“നിങ്ങൾ ഇങ്ങനെ കത്തി വച്ച് കൊണ്ട് നിൽക്കാതെ പോയി തൊഴുത്തിട്ടു വാ.”
“അത് ശരിയാ.. വാ നമുക്ക് തൊഴുത്തിട്ട് വരാം.”
വിദ്യ ജീനയുടെ കൈ പിടിച്ചതും അവൾ പറഞ്ഞു.
“ഏയ്.. ഞാൻ ഇല്ല.. നീ പോയിട്ട് വാ..ഞാൻ ഇവിടെ നിന്നോളം.”
വിദ്യ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
“അതെന്താ.. നിനക്ക് ഞങ്ങളുടെ ദൈവത്തെ ഇഷ്ടമല്ലേ?”
“ഏയ്.. അതല്ല… ഞാൻ ക്ഷേത്രത്തിൽ കയറുന്നത് ആരെങ്കിലും കണ്ട് എന്തെങ്കിലും പറഞ്ഞല്ലോ?”
അതുകേട്ട ജിത്തു പറഞ്ഞു.
“അതിൽ ജീന പേടിക്കണ്ട.. ഈ നാട്ടിലെ ഏറ്റവും വലിയ കട്ട സങ്കി ഞാൻ ആണ്.. ഒരാളും ഒന്നും പറയില്ലെന്ന് ഞാൻ ഉറപ്പ് പറയുന്നു.”
അത് കേട്ട ജീന ഒന്നാലോചിച്ചു ശേഷം പറഞ്ഞു.
“എങ്കിൽ ഇച്ചായനും കൂടി വാ.”
ശ്രീഹരിക്കും ഒന്ന് ക്ഷേത്രത്തിൽ കയറി തൊഴുതാൽ കൊള്ളാമെന്ന് തോന്നി. മിക്ക ദിവസവും അവിടെ വന്നിരിക്കുമെങ്കിലും ഇതുവരെയും ക്ഷേത്രത്തിൽ കയറിയില്ലായിരുന്നു.
അവൻ അവർക്കൊപ്പം ക്ഷേത്രത്തിലേക്ക് നടന്നു.
വിദ്യയുടെ കൈയും പിടിച്ചാണ് അവൻ ക്ഷേത്രത്തിനു ഉള്ളിലേക്ക് കടന്നത്.. ജീവിതത്തിൽ ആദ്യമായാണ് ഒരു ക്ഷേത്രത്തിനുള്ളിൽ കയറുന്നത്, അതിന്റെ ഒരു പരിഭവം അവളുടെ മുഖത്ത് ഉണ്ട്.
വിദ്യക്ക് ഒപ്പം ജീനയും ദേവി വിഗ്രഹത്തെ നോക്കി കണ്ണടച്ച് നിന്ന് തൊഴുതു പ്രാർത്ഥിച്ചു.
ദേവിയെ തൊഴുകയായിരുന്ന ശ്രീഹരിയുടെ നോട്ടം അവിചാരിതമായി ജീനയുടെ മേൽ പതിഞ്ഞു.
കണ്ണടച്ച് നിന്നു പ്രാർത്ഥിക്കുകയാണ് അവൾ. തൂക്കു വിളക്കിൽ തെളിയിച്ചിരുന്നു തിരിയുടെ വെളിച്ചം അവളുടെ മുഖത്തു തന്നെ പ്രതിഫലിക്കുന്നു. ജീവിതത്തിൽ ഇതുവരെയും കാണാത്ത ഒരു ഭംഗിയും തേജസും അവളുടെ മുഖത്ത്. തന്റെ മനസിനെ അവളിലേക്ക് ആകർഷിക്കുന്നത് പോലെ.. മുഖത്തു നിന്നും കണ്ണെടുക്കാനെ തോന്നുന്നില്ല.
കണ്ണുകൾ തുറന്ന ജീന ആദ്യം കണ്ടത് തന്റെ മുഖത്തു തന്നെ നോക്കി നിൽക്കുന്ന ശ്രീഹരിയെ ആണ്.
എന്താ എന്ന അർഥത്തിൽ അവൾ കണ്ണുകൾ കൊണ്ട് ശ്രീഹരിയോട് ആഗ്യം കാണിച്ചു.
ഒരു ചെറു ചിരിയോടെ അവൻ ഒന്നും ഇല്ലെന്ന് അവളെ കണ്ണടച്ച് കാണിച്ചു. അപ്പോഴും അവളുടെ മുഖത്തു എന്തോ ഉണ്ടെന്നുള്ള ഭാവം തന്നെ ആയിരുന്നു.
ശ്രീഹരി ചിരിച്ച് കൊണ്ട് അവളുടെ കൈയും പിടിച്ച് കൊണ്ട് ക്ഷേത്രത്തിനു ചുറ്റും നടന്നു തൊഴുതു. വിദ്യയും അവർക്ക് ഒപ്പം ഉണ്ടായിരുന്നു.
ക്ഷേത്രത്തിനു വെളിയിൽ ഇറങ്ങുമ്പോഴും കൈയിൽ കിട്ടിയ ചന്ദനം അവൾ നെറ്റിയിൽ തൊട്ടില്ലായിരുന്നു.
അത് കണ്ട് അവൻ ചോദിച്ചു.
“നീ ഇതുവരെ ആ ചന്ദനം ഇട്ടില്ലേ?”