“അടിക്കടാ അവനെ” ഷാജി അണികളോട് അലറി. പക്ഷെ ബോധം കെട്ടുകിടന്നവനെ കണ്ടു ഭയന്ന് പോയിരുന്ന അവന്മാര് മാറി നിന്നതെ ഉള്ളു.
“പേടിത്തൊണ്ടന്മാര്..” അവരെ പുച്ഛത്തോടെ നോക്കി നിലത്തേക്ക് കാറിത്തുപ്പിയ ശേഷം ഷാജി അരയില്‍ നിന്നും കത്തി വലിച്ചൂരി വാസുവിന് നേരെ അടുത്തു. വാസു കൈകാണിച്ച് അവനെ തടഞ്ഞുനിര്‍ത്തി.
“ഡാ..നിനക്ക് സൌകര്യം ഉണ്ടെങ്കില്‍ ആദ്യം ഞാന്‍ പറയുന്നതൊന്നു കേള്‍ക്ക്. നിന്റെ വിവരമില്ലാത്ത തന്തക്കിഴങ്ങന് പറയുന്നത് കേട്ട് അടി ഇരന്നു വാങ്ങാന്‍ വരരുത്. നിനക്ക് ഗുണമുള്ള ഒരു കാര്യം പറയാന്‍ ആണ് ഞാനും ഇവളും കൂടി വന്നത്. അല്ലാതെ നിന്നോട് തല്ലുംപിടിയും കൂടാനല്ല..” വാസു പറഞ്ഞു..
“അവന്റെ പ്രസംഗം കേട്ടു നിക്കാതെ പള്ളയ്ക്ക് കത്തി കേറ്റടാ മോനെ..” സക്കീര്‍ അലറി. അയാള്‍ക്ക് എഴുന്നേല്ക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല. അമിതമായി ചെലുത്തിയ മദ്യം അയാളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു..
ഷാജി ഇരുമനസോടെ വാസുവിനെ നോക്കി.
“നീ ആലോചിക്കണ്ട. നിന്റെ തന്ത പറയുന്നത് വിട്ടുകള. അതല്ലെങ്കില്‍ ഞങ്ങള്‍ക്ക് പറയാന്‍ ഉള്ളത് കേട്ട ശേഷം നമുക്ക് അടിക്കാം. ആദ്യം നീ ഞങ്ങള്‍ പറയാന്‍ വന്ന വിവരം ഒന്ന് കേള്‍ക്ക്”
“പറ..എന്താണ് വിഷയം?” അവസാനം അവനു പറയാനുള്ളത് അറിഞ്ഞേക്കാം എന്ന് കരുതി ഷാജി ചോദിച്ചു.
“ഇവിടെ വേണ്ട..നീ തനിച്ചുമതി. നമുക്ക് അല്‍പ്പം അങ്ങോട്ട് മാറി നിന്നു സംസാരിച്ചാലോ?”
“ശരി വാ”
ഡോണയും വാസുവും ഷാജിയും കൂടി അല്പം ഒഴിഞ്ഞ ഭാഗത്തേക്ക് മാറി.
“ഷാജി..നിന്റെ എല്ലൂരി നിന്റെ തന്തപ്പടിക്ക് കൊടുക്കാന്‍ എനിക്ക് ഒരു മിനിറ്റില്‍ താഴെ സമയം മതി. അതിനുള്ള കാരണവും നീ തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ട്. നീ തട്ടിക്കൊണ്ടുപോകാന്‍ നോക്കിയില്ലേ? അത് വേറാരുമല്ല; ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണാണവള്‍; അറിയാമോടാ?..അതുകൊണ്ടാണ് നിന്റെ മേല്‍ എനിക്ക് അപ്പോള്‍ കൈ വയ്ക്കേണ്ടി വന്നത്..”
വാസു അവന്റെ കണ്ണിലേക്ക് നോക്കി സൌമ്യമായി പറഞ്ഞു. പക്ഷെ അവന്റെ സംസാരം കേട്ടപ്പോള്‍ ഞെട്ടിയത് ഷാജി ആയിരുന്നില്ല, മറിച്ച് ഡോണ ആണ്. അവള് ഒരിക്കലും അങ്ങനെ ഒന്ന് കരുതിയിരുന്നില്ല. ദിവ്യ വാസുവിന്റെ സഹോദരിയെപ്പോലെ ആണെന്നാണ് അവള് ധരിച്ചിരുന്നത്. വാസു അതെപ്പറ്റി അവളോട് പറഞ്ഞിട്ടുമുണ്ടായിരുന്നില്ല. അവളെ അവന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ ദിവ്യയുടെ പെരുമാറ്റത്തിന്റെ കാരണങ്ങള്‍ ഡോണയ്ക്ക് വ്യക്തമായി. വെറുതെയല്ല അവള് തന്നോടും വളരെ കോപത്തോടെ സംസാരിച്ചത്.
“നീ വലിയ ഡയലോഗടിക്കാതെ പറയാന്‍ വന്നത് പറഞ്ഞിട്ട് പോടാ” ഷാജി മുരളുന്നത് കേട്ടപ്പോള്‍ അവളുടെ മനസ് തിരികെയെത്തി.
വാസു ചിരിച്ചു. ആ ചിരിയില്‍ നിന്നും അവന് സ്വയം നിയന്ത്രിക്കാന്‍ നന്നായി പാടുപെടുന്നുണ്ട് എന്ന് ഡോണയ്ക്ക് മനസിലായി.