ഏതായാലും ഞാൻ വല്ല്യച്ഛന്റെ അടുത്ത് അഭയം പ്രാപിച്ചതിന്റെ മൂന്നിന്റന്ന് പുള്ളീടെ അടുത്ത ആളായിരുന്ന സർക്കിൾ മാത്തച്ചൻ മാതാപിതാക്കളെ സന്ദർശിച്ചു. ഞാൻ പീഡനത്തിന് പരാതി എഴുതിക്കൊടുത്തുകഴിഞ്ഞാൽ അന്വേഷിക്കേണ്ടിവരും എന്നു പറഞ്ഞപ്പോൾ പുകഞ്ഞ കൊള്ളി പുറത്ത് എന്ന തത്വം സ്വീകരിച്ച് എന്നെ അവരൊഴിവാക്കി. അമ്മയ്ക്ക് പണ്ടേ വല്യമ്മയെ കണ്ടൂടായിരുന്നു. ചേച്ചിയാണെന്ന് പറഞ്ഞിട്ടെന്തു കാര്യം. ജീവിതത്തിലെ നല്ല ദിനങ്ങൾ അവിടെത്തുടങ്ങി.
ഇത്രയും പഴമ്പുരാണം വർണ്ണിച്ചു നിങ്ങളെ ബോറടിപ്പിച്ചതിൽ ക്ഷമിക്കണം. ബാക്കി സിന്ദഗീ കീ കഹാനി വഴിയേ വിസ്തരിക്കുന്നതാണ്. വർത്തമാനകാലത്തിലേക്ക് തിരിച്ചുവരാം.
സാഹിൽ കോമിക്ക് തിരികെ വെച്ചിട്ട് സ്ഥലം കാലിയാക്കി. ഞാനിറങ്ങി എന്റെ പഴയ തോഴൻ ബുള്ളറ്റ് തുടച്ചു വൃത്തിയാക്കാനും, സ്പാർക്ക് പ്ലഗ്ഗഴിച്ച് ക്ലീൻ ചെയ്യാനും തുടങ്ങി. ആദ്യത്തെ ജോലി നാട്ടിൽ ഒരു റെയിൽവേയുടെ വർക്ക് സബ്കോൺട്രാക്റ്റർ വഴി കിട്ടിയപ്പോൾ വല്ല്യച്ഛൻ സമ്മാനിച്ചതാണ്. കഷ്ടി രണ്ടായിരം കിലോമീറ്റർ മാത്രമോടിയ ഒരു ഗൾഫുകാരന്റെ മോന്റെ വണ്ടി. അവനേതോ മോഡേൺ കാവാസാക്കിയുടെ ത്രസിക്കുന്ന ജന്തുവിനെക്കിട്ടിയപ്പോൾ വല്ല്യച്ഛന് ലാഭത്തിൽ മാത്തച്ചൻ വഴി കിട്ടി. എന്റെ കണ്ണുകൾ നിറഞ്ഞുപോയി, കിഴവൻ ചുമ്മാ ആ താക്കോലെന്റെ നേർക്കെറിഞ്ഞപ്പോൾ. കിഴവൻ പുലിയായിരുന്നു.
കയ്യും മുഖവും കഴുകിയപ്പോൾ സമയം ഏഴുമണി. ഏതോ ധൂമക്കുറ്റിയുടെ മണം കാറ്റിലരിച്ചെത്തി. ഓ… സാഹിലിന്റെ വീട്ടിലെ പൂജ! ഇത്തരം ചടങ്ങുകൾ എനിക്ക് പ്രാണവേദനയാണ്. ഒന്നാമത് ഞാനൊരൊറ്റയാനാണ്. പിന്നെ സമൂഹത്തിൽ എങ്ങിനെയാണ് ഇടപെടേണ്ടത് എന്നെനിക്കറിയില്ല. എന്നാലും ഒരു കാര്യം അനുഭവങ്ങളിൽ നിന്നുമറിയാം. മംഗളകാര്യങ്ങളിൽ പങ്കെടുക്കുമ്പോൾ ദക്ഷിണ സമർപ്പിക്കണം. പോയി പെട്ടി തുറന്നു. ഒരു വെള്ളിയുടെ തിളങ്ങുന്ന അരഞ്ഞാണം! മനസ്സിലെവിടെയോ ഒരു മധുരമുള്ള വിങ്ങൽ. പിന്നെ സമ്മാനം കിട്ടിയ ഒരു കുതിരപ്പവൻ. തുടച്ചുവൃത്തിയാക്കി. പിന്നെ പേഴ്സ് തപ്പി. കാശുണ്ട്. ഒരു വെള്ള കുർത്തയിൽ കയറി. പൈജാമയണിഞ്ഞു. നേരെ വിട്ടു.