“എനിക്കവനെ വലിയ ഇഷ്ടമാണ്. നമ്മുടെ ഏത് ആവശ്യത്തിനും കൂടെ നിന്നിട്ടുള്ള അവനെ കൊന്നുകളയാന്‍ ഒരു മടി. ഇല്ലെങ്കില്‍ അതായിരുന്നു എളുപ്പം” അര്‍ജ്ജുന്‍ ക്രൂരമായ മുഖഭാവത്തോടെ പറഞ്ഞു.
“പിന്നെന്ത് ചെയ്യാനാണ് നിന്റെ പ്ലാന്‍? നമ്മുടെ പക്കല്‍ രണ്ട് ഓപ്ഷന്‍സ് ഉണ്ട്. ഒന്ന് വാസുവിനെ തട്ടുക. അതല്ലെങ്കില്‍ ഷാജിയെ ഇല്ലാതാക്കുക. ഷാജി അവനോ അവള്‍ക്കോ കീഴ്പ്പെട്ടാല്‍ അവന്റെ നാവില്‍ നിന്നും നമുക്കെതിരെ ധാരാളം കാര്യങ്ങള്‍ വരാന്‍ ചാന്‍സുണ്ട്. അതുകൊണ്ട് അവനെ ഇല്ലാതാക്കുന്നതാണ് ഏറ്റവും നല്ലത്. വാസുവിനെ നമുക്ക് ഉടനെ കൊല്ലാന്‍ സാധിക്കാത്തത് കൊണ്ട്, അവനു കൊടുക്കേണ്ട പണി അവന്റെ വീട്ടുകാര്‍ക്കും ഡോണയ്ക്കും കൊടുക്കാം; അതിനു ശേഷം അവനെ നമുക്ക് നേരില്‍ ഒന്ന് കാണാം..എന്താ?” മാലിക്ക് പറഞ്ഞു.
“ഷാജിയെ നമുക്ക് വിശ്വസിക്കാം. പക്ഷെ അവന്‍ പറഞ്ഞത് പോലെ ഗതികെട്ടാല്‍ അവന്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി അവരെ അനുസരിച്ചെന്നു വരും. ആ സാഹചര്യം ഒഴിവാക്കുകയാണ് നമ്മള്‍ വേണ്ടത്. അതായത് വാസു ഇനി അവനെ കണ്ടു ഭീഷണിപ്പെടുത്താന്‍ പാടില്ല. ഡോണ കളിക്കുന്നതും അവന്‍ കൂടെയുണ്ട് എന്ന ധൈര്യത്തിലാണ്. അവനില്ലാതായാല്‍, പിന്നെ അവള്‍ അധികം കളിക്കാന്‍ ഇടയില്ല. പക്ഷെ വാസുവിനെ തല്‍ക്കാലം നമുക്ക് കൊല്ലണ്ട. പകരം അവന്‍ ഒന്നിനും കൊള്ളാത്ത പരുവത്തില്‍ ആയാല്‍ പോരെ? ഒരു വാഹനാപകടം..അതുമല്ലെങ്കില്‍ പണി അറിയാവുന്ന ആണ്‍പിള്ളേരെ വച്ച് ഇരുട്ടത്ത് ഒരു പ്രയോഗം. എന്ത് തന്നെ ചെയ്താലും അവന്‍ അതോടെ തീരരുത്, പക്ഷെ വീഴണം. പിന്നെ ഇന്ന് കാണുന്ന രൂപത്തില്‍ ഒരിക്കലും അവന്‍ എഴുന്നേല്‍ക്കാന്‍ പാടില്ല” അര്‍ജ്ജുന്‍ തന്റെ പങ്കാളികളെ നോക്കി പറഞ്ഞു.
“അതെ. അതാണ് നല്ലത്. ഷാജി മരിച്ചാലും വാസു എന്ന ഭീഷണി നമ്മുടെ മുന്‍പില്‍ നിലനില്‍ക്കും. അതുകൊണ്ട് അവനെയാണ് നമ്മള്‍ ഒതുക്കേണ്ടത്. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഷാജിയെ ഇവിടെ നിന്നും എങ്ങോട്ടെങ്കിലും മാറ്റണം. നമ്മള്‍ വാസുവിനെ വീല്‍ ചെയറിലോ കട്ടിലിലോ ആക്കുന്നത് വരെ അവന്‍ അവന്റെ കൈയില്‍ പെടാന്‍ പാടില്ല” സ്റ്റാന്‍ലി പറഞ്ഞു.
“ഷാജിയെ ഞാന്‍ അച്ഛന്റെ അടുത്തേക്ക് അയച്ചോളാം; മംഗലാപുരത്തേക്ക്. നാളെത്തന്നെ; വാസുവിനെ കിടത്തുന്നത് വരെ അവനവിടെ നില്‍ക്കട്ടെ” അര്‍ജ്ജുന്‍ അവരെ നോക്കി.
“അത് മതി. ഇനിയുള്ളത് വാസുവാണ്. ആദ്യം അവന്‍ താമസിക്കുന്ന സ്ഥലം നമുക്ക് കണ്ടെത്തണം. പിന്നെ അവന്റെ ഓരോ ദിവസത്തെയും പരിപാടി മനസിലാക്കണം. അവനെ നിരീക്ഷിക്കാന്‍ പറ്റിയ ആരെ എങ്കിലും ഏര്‍പ്പാട് ചെയ്യണം. അതിനു ശേഷം അവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കാം. എന്റെ അഭിപ്രായത്തില്‍ ഒരു വാഹനാപകടമായിരിക്കും സുരക്ഷിതം. അഥവാ തട്ടിപ്പോയാലും നമ്മളെ സംശയിക്കില്ലല്ലോ? പക്ഷെ ഉപയോഗിക്കുന്ന വണ്ടിയും നമ്മളും തമ്മില്‍ യാതൊരു ബന്ധവും പാടില്ല. അതേപോലെ നമുക്ക് നേരില്‍ പരിചയമില്ലാത്ത ഏതെങ്കിലും പുറം പാര്‍ട്ടിയെ ഈ പണി ഏല്‍പ്പിക്കുന്നതാകും ബുദ്ധി. എന്ത് പറയുന്നു?” മാലിക്ക് ചോദിച്ചു.
“അതെ; അതുമതി. അച്ഛന്റെ കെയറോഫില്‍ മംഗലാപുരത്തു നിന്നും ഒരു ടീമിനെ ഞാന്‍ വരുത്താം. അവനും അവളും കൂടി വണ്ടിയില്‍ പോകുന്ന സമയത്ത് ചെറിയ ഒരു അപകടം. കഴിവതും മരണം ഉണ്ടാക്കാതെ നോക്കാന്‍ വരുന്നവന്‍മാരോട് പറയാം; ഇനി അഥവാ തട്ടിപ്പോകുന്നെങ്കില്‍ പോകട്ടെ; നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത വണ്ടിയും ആളും ആയതുകൊണ്ട് പേടിക്കാനില്ലല്ലോ. ഇത്തരം അപകടങ്ങളില്‍ സ്പെഷലൈസ് ചെയ്ത ചില ടീമുകള്‍ അവിടെയുണ്ട് ” അര്‍ജ്ജുന്‍ പറഞ്ഞു.