കിനാവ് പോലെ 6 [Fireblade]

Posted by

” എനിക്ക് മനസിലായി ചെങ്ങായ് , നീ പറഞ്ഞു ബുദ്ധിമുട്ടണ്ട …അവളെ നിനക്ക് വേണം ,അതല്ലേ കാര്യം ..?? നമുക്ക് കാത്തിരിക്കാം അതുവരെ നീ പ്രണയിക്ക് , മെല്ലെ അവളെപ്പറ്റി കൂടുതൽ അറിഞ്ഞു , സഹതാപത്തിന്റെ പുറത്തല്ല പ്രേമിച്ചതെന്നു അവൾ മനസിലാക്കുന്നത്‌ വരെ നമുക്ക് കാത്തിരിക്കണം …നല്ല കുട്ടിയാട്ടോ , സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ ദൈവത്തിനു അസൂയ തോന്നിക്കാണും , അപ്പൊ ചെറുതായൊരു വികൃതി കാണിച്ചതായിരിക്കും …അല്ലാതെ വേറെ ഒന്നും നോക്കീട്ടു കാണാനില്ല …”

എനിക്ക് മനസ് നിറഞ്ഞു , പക്ഷെ കീർത്തനയുടെ ഓർമ്മകൾ അതേസമയം എന്നെ പുറകോട്ടടിച്ചു , വേറൊന്നുമല്ല ഞങ്ങൾ ഈ പ്ലാൻ ചെയ്തത് അവൾക്കു മറ്റേതെങ്കിലും ഇഷ്ടമുണ്ടോ എന്നറിയുന്നതിനും മുൻപാണല്ലോ എന്ന പേടി , ചൂടുവെള്ളത്തിൽ ഒരുവട്ടം വീണതുകൊണ്ടു ഇത്തവണ ഒരു പേടി സ്വഭാവികമാണല്ലോ..!!എന്തോ ആ അന്തരീക്ഷത്തിൽ നിന്ന് കുറേയേറെ വർഷങ്ങൾക്കു ശേഷം ആദ്യമായി എനിക്ക് അവളെത്തന്നെ ഇണയായി തരുവാൻ ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു…

“നീ വന്നേ , നമുക്കൊന്ന് ഉള്ളിൽ പോകാം ” ശബരി വിളിച്ചപ്പോൾ ഞാൻ എണീറ്റു.

ഉള്ളിൽ ദീപാരാധന ഏതാണ്ട് തീരാറായിട്ടുണ്ട് , അവസാന പ്രദക്ഷിണത്തിലാണ് എല്ലാവരും..സാധാരണ ദിവസങ്ങളിൽ പത്തോ പതിനഞ്ചോ മാത്രം ഉണ്ടാവാറുള്ള കൂട്ടമാണ് ദീപാരാധനയിൽ പ്രദക്ഷിണത്തിനു ഉണ്ടാവൂ , ഇന്ന് ഒരുപാട് പേരുണ്ട് , നാളെ ഇതിനെക്കാൾ ഉണ്ടാവും..അതുകൊണ്ട്തന്നെ സ്പീഡിലാണ് അമ്പലത്തിനെ ചുറ്റുന്നതും ..തിരക്ക് കൊണ്ട് വാലും തലയും അറിയാത്ത കറങ്ങുന്ന ഒരു മനുഷ്യ വൃത്തമായി മാറിയിട്ടുണ്ട് പ്രദക്ഷിണം..ഞങ്ങൾ മാറി നിന്നു, അമ്മമാരും , പെൺപിള്ളേരും എല്ലാം അതിനകത്തുണ്ട് ..അവർക്കിടയിൽ പാട്ടുപാവാടയുടെ അറ്റം ഇത്തിരി പൊന്തിച്ചു കാലിന്റെ മുട്ടിനു താങ്ങ് കൊടുത്തുകൊണ്ട് അമ്മുവും നടക്കുന്നുണ്ടായിരുന്നു , തിരക്കിൽ പലപ്പോളും അവൾ തട്ടി ബാലൻസ് പോവുന്നുണ്ടെങ്കിലും അതിലൊന്നും ശ്രദ്ധിക്കാതെ വലതുകൈ മാറോടടക്കി പ്രാർഥനഭാവത്തിൽ വെച്ചു ഇടയ്ക്കിടെ കണ്ണുകളടച്ചു ആ വലിയ കൂട്ടത്തിനൊപ്പം നാമം ജപിച്ചു അവളും പ്രദക്ഷിണം നടത്തി…

പ്രദക്ഷിണം കഴിഞ്ഞപ്പോൾ നടതുറക്കുന്നത് വരെ നാമം ചൊല്ലി ശ്രീകോവിലിന്റെ മുൻപിൽ നിൽക്കുന്നതാണ് പതിവ്, അതിൽ ഞങ്ങളും പങ്കുചേർന്നു…എല്ലാം മറന്നു രാമനാമം ജപിച്ചു കണ്ണുകളടച്ചപ്പോൾ വല്ലാത്തൊരു ശാന്തി മനസ്സിൽ നിറഞ്ഞു…ആ നെയ്യും ,ചന്ദനത്തിരിയും , കർപ്പൂരവും ,ചന്ദനവും എല്ലാം ചേർന്ന് സുഗന്ധപൂരിതമായ അന്തരീക്ഷവും അതിനു മേലെ നിറഞ്ഞുനിൽക്കുന്ന രാമനാമവും ശ്രീകോവിൽ തുറക്കുമ്പോളുള്ള മണിയടി ശബ്ദവും അതൊരു വല്ലാത്ത ഫീൽ തന്നെയാണ് ..പ്രത്യേകിച്ച് ഹൃദയത്തിനു ഇഷ്ടപ്പെട്ട ഒരാൾ കൂടി ഉൾക്കൊള്ളുന്ന ആ അന്തരീക്ഷം…

ദീപാരാധനയും ,പ്രാർത്ഥനയും കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി…ആദ്യം ഇരുന്ന സ്ഥലത്തേക്ക് നടന്നു , സൂര്യൻ അസ്തമിച്ചു ആകാശത്തു ഒരു പ്രത്യേകവെളിച്ചം തൂവി നിൽപ്പുണ്ടായിരുന്നു , പക്ഷികൾ കൂടണയാനുള്ള തത്രപ്പാടിൽ വരിവരിയായി പറക്കുന്നുണ്ട്..ഏകദേശം 15 മിനിട്ട് കഴിഞ്ഞു ഞങ്ങടെ ടീമെല്ലാം പുറത്തുവന്നു…അമ്മുവും നിത്യയും ആ കൂട്ടത്തിൽ ഇല്ല…അവർ ഞങ്ങൾ ഇരിക്കുന്നിടത്തു വന്നു ചന്ദനമെല്ലാം തൊട്ടുതന്നു ശേഷം നേരത്തെ ഇരുന്നകണക്ക് അരമതിലിൽ ഞങ്ങൾക്ക് ചേർന്ന് ഇരുന്നു….

Leave a Reply

Your email address will not be published. Required fields are marked *