാനോ എനിക്കന്ന് കഴിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോൾ ജീനയുടെ സാമിപ്യം അതിൽ നിന്നെല്ലാം ഒരു മാറ്റം എന്നിൽ ഉണ്ടാക്കിയിരിക്കുന്നു. ഞാൻ ഇപ്പോൾ എന്റെ ജീവിതം ആസ്വദിക്കുന്നുണ്ട്.”
റാം കുറച്ച് നേരം അവനെ നോക്കി നിന്ന ശേഷം പറഞ്ഞു.
“അവളുടെ സാമിപ്യം നിനക്ക് സന്തോഷം നൽകുന്നുണ്ടെങ്കിലും ഒരിക്കലും നീ അവളെ വിട്ടു കളയരുത്..
ഒരു നിമിഷം നിശബ്‌ദനായ ശേഷം റാം തുടർന്ന്.
“അവൾക്ക് സംഭവിച്ചതെല്ലാം മറന്ന് നിനക്കവളെ അങ്ങ് കല്യാണം കഴിച്ചൂടെ.”
ഒരു പുഞ്ചിരിയോടെ ആണ് ശ്രീഹരി അതിനു മറുപടി നൽകിയത്.
“അവളുടെ ഒരു മുൻകാല ചരിത്രവും എനിക്കൊരു വിഷയമേ അല്ല. പക്ഷെ ഞാൻ കല്യാണം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാലും അവൾ അതിന് സമ്മതിക്കുകയില്ല.”
റാം എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുൻപ് തന്നെ ശ്രീഹരി ജീനയുടെ അടുത്തേക്ക് നടന്നു.
ജീന നടന്നു വരുന്നത് കണ്ട് ഞെട്ടി നിൽക്കുകയായിരുന്നു അവളുടെ ചേച്ചി. അവൾ ധരിച്ചിരിക്കുന്ന വില കൂടിയ ഡ്രെസ്സും അവളുടെ വർധിച്ച സൗന്ദര്യവും എല്ലാം ചേച്ചിയെ അദ്‌ഭുതപെടുത്തി.
ജീന ചേച്ചിയെ ശ്രദ്ധിക്കാതെ ഇല്ല. അവളെ നോക്കി ചിരിക്കുന്ന കൊച്ചിന്റെ മുഖത്ത് തന്നെയായിരുന്നു അവളുടെ ശ്രദ്ധ. ജീന ഒരു പുഞ്ചിരിയോടെ ആ കൊച്ചിന്റെ മുന്നിൽ മുട്ടുകുത്തി നിന്ന്, എന്നിട്ടു കവിളുകളിൽ ഉമ്മ വച്ചു. അപ്പോഴേക്കും ശ്രീഹരിയും മുറ്റത്ത് എത്തിയിരുന്നു.
ചോക്ലേറ്റ് കൊച്ചിന്റെ കൈയിൽ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു.
“ഇത് മൊത്തം മോൾക്കുള്ളതാണ് കേട്ടോ.”
ചോക്ലേറ്റ് വാങ്ങിക്കൊണ്ടു കൊച്ചു തലയാട്ടി ചിരിച്ചു.
തറയിൽ നിന്നും എഴുന്നേറ്റുകൊണ്ട് ജീന ആരോടെന്നില്ലാതെ ചേച്ചി കേൾക്കാനായി പറഞ്ഞു.
“ഞാൻ എന്റെ അപ്പന്റെയും അമ്മയുടെയും ഫോട്ടോ എടുക്കാനായി വന്നതാണ്.”
ചേച്ചി ഒന്നും പ്രതികരിച്ചില്ല. ജീന വീടിനകത്തേക്ക് കയറിപ്പോയി. കുറച്ച് സമയത്തിനകം തന്നെ രണ്ടു ഫോട്ടോസുമായി തിരിച്ച് വരുകയും ചെയ്തു.
“ഇച്ചായാ.. നമുക്ക് പോകാം.”