“കല്യാണത്തിന്റെ ഒരുക്കങ്ങൾ ഇവിടം വരെ ആയെന്ന് അറിയാനുള്ള സന്ദർശനം എന്നാണ് ഔദ്യോഗികമായി എന്നോട് പറഞ്ഞത്.”
“അതിനു കല്യാണത്തിന് ഇനിയും രണ്ടു മാസം ഇല്ലേ?”
ജീന അവരുടെ ഇടയിൽ കയറി പറഞ്ഞു.
“രണ്ടു മാസം എന്ന് പറയുന്നത് ഇപ്പോഴങ്ങ് പോകും.”
“അതാ.. എനിക്കും പറയാനുള്ളത്.. നമുക്ക് കുറച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യാനുണ്ട് ഏട്ടാ.”
വീടിനകത്തേക്ക് കയറി കൊണ്ട് ശ്രീഹരി പറഞ്ഞു.
“എന്ത് പ്ലാനിംഗ് ആയാലും ഇനി വല്ലോം കഴിച്ചിട്ടേ ഉള്ളു, എനിക്ക് വിശന്നിട്ട് വയ്യ.”
ശ്രീഹരി വീടിനകത്തേക്ക് കയറി പോയപ്പോൾ ജീന വിദ്യയോട് ചോദിച്ചു.
“ആരാ വന്നെന്ന് പറഞ്ഞെ?”
“അത് വാസുകി അപ്പച്ചി.. അച്ഛന്റെ അനിയത്തി ആണ്.”
“എങ്ങനാ കാരക്ടർ?”
“ഇത്തിരി പാര ആണ്. അത് കൊണ്ട് എന്ത് പറഞ്ഞാലും അങ്ങനെ മൈൻഡ് ചെയ്യണ്ട.”
അകത്തേക്ക് കയറുന്നതിനിടയിൽ വിദ്യ തുടർന്നു.
“ഇത്തിരി പാര വയ്പ്പും കുഴുമ്പും കുഞ്ഞായിമയും ഉണ്ടെങ്കിലും ഞങ്ങൾ കടം കയറി നിന്നപ്പോൾ വിവരങ്ങൾ വന്നു തിരക്കാണെങ്കിലും പുള്ളിക്കാരിയെ ഉള്ളായിരുന്നു.”
നേരെ അടുക്കളയിലേക്ക് ചെന്ന ശ്രീഹരി അമ്മയോട് സംസാരിച്ച് കൊണ്ട് നിൽക്കുകയായിരുന്ന വാസുകിയോടു ചോദിച്ചു.
“അപ്പച്ചി.. ഇപ്പോൾ വന്നു?”
ശ്രീഹരിയുടെ ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കികൊണ്ട് വാസുകി പറഞ്ഞു.
“ഞാൻ വന്നിട്ട് കുറച്ച് നേരം ആയെ ഉള്ളു. നിന്നെ തിരക്കിയപ്പോൾ പുറത്തു പോയേക്കുവാണെന്ന് പറഞ്ഞു.”
“അഹ്, ഒരാളെ കാണേണ്ട കാര്യം ഉണ്ടായിരുന്നു.”
“നീ ഇനി കല്യാണം കഴിഞ്ഞിട്ടല്ലേ തിരിച്ചു പോകുള്ളൂ.”
“അതെ അപ്പച്ചി.”
“അതാ നല്ലത്.. രണ്ടു മാസം എന്ന് പറയുന്നത് ഇപ്പോൾ ശടെന്നും പറഞ്ഞങ്ങു പോകും. സമയത്തു കിടന്നു ഓടാൻ നോക്കാതെ എല്ലാം ആദ്യമേ ചെയ്തു തീർത്തേക്കണം.”
“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം.. പിന്നെ ഈ ചടങ്ങുകളുടെ കാര്യങ്ങളൊക്കെ ആണ് ഒരു കൺഫ്യൂഷൻ.”
“അതൊക്കെ ഞങ്ങൾ പറഞ്ഞു തന്നോളം.. കല്യാണത്തിന് ഒരു 20 ദിവസം ഉള്ളപ്പോൾ ഞാൻ ഇങ്ങു വരും. പിള്ളേരൊക്കെ പിന്നെ കല്യാണം അടുപ്പിച്ച് വന്നാൽ മതിയല്ലോ.”
അപ്പോഴേക്കും ജീനയും വിദ്യയും അടുക്കളയിലേക്ക് എത്തി. വാസുകി ജീനയെ കണ്ട് അവളെ തന്നെ ഒന്ന് നോക്കി.
ജീന അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ശ്രീഹരിയോട് പറഞ്ഞു.
“ഇച്ചായന് വിശക്കുന്നില്ലേ.. ഞാൻ ഫുഡ് എടുക്കാം.”
ശ്രീഹരി ഹാളിലേക്ക് നടന്നപ്പോൾ വാസുകി ജീനയോട് ചോദിച്ചു.
“നീ ഏതാ കൊച്ചെ?”