അവളിൽ നിന്നും ഈ ഒരു മറുപടി തന്നെയാണ് അവനും പ്രതീക്ഷിച്ചത്. അതുകൊണ്ട് തന്നെ അവൻ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞു.
“ഇത്ര പെട്ടെന്ന് ഒരു തീരുമാനം നീ പറയണ്ട. പതുക്കെ ആലോചിച്ച് പറഞ്ഞാൽ മതി.”
“നമുക്ക് റൂമിലേക്ക് പോകാം ഇച്ചായാ.”
ശ്രീഹരി ഒന്ന് മൂളിയ ശേഷം തിരികെ നടന്നു. അവനിൽ നിന്നും കുറച്ച് അകലം പാലിച്ച് കൊണ്ട് അവളും.
ബംഗ്ലാവിൽ എത്തിയ അവൾ നേരെ റൂമിൽ പോയി കതകടച്ചു. രാത്രി അയ്യപ്പൻ ആഹാരം കൊണ്ട് വന്നപ്പോൾ അത് കഴിക്കാൻ മാത്രം ആണ് ജീന റൂമിനു പുറത്തേക്ക് വന്നത്. അതും ഒരു അപരിചിതയെ പോലെ ശ്രീഹരിക്ക് ഒപ്പം ഇരുന്നു കഴിച്ച ശേഷം അവൾ വീണ്ടും റൂമിലേക്ക് തന്നെ പോയി.
പിന്നീടുള്ള രണ്ടു ദിവസവും ഇതിന്റെ ഒരു ആവർത്തനം തന്നെ ആയിരുന്നു.
ആഹാരം കഴിക്കാൻ മാത്രം അവന്റെ മുന്നിൽ വരും. അല്ലാത്തപ്പോൾ ഒക്കെ റൂമിൽ കഴിച്ച് കൂട്ടും. പുറത്തു വരുകയാണെങ്കിൽ തന്നെ ഒറ്റക്ക് എവിടെയെങ്കിലും പോയി വിദൂരതയിലേക്ക് നോക്കി നിൽക്കും. ശ്രീഹരിയുടെ സാമീപ്യം മനസിലാക്കിയാൽ ഉടൻ തന്നെ അവിടെ നിന്നും ഒഴിഞ്ഞു മാറും. അവനോട് ഒന്ന് സംസാരിക്കാൻ പോലും അവൾ കൂട്ടാക്കുന്നുണ്ടായിരുന്നില്ല.
രാത്രി പത്തുമണി ആയി കാണും. ശ്രീഹരി മുറ്റത്തേക്ക് ഇറങ്ങി നിന്ന് ഇരുട്ടിനെ തന്നെ നോക്കുകയായിരുന്നു. അവന്റെ മനസിനുള്ളിലും ഇരുട്ടു തന്നെ ആയിരുന്നു. അവന് ചുറ്റും മൂടൽ മഞ്ഞു ഉണ്ട്. പക്ഷെ ആ തണുപ്പ് ഒന്നും അവൻ അറിയുന്നേ ഇല്ല. നെഞ്ചിനുള്ളിൽ തീ ആയിരുന്നു.
തന്റെ മാത്രം സ്വന്തമെന്നും ഭാഗ്യമെന്നും കരുതിയിരുന്ന ഒന്ന് നഷ്ടപ്പെടാൻ പോകുന്നു എന്നുള്ള ഒരു തോന്നൽ അവനെ നീറ്റി കൊണ്ടിരുന്നു. കൂടെ ഉണ്ടായിട്ടും താൻ എന്നൊരാൾ ഇവിടെ ഇല്ല എന്നുള്ള രീതിയിൽ ഉള്ള അവളുടെ പെരുമാറ്റം കുറച്ചൊന്നും അല്ല അവനെ വേദനിപ്പിച്ചത്. ഇച്ചായാ എന്ന് വിളിച്ചകൊണ്ട് അവൾ തന്റെ തോളിലേക്ക് ഒന്ന് ചാഞ്ഞിരുന്നെങ്കിൽ എന്ന് അവൻ വല്ലാതെ ആഗ്രഹിച്ച് പോയി.
ഈ സമയം ഡോറിനരികിൽ നിന്ന് ശ്രീഹരിയെ തന്നെ നോക്കുകയായിരുന്നു ജീന. തന്റെ അവഗണന അവനെ വല്ലാതെ വേദനിപ്പിക്കുണ്ട് എന്ന് അവൾക്ക് നന്നായി അറിയാം. പക്ഷെ അതല്ലാതെ അവൾക്ക് മറ്റൊന്നും കഴിയുന്നില്ലായിരുന്നു.
അവൻ ആ മുറ്റത്തു മഞ്ഞിൽ അങ്ങനെ നിൽക്കുന്ന കണ്ട് അവൾക്ക് സഹിക്കാനായില്ല.
“ഇച്ചായാ..”
ശ്രീഹരി ഒന്ന് തിരിഞ്ഞു നോക്കി. രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് അവളിൽ നിന്നും അങ്ങനെ ഒരു വിളി അവൻ കേൾക്കുന്നത്.
“അകത്തേക്ക് കയറി വാ.. നല്ല മഞ്ഞു ഉണ്ട്.. അസുഖം വല്ലോം വരും.”
“എനിക്ക് എന്ത് പറ്റിയാലും നിനക്കെന്താ? ഞാൻ ഇപ്പോൾ നിന്റെ ആരും അല്ലല്ലോ.”
അപ്പോൾ അങ്ങനെ ചോദിക്കാനാണ് അവന് തോന്നിയത്.
“ഇച്ചായാ..”
അത് അവളിൽ വന്നൊരു തേങ്ങൽ ആയിരുന്നു.