ഒന്ന് നോക്കി ചിരിച്ച ശേഷം അവൾ പാത്രം കഴുകി തുടങ്ങിയപ്പോൾ ‘അമ്മ പറഞ്ഞു.
“ഹരിയുടെയും വിദ്യയുടെയും മനസ്സിൽ എന്നും ഒരു കറുത്ത പാടായി കിടക്കേണ്ട സംഭവം മോള് ഒരു നിമിഷം കൊണ്ട് പറഞ്ഞു ഇല്ലാതാക്കി അല്ലെ.”
ജീന അദ്‌ഭുതത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി.
“ഞാൻ അവിടെ ഭിത്തിക്ക് പിന്നിൽ ഉണ്ടായിരുന്നു.”
ജീന അടുക്കളയിലേക്ക് വിദ്യ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ച ശേഷം പറഞ്ഞു.
“ഞാൻ ഒരു കാര്യം പറഞ്ഞാൽ ‘അമ്മ കേൾക്കുമോ?”
“എന്താ?”
“ഈ കാര്യം അറിഞ്ഞതായി ‘അമ്മ ഭാവിക്കണ്ട. ചിലപ്പോൾ വിദ്യക്ക് അത് വിഷമം ആകും.”
അവളുടെ കവിളിൽ തടവിക്കൊണ്ട് ‘അമ്മ പറഞ്ഞു.
“ഒരു കുടുംബത്തിൽ എന്നും കരടായി മാറേണ്ട സംഭവങ്ങളെ തുടക്കത്തിലേ ഇല്ലാതാക്കാൻ മോൾക്ക് നന്നായി അറിയാം.”
ജീന അതിനു മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
.
.
ദിവസങ്ങൾ പെട്ടെന്നാണ് കടന്നു പോയത്. ശ്രീഹരിയും ജീനയും വീട്ടിൽ എത്തിയിട്ട് ആഴ്ചകൾ മൂന്നു കടന്നു പോയിരിക്കുന്നു. എങ്ങനെയാ ഇത്രയും ദിവസങ്ങൾ കടന്നു പോയതെന്ന് അവർക്ക് തന്നെ അറിയില്ല. വിദ്യയുടെ വാക്കുകൾ പോലെ തന്നെ അമ്മയെ പുറത്താക്കി ജീന അടുക്കള കൈയടക്കിയ അവസ്ഥ ആണിപ്പോൾ. അമ്മയ്ക്കും അതിൽ സന്തോഷമേ ഉള്ളു. അവളുണ്ടാക്കുന്ന ഭക്ഷണം വീട്ടിൽ എല്ലാപേർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
അമ്മയ്ക്ക് ആകെയുള്ള പരാതി ജീന ഒരു സമയവും ചുമ്മാ ഇരിക്കില്ല എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടേ ഇരിക്കും എന്നുള്ളതാണ്.
ശ്രീഹരി പിന്നെ വന്ന നാളുമുതൽ കറക്കത്തിൽ ആയിരുന്നു. കൂട്ടുകാർ ആരെങ്കിലും രാവിലെ വന്നു എവിടെയെങ്കിലും പോകാനും പറഞ്ഞു വിളിക്കും കൂടെ ഇറങ്ങി പോകും പിന്നെ തിരികെ വരുന്നത് വൈകുന്നേരമോ ചിലപ്പോൾ രാത്രിയോ ആയിരിക്കും. വൈകുന്നേരം വന്നാൽ തന്നെ പിന്നെ ക്ഷേത്രത്തിൽ പോയി കൂട്ടുകാരോട് കഥ പറഞ്ഞിരിക്കും. അല്ലെങ്കിൽ കൂട്ടുകാർ അവന്റെ വീട്ടിലേക്ക് വരും.
രാവിലെ ശ്രീഹരിയെ തട്ടി ഉണർത്തികൊണ്ട് ജീന പറഞ്ഞു.
“എഴുന്നേറ്റേ ഇച്ചായാ.. ഞാൻ ഇന്നലെ പറഞ്ഞതാ ഇന്ന് രാവിലെ എഴുന്നേൽക്കണമെന്ന്.”
തിരിഞ്ഞു കിടന്നുകൊണ്ട് അവൻ ചോദിച്ചു.
“ഇത്ര രാവിലെ എഴുന്നേറ്റിട്ട് എന്ത് ചെയ്യാനാണ്?”
“ഇന്ന് ഞായറാഴ്ച ആണ്. എന്നെയൊന്നു പള്ളിയിൽ കൊണ്ട് പോകണം.”
അവൻ പെട്ടെന്ന് കണ്ണ് തുറന്നുകൊണ്ട് ചോദിച്ചു.
“അപ്പോൾ നിനക്ക് ദൈവത്തോടുള്ള പിണക്കമൊക്കെ മാറിയോ?”
അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു.
“പൂർണമായും മാറീട്ടില്ല. എങ്കിലും മാറി വരുന്നു.”
ശ്രീഹരി ബെഡിൽ എഴുന്നേറ്റ് ഇരുന്നു.