ഡോണ വാസുവിന്റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു.
“ഇവളെന്നെ സ്നേഹിച്ചു കൊല്ലുമല്ലോ സാറെ” തമാശ പോലെയാണ് പറഞ്ഞതെങ്കിലും അവന്റെയും കണ്ണുകള്‍ നിറഞ്ഞിരുന്നു.
“മോനെ; നിന്നെ എനിക്ക് നല്‍കിയ ഗീവര്‍ഗീസ് അച്ചനോട് ഞാന്‍ തീര്‍ത്താല്‍ തീരാത്തതുപോലെ കടപ്പെട്ടിരിക്കുന്നു. നീ എനിക്കും റോസ്‌ലിനും ഞങ്ങള്‍ക്ക് ഉണ്ടാകാതെ പോയ ഒരു മകന്‍ തന്നെ ആയിരിക്കും ഇനിമേല്‍. എന്റെ മോളെ പ്രസവിക്കുന്ന സമയത്ത്, റോസ്‌ലിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. പ്രസവം അല്‍പം കോമ്പ്ലിക്കെറ്റഡായിരുന്നു. ഇനി ഒരു ഗര്‍ഭധാരണം പാടില്ല എന്ന് ഡോക്ടര്‍മാര്‍ അന്നേ പറഞ്ഞതുകൊണ്ട് മകള്‍ക്ക് ഒപ്പം കളിച്ചു വളരാന്‍ ഒരു സഹോദരനോ സഹോദരിയോ ഇല്ലാതെപോയി. ഞങ്ങള്‍ നിസഹായരയിരുന്നു അക്കാര്യത്തില്‍. പക്ഷെ ദൈവം ഞങ്ങളുടെയും അവളുടെയും ആഗ്രഹം പോലെ ഇന്നവള്‍ക്കൊരു സഹോദരനെ സമ്മാനിച്ചിരിക്കുന്നു.”
പുന്നൂസ് അവന്റെ തോളുകളില്‍ കൈകള്‍ വച്ചുകൊണ്ട് പറഞ്ഞു.
“വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതുപോലും ക്ഷമിച്ച മോന്‍, ഇവളുടെ കാര്യത്തില്‍ കാണിച്ച ആ വീറുണ്ടല്ലോ…അതിന്റെ ശക്തി സത്യമായിട്ടും എന്നെ ഞെട്ടിച്ചു” റോസ്‌ലിന്‍ ആണ് അത് പറഞ്ഞത്.
“അമ്മെ, എന്നെ നിങ്ങള്‍ ഇവളെ ഏല്‍പ്പിച്ച നിമിഷം മുതല്‍, ഇവളെന്റെ പെങ്ങളാണ്. അത് എന്നും അങ്ങനെതന്നെ ആയിരിക്കും. അതുപോട്ടെ, എനിക്ക് വിശക്കുന്നു. ശാപ്പടെവിടെ?” വാസു വയറില്‍ തടവിക്കൊണ്ട് പറഞ്ഞു.
“വാ കഴിക്കാം. എല്ലാം റെഡി ആണ്” റോസ്‌ലിന്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു.
“വയറന്‍; തീറ്റ തീറ്റ എന്നൊരു ചിന്തയെ ഉള്ളു” ഡോണ അവന്റെ വയറ്റത്ത് ഇടിച്ചുകൊണ്ടാണ് അത് പറഞ്ഞത്. പുന്നൂസ് അതുകണ്ട് ചിരിച്ചു.
അവര്‍ നാലുപേരും കൂടി പലതും സംസാരിച്ചുകൊണ്ട് ആഹാരം കഴിച്ചു. വാസു ഒരു പത്തു ചപ്പാത്തിയും രണ്ട് പ്ലേറ്റ് മട്ടനും സുഖമായി അകത്താക്കി.
“ടാ പോത്തെ നീ എന്നും വയറു നിറഞ്ഞിട്ടു തന്നാണോ ഉറങ്ങുന്നത്? എന്തൊരാക്രാന്താമാ ദൈവമേ ഇത്” ഡോണ അവന്റെ തീറ്റ കണ്ട് കണ്ണ് തള്ളി പറഞ്ഞു.
“അങ്ങനെ പറയാതെ മോളെ; ആണുങ്ങള്‍ നന്നായി കഴിക്കണം. അല്ലാതെ നിന്നെപ്പോലെ കോഴി കൊത്തി തിന്നുന്നത് പോലെയല്ല വേണ്ടത്” റോസ്‌ലിന്‍ അവളെ ശാസിച്ചു.
“അങ്ങനെ പറഞ്ഞുകൊടമ്മേ..” കൈകഴുകാന്‍ എഴുന്നേറ്റുകൊണ്ട് വാസു പറഞ്ഞു.
“എന്തായാലും നിന്നെ കെട്ടാന്‍ പോകുന്ന ആ പെണ്ണിന് അടുക്കളയില്‍ നിന്നും മാറാന്‍ നേരം കിട്ടുമെന്ന് തോന്നുന്നില്ല..പാവം” ഡോണയും ഭക്ഷണം കഴിച്ചെഴുന്നേറ്റു.
“എനിക്ക് വേണ്ടത് ഞാന്‍ തന്നെ വച്ചുകഴിക്കും. അതിനെനിക്ക് ഭാര്യേടെ സഹായമൊന്നും വേണ്ട”.
“ഉം ഉം..അതൊക്കെ അപ്പോള്‍ കാണാം”.
“എന്നാല്‍ സാറെ ഞാന്‍ പോട്ടെ..നാളെ കാണാം” വാസു പുന്നൂസിനോട് യാത്ര ചോദിച്ചു.
“ശരി..ഗുഡ് നൈറ്റ്..സൂക്ഷിച്ചു പോണം. നീ ഇന്ന് തല്ലിവീഴ്ത്തിയത് ഡെവിള്‍സിന്റെ വളരെ വേണ്ടപ്പെട്ട ആളെ ആണ്; അവര്‍ അടങ്ങിയിരിക്കില്ല.” പുന്നൂസ് ഓര്‍മ്മിപ്പിച്ചു.