“സാരമില്ല മോളെ..സാരമില്ല. തെറ്റുകള്‍ മനുഷ്യസഹജമാണ്; തെറ്റ് സംഭാവിക്കാത്തവരായി ഈ ലോകത്ത് ആരും തന്നെയില്ല. മോളുടെ ഈ പ്രായത്തില്‍ പല തെറ്റുകളും സംഭവിക്കും. പക്ഷെ അതൊക്കെ തിരിച്ചറിഞ്ഞു തിരുത്തുമ്പോള്‍ ആണ് നമ്മള്‍ നല്ല മനുഷ്യരായി മാറുന്നത്. മോള്‍ ഇനി സൂക്ഷിച്ചാല്‍ മതി. പഠനത്തില്‍ മോള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരാനുള്ള ഒരു ഉത്സാഹം ഉണ്ടാക്കിയെടുക്കണം. പിന്നെ മോള്‍ക്ക് ടൈം പാസ് വേണമെങ്കില്‍ വല്ല ഡാന്‍സോ പാട്ടോ പഠിക്കാന്‍ പോ..പക്ഷെ മറ്റുള്ളവര്‍ മോളെ മോശക്കാരി എന്ന് പറയാന്‍ ഒരിക്കലും ഇട ഉണ്ടാക്കരുത്”
ദിവ്യ കരഞ്ഞുകൊണ്ട് തലയാട്ടി. ശങ്കരന്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ അവള്‍ തന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് സ്വിച്ചോഫ് ആക്കിയിട്ട് അയാളുടെ നേരെ നീട്ടി.
“ഇന്നാ അച്ഛാ..ഇനി എനിക്കിത് വേണ്ട” അവള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു.
“സാരമില്ല. മോളത് വച്ചോ. ദുരുപയോഗം ചെയ്യാതിരുന്നാല്‍ മാത്രം മതി” അയാള്‍ പറഞ്ഞു.
“അല്ല. എനിക്കിനി ഇത് വേണ്ട. അച്ഛന്‍ വച്ചോ..ഇല്ലെങ്കില്‍ ആര്‍ക്കെങ്കിലും കൊടുത്തോ” അവള്‍ അയാളെ നിര്‍ബന്ധിച്ചു.
“ശരി. മോള്‍ക്കിത് തിരികെ വേണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ചോദിച്ചാല്‍ മതി. ഇത് അച്ഛന്‍ സൂക്ഷിച്ചോളാം” അയാള്‍ അത് വാങ്ങി പുറത്തേക്കിറങ്ങി.
ശങ്കരന്‍ പോയിക്കഴിഞ്ഞപ്പോള്‍ ദിവ്യ അല്‍പനേരം ചിന്താകുലയായി ഇരുന്നു. അവളുടെ മനസ്സില്‍ പല തീരുമാനങ്ങളും മാറി മറിഞ്ഞു. അവസാനം ശക്തമായ തീരുമാനമെടുത്ത മട്ടില്‍ അവള്‍ എഴുന്നേറ്റ് തന്റെ ഡയറി എടുത്ത് അതിലിങ്ങനെ എഴുതി:
“ഈ ദിവസം ഞാനൊരിക്കലും മറക്കില്ല. യഥാര്‍ത്ഥ സ്നേഹത്തിന് ഒരു വിലയുമില്ല എന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി ഇന്ന് തിരിച്ചറിഞ്ഞു. ആത്മാര്‍ഥമായി സ്നേഹിച്ചതിന് ഒരാളെന്നെ ഒരു കൃമിയെപ്പോലെ കരുതി അവഹേളിച്ചു. എന്റെ മനസ് ആഴത്തില്‍ മുറിവേറ്റിരിക്കുന്നു. അത് ഇനി ഒരിക്കലും ഉണങ്ങില്ല. ഇതിനു മുന്‍പ് എന്റെ മനസ്സിനെ ഇതിലേറെ തകര്‍ത്തത് മറ്റൊരുവനാണ്. എന്നേക്കാള്‍ അധികം ഞാന്‍ സ്നേഹിച്ചിരുന്ന അവന്‍ കുറേക്കൂടി സൗന്ദര്യവും പണവും വിദ്യാഭ്യാസവും ഉള്ള ഒരുവളെ കണ്ടപ്പോള്‍ അവളുടെ പിന്നാലെ പോയി. എന്റെ മാംസം മാത്രം മോഹിച്ച് പെണ്‍കുട്ടികളെ വഴിപിഴപ്പിക്കാന്‍ നടക്കുന്ന ചില വൃത്തികെട്ടവന്മാരല്ലാതെ നല്ല ഒരു പുരുഷനും എന്നെ ഇഷ്ടപ്പെട്ടിട്ടില്ല. ഒരാളും, ഒരു പുരുഷനും എന്നിലെ സ്നേഹം ദാഹിക്കുന്ന പെണ്ണിനെ കണ്ടില്ല; ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ഞാനും അവരെ വെറുക്കുന്നു. എനിക്കിനി ഈ ജീവിതത്തില്‍ ഒരു പുരുഷനും ഉണ്ടാകില്ല. ഒരിക്കലും! ഞാന്‍ വിവാഹം കഴിക്കില്ല. ആജീവനാന്തം ഒരു കന്യകയായി ഞാന്‍ ജീവിക്കും. എന്റെ ഈ തീരുമാനം പാറ പോലെ ഉറച്ചതാണ്. ഇത് മാറണമെങ്കില്‍ അതെന്റെ മരണത്തോടെ മാത്രമായിരിക്കും”
എഴുതിയത് മൂന്നാലാവര്‍ത്തി വായിച്ച ശേഷം അവള്‍ ഡയറി മടക്കിവച്ചു. അവള്‍ക്ക് വല്ലാത്ത ആശ്വാസമുണ്ടായി.
ദിവ്യ എഴുന്നേറ്റ് മുഖം കഴുകിയശേഷം അടുക്കളയിലേക്ക് ചെന്നു. രുക്മിണി താടിക്ക് കൈയും കൊടുത്ത് അവിടെ ഉണ്ടായിരുന്ന ബെഞ്ചില്‍ ദുഖത്തോടെ ഇരുപ്പുണ്ടായിരുന്നു. ദിവ്യ ചെന്ന് അവളുടെ കാല്‍ക്കല്‍ ഇരുന്ന് ആ കാല്‍പ്പാദങ്ങളില്‍ മുഖം അമര്‍ത്തി കരഞ്ഞു. രുക്മിണി താഴേക്ക് അവളുടെ ഇരുപ്പ് നോക്കി. ആ അമ്മയുടെ മനസ് പിടഞ്ഞു. തന്റെ ഉദരത്തില്‍ വളര്‍ന്ന തന്റെ മകളാണ് ഇത്. പാവം; അവളുടെ മനസ് ചഞ്ചലമാണ്. ഒരുപാടു താലോലിച്ചു വളര്‍ത്തിയതിന്റെ കുഴപ്പമാണ്; ഇനിയും പക്വതയായിട്ടില്ല. ഓരോരോ സമയത്ത് തോന്നുന്നതുപോലെ വികാരത്തിനു അടിപ്പെട്ടു ജീവിക്കുന്ന പാവമാണ് തന്റെ മകള്‍. അവളോട് താന്‍ മുഖം കറുപ്പിച്ചാല്‍ അവള്‍ക്ക് സഹിക്കാന്‍ പറ്റില്ല. രുക്മിണിയുടെ കണ്ണുകള്‍ നിറഞ്ഞു.