“പോടീ പെണ്ണേ… ഇവന്റെ തള്ള ചിരുതയെ ആണ് നോക്കിയത് അതിനു വരാൻ പറ്റില്ല അത്രേ അതുകൊണ്ടു ഇവനെ ഇങ്ങു കൂട്ടി… എല്ലാം ഒന്ന് പഠിപ്പിച്ചെടുക്കണം എന്നേയുള്ളൂ, മിടുക്കനാ…”
ബാഗുമെടുത്തു വീടിനകത്തേക്ക് കയറുകയായിരുന്നു പല്ലവി ഏറ്റു പിടിച്ചു…
“അതെയതെ എല്ലാം പഠിപ്പിക്കുക എന്ന് പറഞ്ഞാൽ, കുളിക്കുന്നത് മുതൽ പഠിപ്പിക്കേണ്ടി വരും… പിന്നെ പൊട്ടനായത് കൊണ്ട് പഠിപ്പീര് വളരെ എളുപ്പമാരിക്കും…”
“അയ്യോ പൊട്ടനാരുന്നോ…?”
തെന്നലിൻറെ ശബ്ദത്തിൽ ഒരു ദയവു കലർന്നിരുന്നു…
അപ്പോൾ അങ്ങോട്ട് കയറി വന്ന കൈമൾ പറഞ്ഞു…
“പൊട്ടനല്ല മോളെ ഊമ… സംസാരിക്കാൻ വയ്യ എന്നാ തോന്നുന്നേ, അതോ ഇനി ചെവീം കേൾക്കാൻ മേലെ ആർക്കറിയാം..? നിന്റെ അമ്മാവന്റെ ഇടപാടാ അപ്പോൾ പിന്നെ പറയണ്ടല്ലോ..?”
“ഓ… ഞാൻ സഹിച്ചു നിങ്ങൾ ആരും ഇവന്റെ കാര്യത്തിൽ ഇടപെടേണ്ട എന്റെ ഉടപ്പിറന്നോൻ അത്ര മോശക്കാരൻ ഒന്നും അല്ല ഒന്നിനും കൊള്ളാത്ത ഒരു വാല്യക്കാരനെ എന്റെ വീട്ടിലേക്കു അയക്കാൻ…”
യാമിനി കൈമളോടായി പരിഭവിച്ചു മുഖം വീർപ്പിച്ചു…
“എന്റെ പൊന്നെ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ഇനി അതിൽ കേറി പിടിക്കേണ്ട ഡാ ചെറുക്കാ നിന്റെ ഭാണ്ഡവും എടുത്തോണ്ട് എന്റെ കൂടെ വാ നിനക്ക് കിടക്കാനുള്ള സ്ഥലം കാണിച്ചു തരാം…”
തേവനോടായി പറഞ്ഞു കൈമൾ അകത്തേക്ക് കയറി പിന്നാലെ ചവിട്ടുന്ന തറക്കു വേദനയുണ്ടാകാതെ എന്ന പോലെ കാലുകൾ എടുത്തു വെച്ച് തേവനും…
തേവൻ അങ്ങനെ ആദ്യമായി ചെമ്പകത്തോട്ടം തറവാട്ടിൽ അന്തിയുറങ്ങാൻ തയ്യാറെടുത്തു… കുടിയിലെ കിടക്കയുടെ പതിന്മടങ്ങു സുഖപ്രദമായിരുന്നു, ഇവിടെ കിടക്ക എങ്കിലും അവനു കിടപ്പു ഒട്ടും സുഖകരമായി തോന്നിയില്ല.
കുടിയിൽ ചാണകം മെഴുകിയ വെറും നിലത്തു പായ് വിരിച്ചു കിടന്നപ്പോൾ പോലും ഇതിലും വേഗത്തിൽ അവനെ നിദ്രാദേവി അനുഗ്രഹിക്കാറുണ്ടായിരുന്നു. ഇതിപ്പോ കണ്ണടക്കുമ്പോളെല്ലാം കാതങ്ങൾക്കപ്പുറം ഇട്ടെറിഞ്ഞു പോന്നതെല്ലാം ഓർമ്മയിലേക്ക് തികട്ടുന്നു…