ശ്രീഹരി അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.
“എനിക്ക് ജീവിതകാലം മുഴുവൻ നിന്നെ എന്നോടൊപ്പം വേണം.. എന്റെ അമ്മയ്ക്കും വിദ്യക്കും നമ്മളെ അടുത്തറിയാവുന്ന എല്ലാപേർക്കും നമ്മൾ ഒന്നിക്കണമെന്നാണ്.. പിന്നെ നിനക്ക് മാത്രം എന്താണ് ജീന?”
“എനിക്കതിനു കഴിയാഞ്ഞിട്ടല്ലേ.. എന്നെയൊന്നു മനസിലാക്ക് ഇച്ചായാ.”
“ഞാൻ എന്താണ് മനസിലാക്കേണ്ടത് ജീന?”
ശ്രീഹരി അവളുടെ തോളിൽ പിടിച്ച് തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു. ജീന പെട്ടെന്ന് അവന്റെ കൈ തട്ടി മാറ്റി പിന്നിലേക്കകന്നു.
“നീ എന്താ ജീന ഇങ്ങനെ കാണിക്കുന്നത്.”
അത്രയും നേരം അവളുടെ മുഖത്ത് ഉണ്ടായിരുന്ന ദൈന്യ ഭാവം മാറി.
“എന്റെ ശരീരത്തിന് വേണ്ടിയാണ് ഇച്ചായൻ ഈ കല്യാണം എന്ന ആവിശ്യം ഉന്നയിക്കുന്നതെങ്കിൽ അതിനു കല്യാണത്തിന്റെ ആവിശ്യം ഇല്ല. എന്നെ എന്ത് വേണമെങ്കിലും ചെയ്തോ.. ഞാൻ ദാ നിന്ന് തരാം.”
അവൾ ശരീരത്തു പുതച്ചിരുന്ന പുതപ്പ് താഴേക്കിട്ട് ശരീരത്തുണ്ടായിരുന്ന ഷർട്ട് ഇരുവശത്തേക്കും ആയി വലിച്ചു. ഷർട്ടിന്റെ മുകളിലത്തെ മൂന്നു ബട്ടണുകൾ ഊരി തെറിച്ചു.
അവളുടെ സ്വബോധ മനസ്സല്ല ഇതൊന്നും പറയുന്നതെന്നും ചെയ്യുന്നതെന്നും അവന് നന്നായി അറിയാം. റൂമിൽ തന്നെ അടച്ച് പൂട്ടി ഇരുന്നു അവൾ വീണ്ടും ഡിപ്രെഷനിലേക്ക് പോയെന്നും അവന് മനസിലായി. പക്ഷെ അതെല്ലാം മറന്ന് ആ ഒരു നിമിഷം അവന്റെ കൈ അവളുടെ കവിളിൽ ആഞ്ഞു പതിച്ചു.
പ്രതീക്ഷിക്കാതെ ഉള്ള അടിയിൽ പിന്നിലേക്ക് വേച്ചു വീണ ജീനയുടെ തല കട്ടിള പടിയിലേക്ക് ഇടിച്ചു.
ആ നിമിഷത്തിൽ ആണ് താൻ അവളെ അടിച്ചു എന്നൊരു ബോധത്തിലേക്ക് ശ്രീഹരിയും വന്നത്.
അവൻ പെട്ടെന്ന് അവളെ തറയിൽ നിന്നും പിടിച്ച് എഴുന്നേൽപ്പിച്ചു. ഇടതു കണ്ണിനു മുകളിലായി നെറ്റിയിൽ നിന്നും ചോര ഒഴുകുന്നുണ്ട്. പക്ഷെ അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞിട്ട് കൂടിയില്ല. ചെറിയൊരു മുറിവാണ് അത് കാണുമ്പോഴേ അറിയാം, പക്ഷെ അവൻ ചെറുതായി ഭയന്നിരുന്നു.
ജീന പെട്ടെന്ന് തന്റെ ശരീരത്തു നിന്നും അവന്റെ കൈ തട്ടി മാറ്റി.
അതും കൂടി ആയപ്പോൾ അവൻ ആകെ തകർന്ന അവസ്ഥയിൽ ആയി.
“ജീന.. കുറച്ച് നേരത്തേക്ക്, കുറച്ചു നേരത്തേക്ക് മാത്രം നീ എന്നെ നിന്റെ പഴയ ഇച്ചായനായി കാണ്. എന്നെയൊന്നു അനുസരിക്ക്, ഞാൻ പറയുന്നതൊക്കെ ഒന്ന് കേൾക്ക്.. അതിനു ശേഷം ഞാൻ നിന്നെ എന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ടാക്കാം.. എന്നിട്ട് ഞാൻ എറണാകുളത്തേക്ക് പോകും.. പിന്നെ ഒരിക്കൽ പോലും ഞാൻ നിന്റെ മുന്നിൽ വരുകയില്ല.”
സത്യത്തിൽ അവൻ അവളുടെ മുന്നിൽ യാചിക്കുകയായിരുന്നു. ഒരിക്കൽ പോലും അവൻ അവളുടെ മുന്നിൽ ഇങ്ങനെ കേണു അപേക്ഷിച്ചിട്ടില്ല. അവളുടെ മുന്നിൽ എന്നല്ല ആരുടെ മുന്നിലും.
അവന്റെ ആ ഭാവം അവൾക്ക് സഹിക്കാനായില്ല. ജീന അവന്റെ കൈയിൽ മുറുകെ പിടിച്ചു. അത് മതിയായിരുന്നു തന്റെ ആവിശ്യം അവൾ അംഗീകരിച്ചു എന്ന് അവന് മനസിലാക്കാൻ.