“മോളെ..എന്തായിത്..എഴുന്നേല്‍ക്ക്” അവള്‍ കുനിഞ്ഞ് മകളുടെ പുറത്തു തലോടിക്കൊണ്ട് പറഞ്ഞു.
“എന്നോട് ക്ഷമിക്കമ്മേ..ഇനി ഞാനൊരു തെറ്റും ചെയ്യില്ല..മൊബൈല്‍ ഫോണ്‍ ഞാന്‍ അച്ഛന്റെ കൈയില്‍ കൊടുത്തു..ഞാനിനി ഒരു തെറ്റും ചെയ്യില്ല..അമ്മേടേം അച്ഛന്റേം മനസ് ഞാനിനി വിഷമിപ്പിക്കില്ല..ഒരിക്കലും..” മുഖമുയര്‍ത്താതെ ദിവ്യ കരഞ്ഞുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണീര്‍ വീണ് രുക്മിണിയുടെ കാലുകള്‍ നനഞ്ഞു.
“എന്റെ പൊന്നുമോള് കരയാതെ. അമ്മ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാ. എന്റെ മോളെ ആരും വഴക്ക് പറയുന്നതോ പഴിക്കുന്നതോ എനിക്ക് സഹിക്കില്ല..അതോണ്ടാ..വാ എഴുന്നേല്‍ക്ക്”
രുക്മിണി അവളുടെ കൈയില്‍ പിടിച്ച് അവളെ എഴുന്നേല്‍പ്പിച്ചു. പിന്നെ അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു ചുംബിച്ചു. ദിവ്യയുടെ മനസ് തണുത്തു തുടങ്ങിയിരുന്നു അമ്മയുടെ സ്നേഹാശ്ലേഷം ലഭിച്ചപ്പോള്‍.
————
“പപ്പാ.. ഇതാരാണ്..അറിയാമോ?”
വീട്ടിലെത്തിയ ഡോണ ആനന്ദാശ്രുക്കളോടെ വാസുവിനെ ചൂണ്ടിക്കൊണ്ട് പുന്നൂസിനോട് ചോദിച്ചു. വാസു ഒരു ചെറുചിരിയോടെ അവളുടെ പിന്നിലുണ്ടായിരുന്നു.
“അവന്‍ ആരാണെന്ന് നീ മറന്നുപോയോ? എന്ത് പറ്റി പെണ്ണെ നിനക്ക്?” പുന്നൂസ് അത്ഭുതത്തോടെ ചോദിച്ചു.
“എന്താ മോളെ? എന്താ നിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്?” റോസ്‌ലിന്‍ മകളുടെ അരികിലെത്തി അവളുടെ കണ്ണീര്‍ തുടച്ചുകൊണ്ട് ചോദിച്ചു.
ഡോണ എന്തോ പറയാന്‍ വന്നെങ്കിലും ശബ്ദം അവളുടെ തൊണ്ടയില്‍ കുരുങ്ങി. അവളുടെ കണ്ഠം ഇടറിപ്പോയി. മകളെ മുന്‍പൊരിക്കലും വികാരാധീനയായി കണ്ടിട്ടില്ലാത്ത പുന്നൂസ് ചോദ്യഭാവത്തില്‍ വാസുവിനെ നോക്കി. അവളോട് തന്നെ ചോദിക്ക് എന്നവന്‍ കണ്ണ് കാണിച്ചു.
“ഒരു മിനിറ്റ് അമ്മെ”
ഡോണ ഡൈനിംഗ് റൂമില്‍ ചെന്ന് കുറച്ചു വെള്ളം കുടിച്ച ശേഷം തിരികെയെത്തി. തുടര്‍ന്ന് അവള്‍ ഷാജിയെ കാണാന്‍ പോയതും പിന്നീട് നടന്ന സംഭവങ്ങളും അവരെ വിവരിച്ചു പറഞ്ഞു കേള്‍പ്പിച്ചു. ഷാജി അവസാനം നടത്തിയ ഭീഷണിയും വാസു അവനു നല്‍കിയ മറുപടിയും അടിയും അവള്‍ സ്വയം പറയാതെ അതിന്റെ വീഡിയോ മൊബൈലില്‍ അവരെ കാണിച്ചു.
““തൊടില്ല നീ..നീയെന്നല്ല ഒരു നായിന്റെ മോനും….അങ്ങനെ ചിന്തിക്കാന്‍ പോലും നീ ധൈര്യപ്പെടില്ല….മനസ്സിലായോടാ കഴുവര്‍ട മോനെ..നിന്റെ നിഴല്‍ വീഴില്ല എന്റെ ഈ പെങ്ങളുടെ ദേഹത്ത്..പട്ടിക്കഴുവേറീ…..”
വാസുവിന്റെ ഗര്‍ജ്ജനം കണ്ട് പുന്നൂസും റോസ്‌ലിനും ഞെട്ടി. ഒപ്പം തങ്ങളുടെ മകളെ സ്വന്തം പെങ്ങളെപ്പോലെ കാണുന്ന അവന്റെ മനസിസ്ന്റെ വലിപ്പം അവരുടെ മനസും കണ്ണുകളും ഒരേപോലെ നിറച്ചു.
“എനിക്കൊരു സഹോദരനോ സഹോദരിയോ ഇല്ലല്ലോ എന്ന് പറഞ്ഞപ്പോഴെല്ലാം പപ്പയും മമ്മിയും പറഞ്ഞത് അതിനുള്ള വിധി എനിക്കില്ലാതെ പോയെന്നല്ലേ; ഇല്ല..ഒരിക്കലും എന്റെ ഒരു ആഗ്രഹവും ദൈവം സാധിച്ചു തരാതിരുന്നിട്ടില്ല. കണ്ടോ പപ്പാ..കണ്ടോ മമ്മി..ഇതാണെന്റെ സഹോദരന്‍. ഒരുത്തന്‍, നൂറു പേര്‍ക്ക് തുല്യനായ ഒരുത്തന്‍..അതാണെന്റെ ബ്രദര്‍”