ജീനയുടെ സ്വരം തനിക്കെതിരെ അങ്ങനെ ഉയരാറില്ലെന്ന് അവനറിയാം. താൻ പാതി തമാശയായി പറയുന്ന ഈ കാര്യങ്ങൾ വിദ്യയെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടെന്ന് ജീനയുടെ ശബ്‌ദം ഉയർന്നപ്പോഴാണ് ശ്രീഹരി ബോധവാനായത്.
ഭാഗ്യത്തിന് ശ്രീഹരിയുടെ വിളി അടുക്കളയിൽ നിന്ന ‘അമ്മ കേട്ടതും ഇല്ല.
പക്ഷെ ഈ സന്ദർഭത്തിൽ വിദ്യയ്ക്ക് അദ്‌ഭുതമാണ് തോന്നിയത്. തനിക്കെതിരെ ആരും ശബ്‌ദം ഉയർത്താൻ ശ്രീഹരി സമ്മതിക്കാറില്ല. ആരെങ്കിലും ഉയർത്തിയാൽ തന്നെ പിന്നെ ഉയരാത്തവിധം അതിനുള്ള മറുപടിയും നൽകും. പക്ഷെ ഇവിടെ ജീനയുടെ ഒറ്റ വാക്കിന് മുന്നിൽ തന്നെ അവൻ നിശബ്തനായിരിക്കുന്നു. ആ ഒരു നിമിഷത്തിൽ തന്നെ ജീനക്ക് ശ്രീഹരിയുടെ മേൽ എത്ര മാത്രം സ്വാധീനം ഉണ്ടെന്ന് വിദ്യ മനസിലാക്കി.
ശബ്‌ദം താഴ്ത്തി ജീന പറഞ്ഞു.
“വിദ്യ ചെയ്തത് തെറ്റ് തന്നാണ്. ഞാൻ അതിനെ ഞാൻ ഒരിക്കലും ന്യായീകരിക്കില്ല. അതുപോലെ തന്നെ ഇച്ചായന്റെ കാര്യങ്ങളും എനിക്കറിയാവുന്ന പോലെ വേറെ ആർക്കും അറിയില്ല. അതുകൊണ്ട് ഇച്ചായൻ ഇനി അവളെ കളിയാക്കരുത്.”
ശ്രീഹരി ജീനയുടെ മുഖത്തേക്ക് നോക്കി.
“അവൾ വിവേകിനെ ഇഷ്ട്ടപെട്ടു അവർ സ്നേഹിച്ചു. പക്ഷെ അവൾ വീട്ടുകാർ അറിയാതെ അവന്റെ കൂടെ ഇറങ്ങി പോവുകയോ ഒന്നും ചെയ്തില്ലല്ലോ. ആർക്കും ദോഷം വരാത്ത രീതിയിൽ കല്യാണ ആലോചന ഇച്ചായന്റെ മുന്നിൽ എത്തിക്കുകയല്ലേ ചെയ്തത്. അവൾ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല.”
വിദ്യയെ നോക്കികൊണ്ട് ജീന പറഞ്ഞു.
“ഇച്ചായൻ നിന്നോട് ഒരു സുഹൃത്തിനെ പോലെയല്ലേ പെരുമാറിയിരുന്നത്. നിന്റെ ഏതെങ്കിലും ഒരു ആഗ്രഹത്തിന് എതിര് നിന്നിട്ടുണ്ടോ? അച്ഛൻ മരിച്ചു ഈ കുടുംബം മൊത്തം കടത്തിൽ കയറിയപ്പോൾ നിന്നെ പഠിപ്പിക്കുന്നതിനും കൂടി വേണ്ടിയല്ലേ ഇച്ചായൻ വിശ്രമമില്ലാതെ കഷ്ട്ടപെട്ടത്. അങ്ങനെ ഉള്ളപ്പോൾ ഈ ഒരു കാര്യത്തിൽ നീ കുറച്ച് അതിബുദ്ധി കാണിച്ചു. അത് നിന്റെ ഏട്ടന് മനസിലായപ്പോൾ നീ ഇച്ചയേനെ പൊട്ടൻ കളിപ്പിച്ചു എന്ന് ഫീൽ ചെയ്തു. അത് കൊണ്ടാ ഇച്ചായൻ അങ്ങനൊക്കെ പറഞ്ഞത്, നീ അത് കാര്യമാക്കണ്ട.”
പിന്നെ ആരും ഒന്നും മിണ്ടിയില്ല. നിശബ്തരായി ഇരുന്നു കഴിച്ചു.
ശ്രീഹരി കഴിച്ച് കഴിഞ്ഞ് കൈ കഴുകാനായി പോകാൻ എഴുന്നേറ്റപ്പോൾ വിദ്യ അവനെ വിളിച്ചു.
“ഏട്ടാ..”
അവൻ വിദ്യയുടെ മുഖത്തേക്ക് നോക്കി.
“സോറി ഏട്ടാ..”
ശ്രീഹരി പുഞ്ചിരിയോടെ അവളുടെ കവിളിൽ തട്ടിയ ശേഷം കൈ കഴുകാൻ പോയി.
വിദ്യ ശബ്‌ദം താഴ്ത്തി ജീനയോട് പറഞ്ഞു.
“താങ്ക്സ്.”
ജീന ഒരു പുഞ്ചിരിയോടെ കഴിച്ചു തീർന്ന തന്റെയും ശ്രീഹരിയുടെയും പാത്രം എടുത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നു. അവൾ ചെല്ലുമ്പോൾ ‘അമ്മ അടുപ്പും തിട്ടയിൽ ചാരി നിൽക്കുകയായിരുന്നു.