“ഷാജി..നിങ്ങള്‍ ചെയ്ത തെറ്റ് നിങ്ങളോട് ക്ഷമിക്കാന്‍ മാത്രമല്ല, അതുമൂലം ഇപ്പോള്‍ നിങ്ങള്‍ക്കെതിരെ കമ്മീഷണര്‍ എടുക്കാന്‍ പോകുന്ന നടപടിയില്‍ നിന്നുപോലും നിങ്ങളെ രക്ഷിക്കാനും ഞങ്ങള്‍ ഒരുക്കമാണ്. നിനക്കറിയാമല്ലോ..രണ്ട് കേസുകളാണ് നിനക്കെതിരെ ഈ പരാതിയില്‍ എസ് ഐ പൌലോസ് എഴുതിപ്പിച്ചിരിക്കുന്നത്. ഒന്ന് പ്രായപൂര്‍ത്തി ആകാത്ത, സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ നടത്തിയ ശ്രമം. അതില്‍ ഇടപെട്ട പോലീസിനെ മര്‍ദ്ദിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. ഇതിനെല്ലാം സാക്ഷികളും ഉണ്ട്. നിനക്ക് ജാമ്യം പോലും കിട്ടാന്‍ പ്രയാസമാണ്. അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന ക്ലീന്‍ കേസാണ് ഇത്. പക്ഷെ നിനക്കെതിരെ നടപടി ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ വിചാരിച്ചാല്‍ സാധിക്കും..”
ഡോണയാണ് അത് പറഞ്ഞത്.
“ദാ..നിനക്കെതിരെ ഉള്ള പരാതിയുടെ കോപ്പി ആണ്. വേണേല്‍ വായിച്ചു നോക്കാം” അവള്‍ ആ പേപ്പര്‍ അവനു നേരെ നീട്ടി.
“ഓലപ്പാമ്പിനെ കാണിച്ചു പേടിപ്പിച്ചു ഷാജിയെ വിലയ്ക്കെടുക്കാന്‍ ഇറങ്ങിയിരിക്കുകയാണ് രണ്ടുംകൂടി അല്ലെ? നിന്റെ പെണ്ണിനെ വേണ്ടിവന്നാല്‍ ഇനിയും ഞാന്‍ പൊക്കും; പുല്ലുപോലെ. വേണ്ടി വന്നാല്‍ ദാ ഇവളെയും പൊക്കിക്കൊണ്ട് പോയി എന്റെ സാറന്മാര്‍ക്ക് ഇട്ടുകൊടുക്കും..മനസിലായോടാ…”
വെല്ലുവിളിയോടെ ഷാജി പറഞ്ഞ വാക്കുകള്‍ തീരാന്‍ അനുവദിക്കാതെ വാസു ഒന്ന് ചലിച്ചു; ഒരു ചീറ്റപ്പുലിയുടെ വേഗത്തില്‍. അവന്റെ വലതുകാല്‍ ഷാജിയുടെ ഇടതു തുടയില്‍ ആഞ്ഞു പതിച്ചുകഴിഞ്ഞിരുന്നു. നിലത്തേക്ക് ചെരിഞ്ഞു വീണുപോയ ഷാജിയുടെ വാരിയെല്ലില്‍ വാസു ആഞ്ഞു ചവിട്ടി. പക്ഷെ അവന്‍ വേഗം ഉരുണ്ടുമാറി. എഴുന്നേല്‍ക്കാന്‍ ശ്രമിച്ച ഷാജിയുടെ താടിയുടെ അടിയില്‍ വാസു പന്ത് തട്ടുന്നതുപോലെ ഷൂസിട്ട കാല്‍കൊണ്ടു തട്ടി. ഒരു നിലവിളിയോടെ അവന്‍ മലര്‍ന്നു വീണു. ഒന്ന് മേലെക്കുയര്‍ന്ന വാസുവിന്റെ കാല്‍ അവന്റെ നെഞ്ചില്‍ ഊക്കോടെ പതിഞ്ഞു.
“തൊടില്ല നീ..നീയെന്നല്ല ഒരു നായിന്റെ മോനും….അങ്ങനെ ചിന്തിക്കാന്‍ പോലും നീ ധൈര്യപ്പെടില്ല….മനസ്സിലായോടാ കഴുവര്‍ട മോനെ..നിന്റെ നിഴല്‍ വീഴില്ല എന്റെ ഈ പെങ്ങളുടെ ദേഹത്ത്..പട്ടിക്കഴുവേറീ…..”
വാസു രോഷാകുലനായി അലറി. ഡോണ മുന്‍പൊരിക്കലും ഇത്രയധികം കോപാക്രാന്തനായി അവനെ കണ്ടിട്ടുണ്ടായിരുന്നില്ല. ഷാജിയുടെ കഴുത്തില്‍ ചവിട്ടാനായി കാലുയര്‍ത്തിയ വാസുവിനെ ഡോണ തടഞ്ഞു. അവള്‍ വേണ്ട എന്ന് തലയാട്ടി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് വാസു ആദ്യമായി കണ്ടു. ഷാജി തകര്‍ന്നു പോയിരുന്നു. എഴുന്നേല്‍ക്കാന്‍ സാധിക്കാതെ അവന്‍ കിടന്നു ഞരങ്ങി. ദൂരെ നിന്നു സംഗതി കണ്ടുകൊണ്ടു നിന്നിരുന്ന അവന്റെ അണികള്‍ക്ക് അങ്ങോട്ട് അടുക്കാനുള്ള ധൈര്യം ഉണ്ടായില്ല.
“വാടീ..നമുക്ക് പോകാം. ഇവനല്ല ഇവന്റെ ആ ഇരിക്കുന്ന തന്തപ്പടി നിനക്ക് വേണ്ട മൊഴി നീ ആഗ്രഹിക്കുന്നതുപോലെ നല്‍കും..ഡാ പുല്ലേ. ഇനി നീ എന്റെ കാലില്‍ വീണു സ്വയം പറയും നിന്റെ സാറന്മാര്‍ക്ക് എതിരെയുള്ള സത്യം. നീ അത് കുറിച്ചിട്ടോ.” പോകുന്നപോക്കില്‍ ഒരു ചവിട്ടുകൂടി അവനു കൊടുത്തിട്ട് വാസു പറഞ്ഞു.