മഞ്ഞ കളറിൽ ചുവപ്പും പച്ചയും ഡിസൈനുകൾ ഉള്ള ഒരു ടോപ്പും പാന്റും ആണ് അവൾ ഇട്ടിരുന്നത്. അവളുടെ വെളുത്ത ശരീരത്തിന് അത് നന്നായി ചേരുന്നുണ്ട്. അവളുടെ മുഖത്ത് ഒരു മ്ലാനത താളം കെട്ടി കിടക്കുന്നത് അവൻ ശ്രദ്ധിച്ചു.
“നിനക്ക് എന്തെങ്കിലും എന്നോട് പറയാനുണ്ടോ?”
അവൾ പുറത്തേക്ക് നോക്കി ഇരുന്നുകൊണ്ട് മൂളി.
“എന്താ പറയാനുള്ളത്?”
“ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ?”
“ഈ യാത്ര ഒഴുവാക്കുന്നത് ഒഴിച്ച് ബാക്കി എന്ത് പറഞ്ഞാലും കേൾക്കാം.”
അവൾ ശ്രീഹരിയുടെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞു.
“എന്റെ വീടുവരെ എന്നെയൊന്ന് കൊണ്ട് പോകാമോ?”
അതുകേട്ട് അവന്റെ മുഖത്ത് ആകാംഷ നിറഞ്ഞു. എന്തിനാ എപ്പോൾ അവിടെ പോകുന്നത് എന്ന അർഥത്തിൽ അവൻ ജീനയെ നോക്കി.
അത് മനസിലാക്കിയ അവൾ പറഞ്ഞു.
“എന്റെ അപ്പന്റെയും അമ്മയുടെയും ഒരു ഫോട്ടോ അവിടുണ്ട്. അവരുടെ ഓർമ്മക്ക് അതെ ഉള്ളു. അതെനിക്ക് വേണം.”
ശ്രീഹരി കാർ റോഡിൻറെ സൈഡിലേക്ക് ഒതുക്കിയിട്ടു. അതിനു ശേഷം കാറിനു പുറത്തേക്ക് ഇറങ്ങി. ജീന അപ്പോഴും കാറിനുള്ളിൽ തന്നെ ഇരിക്കുകയായിരുന്നു.
കാറിന്റെ ബോണറ്റിൽ ചാരി നിന്നുകൊണ്ട് അവൻ ചിന്തിച്ചു.
‘പത്തനംതിട്ട വരെ പോവുകയാണെങ്കിൽ വീട്ടിൽ എത്തുവാൻ കുറച്ച് മണിക്കുറുകൾ വൈകുമെന്നേ ഉള്ളു, സമയം എത്ര നഷ്ടപ്പെട്ടാലും കുഴപ്പമില്ല. പക്ഷെ അവിടെ ഒറ്റക്ക് ചെന്ന് കയറുമ്പോൾ റോയിയുമായി എന്തെങ്കിലും പ്രശ്നമുണ്ടായാൽ…. റോയ് ഒറ്റക്കാണെങ്കിൽ പ്രശ്നമില്ല, നേരിടാവുന്നതേ ഉള്ളു.. പക്ഷെ അത് അവന്റെ സ്ഥലം ആണ്.. ആരെങ്കിലും അവനു സഹായത്തിനു വന്നാൽ ജീനയുമായി അവിടെ ഒറ്റക്ക് കയറി ചെല്ലുന്നത് ബുദ്ധിയല്ല.’
അവന്റെ മനസ്സിൽ പെട്ടെന്ന് തെളിഞ്ഞ് വന്നത് റാമിന്റെ മുഖമാണ്. ഉടൻ തന്നെ അവൻ റാമിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. റോയിയുടെ വീടെത്താറാകുമ്പോൾ ഒന്ന് വിളിച്ച് അറിയിച്ചാൽ മതി.. വേറൊന്നും പേടിക്കണ്ട എന്നായിരുന്നു റാമിന്റെ മറുപടി.
കാറിനുള്ളിലേക്ക് കയറിയ ശ്രീഹരി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“നമ്മൾ നിന്റെ വീട്ടിലേക്ക് പോകുന്നു.”
മ്ലാനമായിരുന്ന അവളുടെ മുഖം പെട്ടെന്ന് തെളിഞ്ഞു.
മുന്നോട്ടാഞ്ഞു അവനെ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു.
“താങ്ക്സ് ഇച്ചായാ..”
കുറച്ച് നേരം അവൾ വിട്ടുമാറാതെ അങ്ങനെ തന്നെ ഇരുന്നപ്പോൾ ശ്രീഹരി പറഞ്ഞു.
“മതി മതി.. നമുക്ക് പോകണ്ടേ.”
തെല്ലൊരു ജാള്യതയോടെ അവൾ അവനിൽ നിന്നും അകന്നു മാറി. ശ്രീഹരി ഒരു ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു.
രണ്ടു ദിവസമായി അവളിൽ നിന്നും നഷ്ട്ടപെട്ടിരുന്ന ഉദ്‌മേഷം തിരികെ ലഭിച്ചപോലെയായിരുന്നു പിന്നീടുള്ള അവളുടെ പെരുമാറ്റം.