പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ഇപ്പൊ നടന്നത് …ഒരു മനുഷ്യൻ എത്രത്തോളം അഭിനയിച്ചാലും ഏതെങ്കിലും ഒരു സമയം അയാളുടെ ഉള്ള് മനസിലാക്കാൻ സാധിക്കുമെന്ന് ഇതോടുകൂടി എനിക്കും ഉറപ്പായി…പാവം , അവളെക്കാൾ പ്രായം കുറഞ്ഞവർ തൊട്ടു പ്രായമുള്ളവർ വരെ ഇഷ്ടത്തോടെ ഡാൻസ് ചെയ്യുമ്പോൾ അങ്ങനൊന്നു ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ് ..? എനിക്കാണ് ഈ അവസ്ഥയെങ്കിൽ മറ്റുള്ളവർ ക്രിക്കറ്റ് കളിക്കുന്നത് കാണുമ്പോൾ എന്റെ അവസ്ഥ എന്തായിരിക്കും ….!!!അങ്ങനെയാകാത്തതിൽ ഞാൻ ദൈവത്തിനെ നന്ദിയോടെ ഓർത്തുകൊണ്ട് ഒന്ന് ശ്വാസം വലിച്ചുവിട്ടു പിന്നെ അവളെ നോക്കി…അവളുടെ എത്രത്തോളം അടുത്തു പോകാമോ അത്രത്തോളം പോകാൻ ഉള്ളം തുടിച്ചുകൊണ്ടിരുന്നു …എപ്പോളൊക്കെ അങ്ങനെ തോന്നുന്നോ അപ്പോളെല്ലാം ഞാൻ ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പു വരുത്തി ,പ്രത്യേകിച്ച് അവളുടെ അമ്മ ,പാവം അത് അടുത്തുള്ള വേലിത്തൂണിൽ ചാരി മയങ്ങിയിരുന്നു …ഞാൻ പിന്നിലേക്ക് ചുമ്മാ നോക്കിയപ്പോൾ പുറകിൽ കുറച്ചു കുട്ടികളാണ് ഉണ്ടായിരുന്നത് അവർ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളം വെട്ടിക്കളിയും മറ്റ് പരിപാടികളിലുമായിരുന്നു …
” അമ്മുട്ടീ …..”
ഞാൻ വീണ്ടും വിളിച്ചു ….അങ്ങനെ വിളിക്കാൻ എന്ത് അവകാശമാണ് എനിക്കുള്ളത് എന്നൊന്നും ഞാൻ ചിന്തിക്കാൻ നിന്നില്ല …
” ഉം ….. ” അവൾ എന്താ എന്ന ഭാവത്തിൽ എന്നെ നോക്കി..
ഞാൻ വീണ്ടും മുഖം അടുപ്പിച്ചു , അടുത്തുവരുന്ന എന്റെ കണ്ണുകളിൽ നോക്കി അവളും നിന്നു , ഒരുപക്ഷേ മുഖം മാറ്റിയേക്കാമെന്നു എനിക്ക് സംശയമുണ്ടായില്ലെങ്കിലും അതുണ്ടായില്ല ,
” മനുവേട്ടന് എന്നോടെന്തെങ്കിലും പറയാനുണ്ടോ …?? ” അവൾ പെട്ടെന്ന് ചോദിച്ചപ്പോൾ എനിക്ക് കണ്ണുകൾ താഴ്ന്നു , അതുവരെ ഏതോ സ്വപ്നലോകത്തായിരുനെങ്കിൽ അതിൽനിന്നും ഞാൻ ഉണർന്നു….ദൈവമേ ..!! ഞാൻ വിയർത്തു കുളിച്ചു , തൊണ്ടയിൽ ഉമിനീർ തടഞ്ഞു ….മുന്നിൽ ഇരിക്കുന്ന ശബരി ഒന്ന് ചിരിച്ചോ ….ഏയ് …തോന്നിയതാവും …ഞാൻ മുഖം വലിച്ചു ആദ്യത്തെപോലെ ഇരുന്നപ്പോളും അവള്ക്കു ഭാവമാറ്റമുണ്ടായിരുന്നില്ല ….എന്ത് മറുപടി പറയണമെന്നു ഒരു ചിന്തയും വന്നില്ല …അവളാണെങ്കിൽ എന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ട് ..മറുപടി കൊടുക്കാത്തത് കൊണ്ടാകണം …അല്ല അവളെന്റെ പേരല്ലേ വിളിച്ചത് .!! ഇവൾ ഇതിനിടക്ക് എന്റെ പേരും പഠിച്ചോ ….ഹമ് …നിത്യ പറഞ്ഞുകൊടുത്തുകാണും….ഞാൻ ഒന്നുകൂടി അവൾക്കരികിലേക്ക് നിരങ്ങി ഇരുന്നു , അവൾ സംശയത്തിൽ എന്നെ നോക്കി നെറ്റി ചുളിച്ചു ..ഞാൻ തലകൊണ്ട് അടുത്തുവരാൻ ആംഗ്യം കാണിച്ചു , വീണ്ടും മുഖങ്ങൾ അടുത്തു …
” എനിക്ക് ആ വയ്യാത്ത കാലൊന്നു കാണിച്ചുതരാമോ …”
ഞാനെന്റെ സ്വരത്തിൽ പരമാവധി നിഷ്കളങ്കത വരുത്തിക്കൊണ്ട് ചോദിച്ചു…
” ങേ …അതെന്തിനാ …???? “”..
അവൾ അമ്പരപ്പോടെ മറുചോദ്യം ചോദിച്ചു …
” കാണിച്ചു താടോ …” ഞാൻ വീണ്ടും ശബ്ദം കുറച്ചു ആവശ്യപ്പെട്ടു ..അവൾ ഇല്ലെന്നു തലയാട്ടി …എനിക്കെന്തോപോലെയായി …