“അറിയാം സാറേ..അവന്മാര്‍ എനിക്കെതിരെ വരും..വരട്ടെ..അതിനാണ് ഞാന്‍ കാത്തിരിക്കുന്നത്. ഞാന്‍ ഇറങ്ങുന്നു..”
അവന്‍ മൂവരെയും നോക്കിയ ശേഷം പുറത്തേക്ക് നടന്നു.
“വാസൂ നിന്നേ..എനിക്ക് മറ്റൊരു കാര്യം സംസാരിക്കാനുണ്ട്”
ഡോണ അവനെ വിളിച്ചു. വാസു തിരിഞ്ഞു നിന്നു. അവള്‍ അവനെയും കൂട്ടി പുറത്ത് ഉദ്യാനത്തിലേക്ക് ഇറങ്ങി.
“ഇരിക്ക്” അവള്‍ പുറത്ത് പൂന്തോട്ടത്തില്‍ ഉണ്ടായിരുന്ന സിമന്റ് ബെഞ്ചില്‍ ഇരുന്നുകൊണ്ട് പറഞ്ഞു.
“എടാ പോത്തെ..അറിഞ്ഞോ അറിയാതെയോ ഞാനും നീയും ഒരു തെറ്റ് ചെയ്തു. അത് നീ ഉടന്‍ തന്നെ തിരുത്തണം” അവള്‍ പറഞ്ഞു.
“തെറ്റോ? എന്ത് തെറ്റ്?” വാസുവിന് കാര്യം മനസിലായില്ല.
“അന്ന് നമ്മള്‍ നിന്റെ വീട്ടില്‍ പോയില്ലേ? നീ എന്നോട് ദിവ്യയെ നീ കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നില്ലല്ലോ? പറഞ്ഞിരുന്നെങ്കില്‍ നിന്റെ കൂടെ ഞാന്‍ വരില്ലായിരുന്നു. നമ്മുടെ ഒരുമിച്ചുള്ള ആ പോക്ക് അവളുടെ മനസിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഗ്രാമത്തില്‍ ജീവിക്കുന്ന പക്വതയില്ലാത്ത പെണ്ണാണ് അവള്‍. ആ വിഷമം കൊണ്ടാണ് അന്നവള്‍ക്ക് മോഹാലസ്യം ഉണ്ടായതും പിന്നെ ഒരിക്കലും നിന്നോട് അവള്‍ സംസാരിക്കാഞ്ഞതും” ഡോണ പറഞ്ഞു.
“ഏയ്..അങ്ങനെ ആകാന്‍ ചാന്‍സില്ല” വാസു പറഞ്ഞു.
“എടാ മണ്ടാ പെണ്ണുങ്ങളുടെ മനസ് നിനക്കറിയില്ല; എനിക്കറിയാം. നീ എത്രയും പെട്ടെന്ന് അവളെ പോയി ഒന്ന് കാണണം. കണ്ട് തെറ്റിദ്ധാരണ വല്ലതുമുണ്ടെങ്കില്‍ അത് മാറ്റണം.”
“എന്തിന് പിന്നെ ആക്കുന്നു; ഇപ്പത്തന്നെ അവളെ വിളിക്കാം”
വാസു ഫോണെടുത്ത് ദിവ്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അത് സ്വിച്ചോഫ് ആയതിനാല്‍ അവന്‍ ലാന്‍ഡ് ലൈനില്‍ വിളിച്ചു. ശങ്കരനാണ് ഫോണെടുത്തത്.
“അച്ഛാ ഞാനാ വാസു; ദിവ്യയെ ഒന്ന് വിളിക്കാമോ” വാസു ചോദിച്ചു.
“വിളിക്കാം മോനെ ഒരു മിനിറ്റ്”
ശങ്കരന്‍ ഫോണ്‍ വച്ചിട്ടു പോയത് വാസു അറിഞ്ഞു. അവനും ഡോണയും ദിവ്യ ലൈനില്‍ വരാനായി കാത്തു. വാസു ഡോണയ്ക്ക് കേള്‍ക്കാന്‍ വേണ്ടി ഫോണ്‍ സ്പീക്കറില്‍ ഇട്ടു.
“ങ്ഹാ മോനെ..അവള് കിടന്നു. നാളെയോ മറ്റോ നിന്നെ അങ്ങോട്ട് വിളിക്കാന്‍ ഞാന്‍ പറയാം” ശങ്കരന്റെ ശബ്ദം സ്പീക്കറിലൂടെ അവര്‍ കേട്ടു. ആ ശബ്ദം ദുര്‍ബ്ബലമായിരുന്നു.
“ശരി അച്ഛാ” വാസു ഫോണ്‍ കട്ട് ചെയ്തു. അവന്റെ മുഖത്തെ മ്ലാനത ഡോണ ശ്രദ്ധിച്ചു.
“ഞാന്‍ പറഞ്ഞില്ലേ; അവള്‍ പിണക്കത്തിലാണ്. സാരമില്ല; നീ അവിടം വരെ നാളെയോ മറ്റന്നാളോ ഒന്ന് പോയാല്‍ മതി. നീ നേരില്‍ കണ്ടു സംസാരിച്ചാല്‍ അവളുടെ എല്ലാ പിണക്കവും മാറും” ഡോണ അവന്റെ കൈയില്‍ തലോടിക്കൊണ്ട് പറഞ്ഞു.
“ശരി..ഞാന്‍ പോകുന്നു; നാളെ കാണാം”
“ടാ നാളെ നമുക്ക് നിന്റെ ബൈക്കില്‍ തന്നെ പോകാം. ഒരാളെ കാണാനുണ്ട്”
“ആരെ?”