“ഒന്നിറങ്ങി പോ റിനോ,ഒന്ന് പറഞ്ഞാ
കേൾക്ക്”സഹികെട്ട് ജെസ്സിയും അവന് നേരെ തിരിഞ്ഞു.
എന്തോ പറയാൻ വന്ന അവൻ അത് അതേപോലെ വിഴുങ്ങി.ഇരച്ചുവന്ന ദേഷ്യം കടിച്ചമർത്തിക്കൊണ്ട് അർച്ചന കുതറുന്നുണ്ട്.ജെസ്സിയവരെ പിടിച്ചുനിർത്താൻ പാടുപെടുന്നു.
“എന്നാ നോക്കി നിക്കുവാടാ.നിന്നോട്
ഇറങ്ങിപ്പോകാൻ പറഞ്ഞതല്ലെ”
അർച്ചന അലറുകയാണ്.
വാശിമൂത്ത റിനോഷ് വാതിലും വലിച്ചടച്ചുകൊണ്ട് പുറത്തേക്ക് നടന്നു.ഉച്ചത്തിൽ വാതിലടയുന്ന ശബ്ദം കേട്ട് പുറത്ത് നിന്നിരുന്ന ചില ആളുകളും മറ്റ് ജീവനക്കാരും ഒരു ഞെട്ടലോടെ അവന്റെ പോക്ക് നോക്കിനിന്നു.കലിയടക്കാൻ പാടുപെട്ട്,ദേഷ്യം തീർക്കാൻ എന്ന വണ്ണം കയ്യിലെ വെള്ളക്കുപ്പി നിലത്തെക്ക്
വലിച്ചെറിയുകയായിരുന്നു അർച്ചനയപ്പോൾ.
*****
അർച്ചനയുടെ നിർദേശം പോലെ റിനോഷിനെതിരെ പരാതി റിപ്പോർട്ട് ചെയ്തു.ജോലിയിൽ പാളിച്ചകൾ വരാത്തതിനാലും,മുൻകാലങ്ങളിലെ
പ്രവർത്തനമികവും ഗുഡ് വില്ലും മൂലം ശിക്ഷ പതിനഞ്ചു ദിവസത്തെ സസ്‌പെൻഷനിലൊതുങ്ങി.
ആ സമയങ്ങളിൽ അവനാർക്കും മുഖം കൊടുക്കാതെ തന്റെ മുറിയിൽ തന്നെ കൂടി.ഒറ്റക്കിരിക്കാനായി അവൻ ആഗ്രഹിച്ചു.ആദ്യം തന്നിൽ നിന്നും ആയിരുന്നെങ്കിൽ ഇപ്പോൾ ചുറ്റുപാടുകളിൽ നിന്നുപോലുമവൻ ഒളിച്ചോടാൻ ശ്രമിക്കുന്നു.
ദിവസങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു.
ശിക്ഷയുടെ കാലാവധി കഴിഞ്ഞും അവൻ ജോലിക്ക് കയറാതെ നടന്നു.
അങ്ങനെയൊരാൾ അവിടെയുണ്ട് എന്നുപോലും അറിയാത്ത അവസ്ഥ.
റോസിലി എന്നും വിളിക്കുന്നത് കാരണം ചടങ് തീർക്കാനായി അല്പം സംസാരിക്കും. മദ്യം വാങ്ങുവാനായി മാത്രം പുറത്തിറങ്ങുന്ന സ്ഥിതി.
ഭക്ഷണം പേരിന് മാത്രമൊതുങ്ങി.
ശരിക്കും കോലം കെട്ട അവസ്ഥ.
അതാണ് അവനെയും തിരക്കിവന്ന അർച്ചനയും ജെസ്സിയും കാണുന്നത്.
ഒരു ദിവസം സന്ധ്യക്ക് ഡ്യുട്ടി കഴിഞ്ഞാണ് അവർ വരുന്നത്.അവർ വരുമ്പോൾ മുറി മുഴുവൻ മദ്യക്കുപ്പി കൊണ്ട് നിറഞ്ഞ അവസ്ഥ.അതിന് അലങ്കാരമായി സിഗരറ്റ് കുറ്റികൾ നിലത്ത് ചിതറിക്കിടക്കുന്നു.കുടിച്ചു ബോധം മറഞ്ഞു കിടക്കുകയാണ് റിനോഷ്.ഒരു വിധത്തിൽ അർച്ചന അവനെ താങ്ങിപ്പിടിച്ചു ഷവറിന് ചുവട്ടിലെത്തിച്ചു.ജെസ്സിയുമുണ്ട് കൂടെ.അവനെ നിലത്തേക്കിരുത്തി ഷവർ തുറന്ന് വിട്ടിട്ടവർ പുറത്തേക്ക് ഇറങ്ങി.
“ശരിക്കൊന്ന് നനയട്ടെ ജെസ്സി.തല നന്നായൊന്ന് തണുക്കുമ്പോൾ കെട്ട് വിട്ടോളും”അർച്ചന ജെസ്സിയോട് പറഞ്ഞു.
തല തണുത്തു തുടങ്ങിയപ്പോൾ അവൻ പതിയെ സ്വബോധത്തിലേക്ക് വന്നു.പതിയെ മദ്യത്തിന്റെ കേട്ട് വിട്ടു തുടങ്ങുന്നതവനറിഞ്ഞു.