“അത് നാളെ പറയാം. മോന്‍ ഇപ്പം പോ..പപ്പാ പറഞ്ഞതുപോലെ സൂക്ഷിച്ചു പോണം കേട്ടോ”
“ഇല്ലടി..സൌകര്യമില്ല സൂക്ഷിച്ചു പോകാന്‍” ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് വാസു പറഞ്ഞു.
“പറഞ്ഞാല്‍ കേട്ടില്ലേല്‍ നീ വാങ്ങും.”
അവള്‍ കൈ ചുരുട്ടി അവനെ കാണിച്ചു. വാസു ഭയം നടിച്ചു കൈകള്‍ കൂപ്പി. പിന്നെ പുഞ്ചിരിയോടെ ബൈക്ക് തിരിച്ച് മുന്‍പോട്ടെടുത്തു. ഡോണ അവനെ നോക്കി കൈവീശി കാണിച്ചു. അവളുടെ മനസ്സില്‍ സന്തോഷം നുരഞ്ഞു പൊന്തുകയായിരുന്നു. നിറഞ്ഞ മനസോടെ അവള്‍ വീട്ടിലേക്ക് നടന്നു.
—————————
“പന്നക്കഴുവേറി..അവന്‍ അത്രയക്കായോ?”
പല്ലുകള്‍ ഞെരിച്ചുകൊണ്ട് അര്‍ജുന്‍ ആക്രോശിച്ചു. അറേബ്യന്‍ ഡെവിള്‍സിന്റെ ബംഗ്ലാവില്‍ വാസുവിന്റെ അടിയേറ്റ് പരുക്ക് പറ്റിയ ഷാജി ദയനീയമായ അവസ്ഥയില്‍ തന്റെ നേതാക്കളെ കാണാന്‍ എത്തിയതായിരുന്നു.
“ഷാജീ..നീ പോ. നിനക്ക് വയ്യെങ്കില്‍ ഒരാഴ്ച റസ്റ്റ് എടുക്ക്. അവന്റെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം” മാലിക്ക് ഷാജിയെ നോക്കി പറഞ്ഞു.
“സാറന്മാരെ നിങ്ങള്‍ക്കെതിരെ ഞാന്‍ മൊഴി നല്‍കണം എന്നതാണ് അവന്റെ ഡിമാന്റ്. അതിനായി ഇനിയും വരുമെന്ന് അവന്‍ ശക്തമായി ഭീഷണിപ്പെടുത്തിയിട്ടാണ് പോയത്. അവന്‍ എന്തിനും പോന്നവനാണ് എന്നുള്ള സത്യം നിങ്ങള്‍ മറക്കരുത്. എനിക്ക് താങ്ങാനാകാത്ത വല്ലതും സംഭവിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ അവനെ അനുസരിച്ച് പോകും..അപ്പോള്‍ എന്നെ ഒന്നും പറയരുത്. അത് നടക്കാതിരിക്കണമെങ്കില്‍ നിങ്ങള്‍ തന്നെ വേണ്ടത് ചെയ്യണം” ഷാജി പറഞ്ഞു.
ഡെവിള്‍സ് പരസ്പരം നോക്കി. അവന്‍ പറഞ്ഞത് ഗൌരവമുള്ള കാര്യമാണ് എന്ന് അവര്‍ക്ക് മനസിലായിരുന്നു.
“നീ തല്‍ക്കാലം പോ..അവന്‍ ഇനി നിന്നെ കാണാന്‍ വരില്ല” സ്റ്റാന്‍ലി ആണ് അത് പറഞ്ഞത്. ഷാജി മൂവരെയും നോക്കിയ ശേഷം സ്ഥലം വിട്ടു. അവനു നടക്കാന്‍ പ്രയാസമുണ്ടായിരുന്നു.
ഡെവിള്‍സ് ആലോചനയോടെ പരസ്പരം നോക്കി.
“അവന്‍ നമ്മുടെ ആളെ അവന്റെ വീട്ടില്‍ക്കയറി അടിച്ചിരിക്കുന്നു. എന്റെ പെങ്ങളെ നടുറോഡില്‍ വച്ചു കൈകാര്യം ചെയ്തതിന്റെ പകരം ചോദിക്കാന്‍ വിട്ടവന്മാര്‍ ഇപ്പോഴും ആശുപത്രിയിലാണ്. നമ്മള്‍ ഇനി ഇവന്റെ കാര്യത്തില്‍ അമാന്തം ചെയ്ത് കൂടാ. അവന്റെ ശല്യം തീര്‍ക്കേണ്ട സമയം അതിക്രമിച്ചു..” അര്‍ജ്ജുന്‍ പറഞ്ഞു.
“അവനെ നമുക്ക് പെട്ടെന്നങ്ങ് തട്ടിക്കളയാന്‍ പറ്റില്ല. കാരണം അന്ന് ആ നായിന്റെ മോള്‍ ഡോണ നല്‍കിയ ഫീച്ചറില്‍ നിന്റെ വീട്ടുകാര്‍ക്ക് അവനോടു പകയുണ്ട് എന്നൊരു ധ്വനി അവള്‍ വരുത്തിയിരുന്നു. നിന്റെ അച്ഛനും നീയും ക്രിമിനല്‍ ബാക്ക് ഗ്രൌണ്ട് ഉള്ളവരാണ് എന്ന് സകലര്‍ക്കും അറിയുകയും ചെയ്യാം. അതുകൊണ്ട് അവനെ തട്ടിയാല്‍, ആദ്യം സംശയം നീളുന്നത് നിന്റെ നേരെ തന്നെ ആയിരിക്കും. അതുകൊണ്ട് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പോലെ വേണം നമുക്ക് നീങ്ങാന്‍. ഇപ്പോള്‍ അവന്റെ ഉന്നം ഷാജിയെ കൈയിലെടുത്ത് അവനെ ഭയപ്പെടുത്തി നമുക്കെതിരെ മൊഴി എടുക്കുക എന്നതാണ്. അത് സംഭവിക്കാന്‍ പാടില്ല. ഷാജി നന്നായി ഭയന്നിട്ടുണ്ട്. ഒരാള്‍ ഭയന്നാല്‍ പിന്നെ അറിയാമല്ലോ, അവന്റെ മനസിന്റെ ബലം നഷ്ടമാകും. അതുകൊണ്ട് എന്തുവേണം എന്ന് നമുക്ക് ഉടന്‍ ആലോചിച്ചു തീരുമാനിക്കണം” സ്റ്റാന്‍ലി പറഞ്ഞു.
“അതെ. ഷാജി ഭയന്ന മട്ടാണ്. അവന്‍ മനസ് മാറാനുള്ള ചാന്‍സ് കൂടുതലാണ്” മാലിക്കും പറഞ്ഞു.