അധവാ അവൾ ഉള്ളതൊക്കെ തുറന്നു പറഞ്ഞാൽ നമ്മുടെ കുടുംബത്തിൽ ഉള്ളവരുടെ വിലയില്ലേ അവിടെ ഇല്ലാതാകുന്നെ.. അവിടുള്ളവരുടെ മുന്നിൽ അവൾ നാണം കെടുകയല്ലെ ചെയ്യുന്നത്?”
സത്യത്തിൽ ആ ഒരു ചോദ്യം ശ്രീഹരിയുടെ മനസ്സിൽ ശരിക്കും കൊണ്ടു.
“സ്നേഹിക്കാൻ അമ്മയും അനിയത്തിയും ഒക്കെ ഉള്ളതുകൊണ്ടാണ് ഇച്ചായന് ബന്ധുക്കളെയൊക്കെ അകറ്റി നിർത്താൻ കഴിയുന്നത്.. ആരും ഇല്ലാതാകുമ്പോഴേ ഇച്ചായന് ശരിക്കും അതിന്റെയൊക്കെ വില മനസിലാകുകയുള്ളു.”
അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ സ്വരം ഇടറി തുടങ്ങിയിരുന്നു. അത് ശ്രീഹരിക്ക് മനസിലാക്കുകയും ചെയ്തു.
അവളെ തുടർന്ന് പറയാൻ അനുവദിക്കാതെ ശ്രീഹരി പറഞ്ഞു.
“ഇപ്പോൾ എന്താ വീണുന്നെ.. ഞാൻ അവരെ പോയി കല്യാണം വിളിക്കണം. അത്ര അല്ലെ ഉള്ളു, അത് ഞാൻ ചെയ്തോള്ളം.”
ആശ്വാസം നിറഞ്ഞ ഒരു ചിരിയോടെ അവൾ പറഞ്ഞു.
“മതി.. ഇച്ചായൻ ഒന്ന് സംസാരിച്ചാൽ നിങ്ങൾക്ക് ഇടയിലുള്ള എല്ലാ പ്രശ്നങ്ങളും മാറും. അവരും അതിനായി കാത്തിരിക്കുകയാണ്.”
ജീന അവന്റെ തോളിലേക്ക് വീണ്ടും തല ചായ്ച്ചു.
ജീനക്ക് ഈ സന്തോഷ വാർത്ത വിദ്യയേയും അമ്മയെയും അറിയിക്കുന്നതിനേക്കാളേറെ അവന്റെ സാമീപ്യത്തിൽ കുറച്ച് നേരം കൂടി ഇരിക്കാനാണ് തോന്നിയത്. ഇവിടെ വന്നതിനു ശേഷം ഇതുപോലെ അവന്റ തോളിൽ തോളിൽ തലചേർത്തു എല്ലാം മറന്ന് ഇരിക്കുവാൻ അവൾക്ക് ഒരു അവസരം ലഭിച്ചിരുന്നില്ല.
ഭിത്തിയുടെ മറുപുറം നിന്നിരുന്ന വിദ്യ അപ്പച്ചിയുടെ കൈയും പിടിച്ച് താഴേക്ക് നടക്കുന്നതിനിടയിൽ ചോദിച്ചു.
“ഇപ്പോൾ മനസ്സിലായോ ഞങ്ങൾക്ക് ജീനയെ എത്രയും ഇഷ്ട്ടം എന്താണെന്ന്. ആരുടെ മുന്നിലും വഴങ്ങാത്ത ചേട്ടനെ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണമെന്ന് അവൾക്ക് അറിയാം. പക്ഷെ സ്വന്തം ആവിശ്യകൾക്കായി അവൾ ചേട്ടനെ അനുസരിപ്പിക്കാറുമില്ല.”
വാസുകി സത്യത്തിൽ അതിശയിച്ചു നിൽക്കുകയായിരുന്നു. ജീനയുടെ വാക്കുകൾക്ക് മുന്നിൽ ഇത്ര പെട്ടെന്ന് ശ്രീഹരി സമ്മതിക്കുമെന്ന് അവർ വിചാരിച്ചിരുന്നില്ല.
ഒരു ചിരിയോടെ വിദ്യ പറഞ്ഞു.
“അവളുടെ വാക്ക് കേട്ട് അനുസരിച്ചെന്നും പറഞ്ഞു അവളുടെ വാക്കുകൾ കേട്ട് തുള്ളുന്ന ഒരു പെങ്കോന്തനാണ് ചേട്ടനെന്ന് അപ്പച്ചി കരുതണ്ട. ചേട്ടൻ അവളോട് ഒരു കാര്യം ആവിശ്യപ്പെട്ട് കഴിഞ്ഞാൽ അതിൽ നിന്നും ഇടം വലം ജീന ചലിക്കത്തില്ല… അച്ഛനോ അമ്മയോ ഒന്നും ഇല്ലാത്ത എല്ലാരേയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം ആണ് അവൾ.. അപ്പച്ചി ഇനി കല്യാണം കഴിയുന്നവരെ ഇവിടെ വന്നു നിൽക്കുന്നുണ്ടല്ലോ.. ആ ഒരു സമയം മതി അപ്പച്ചിയും അവളെ മനസിലാക്കി സ്നേഹിച്ചു തുടങ്ങാൻ.”
.
.
ശ്രീഹരി ജീനയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു. അമ്മയെയും അനിയത്തിയേയും കൂടെ കൊണ്ടു പോയി ചിറ്റപ്പന്മാരെ കല്യാണത്തിന് വിളിച്ചു. പരസ്പരമുള്ള ഒരു തെറ്റുപറച്ചിലിൽ അവർക്കിടയിൽ ഉണ്ടായിരുന്ന മഞ്ഞു മതിൽ ഉരുകി തുടങ്ങുകയും ചെയ്തു.