അവന്‍ ചെന്നു ബൈക്ക് എടുത്ത് സ്റ്റാര്‍ട്ട് ചെയ്തു. സക്കീര്‍ പോലും ഭയന്നു വിറച്ച് ഇരിക്കുകയായിരുന്നു. അയാള്‍ക്ക് അവനെ നോക്കാനുള്ള ധൈര്യം പോലും വന്നില്ല. ഡോണ പിന്നില്‍ കയറിയപ്പോള്‍ വാസു ബൈക്ക് മുന്‍പോട്ടെടുത്തു. ഡോണ സ്വയം മറന്ന അവസ്ഥയിലായിരുന്നു. വാസുവിന്റെ വാക്കുകള്‍ അവളുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നു. തന്നെ ഒരു സഹോദരി ആയാണ് അവന്‍ കാണുന്നത്. താന്‍ ഇരിക്കുന്നത് ശക്തനായ, ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കാത്ത തന്റെ ആങ്ങളയുടെ കൂടെയാണ്. അവള്‍ക്ക് ഓര്‍ത്തപ്പോള്‍ കരച്ചില്‍ വന്നു.
“വാസൂ..നീ എന്നെ കരയിപ്പിച്ചു. ഒരിടത്തും പതറാത്ത എന്റെ മനസ് ഇന്നെനിക്ക് കൈമോശം വന്നെടാ പോത്തെ..” അവന്റെ പിന്നില്‍ മുഖം അമര്‍ത്തി കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു.
“മിണ്ടാതിരിക്കെടി..ആ വിഷമം മാറാന്‍ പോകുന്ന വഴിക്ക് ഏതെങ്കിലും ബാറില്‍ നിന്നും നീ എനിക്കൊരു ബിയര്‍ വാങ്ങി തന്നേക്ക്…”
“പോടാ കാട്ടാളാ….എന്നെ കരയിച്ചിട്ടു ഞാന്‍ തന്നെ നിനക്ക് വാങ്ങിത്തരണം അല്ലെ..” അവള്‍ അവന്റെ പിന്നില്‍ ഇടിച്ചു.
—————-
ദിവ്യ കട്ടിലില്‍ കിടന്നുകൊണ്ട് പൌലോസിന്റെ വാട്ട്സപ്പ് പ്രൊഫൈല്‍ ഫോട്ടോയില്‍ നാണത്തോടെ നോക്കുകയായിരുന്നു. തനിക്ക് കൊച്ചിയില്‍ പോകാന്‍ താല്‍പര്യമില്ല എന്നറിഞ്ഞുകൊണ്ടല്ലേ സാറ് നേരിട്ട് പരാതി അങ്ങോട്ട് അയച്ചുകൊടുത്തത്? താന്‍ ഇറങ്ങാന്‍ നേരം തന്നെ നോക്കി ചിരിച്ചത് തന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ! അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് മധുരസ്മരണകള്‍ അയവിറക്കിക്കൊണ്ട് ആ ചിത്രം പല ആവര്‍ത്തി നോക്കി.
പക്ഷെ സാറ് വേറെ മതക്കാരനാണ്; ദിവ്യ വിഷമത്തോടെ ഓര്‍ത്തു. താന്‍ സാറിനെ സ്നേഹിച്ചാല്‍ അച്ഛനും അമ്മയും ആ കല്യാണത്തിനു സമ്മതിക്കുമോ ആവോ! ഇനി അച്ഛനും അമ്മയും സമ്മതിച്ചാലും സാറിന്റെ അച്ഛനും അമ്മയും സമ്മതിക്കുമോ? ആരെതിര്‍ത്താലും എനിക്ക് സാറിനെ തന്നെ മതി എന്ന് പറഞ്ഞാല്‍ പിന്നെ എന്ത് പേടിക്കാന്‍. പക്ഷെ സാറും അങ്ങനെ തന്നെ പറയണം. സാറിന് ആരെയും പേടി ഒന്നുമുള്ള ആളല്ല. എന്നാലും..പക്ഷെ സാറ് തന്നെ ശരിക്കും ഇഷ്ടപ്പെടുന്നുണ്ടോ? അവള്‍ പൌലോസിന്റെ മനസ് അറിയാന്‍ പലവഴികളും ആലോചിച്ചു. ഒരു മെസേജ് അയച്ചാലോ എന്നവള്‍ക്ക് തോന്നി. പക്ഷെ മുരട്ടു സ്വഭാവമാണ്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്തായിരിക്കും പ്രതികരണം എന്ന് പറയാന്‍ പറ്റില്ല. എന്തായാലും ചോദിക്കാതെ അറിയാന്‍ പറ്റില്ലല്ലോ. തനിക്ക് സാറിന്റെ മനസ് അറിയാതെ ഇനി പറ്റില്ല. അറിഞ്ഞേ പറ്റൂ. ദിവ്യ കട്ടിലില്‍ കമിഴ്ന്നു കിടന്നുകൊണ്ട് പൌലോസിന് ഒരു മെസേജ് ടൈപ് ചെയ്തു. പക്ഷെ അവള്‍ക്കത് ഇഷ്ടപ്പെട്ടില്ല; അതുകൊണ്ട് അവളത് കളഞ്ഞിട്ടു വീണ്ടും ടൈപ് ചെയ്തു. അങ്ങനെ പലതവണ പല രീതിയില്‍ എഴുതിയിട്ടും അവള്‍ക്ക് തൃപ്തി വന്നില്ല.