മൃഗം 29 [Master]

Posted by

ഇരിക്കുന്നതിനു മുന്‍പ് തന്നെ ഡോണ തിരക്കി. വാസുവും അവളും പൌലോസിനെതിരെ ഇരുന്നപ്പോള്‍ അയാള്‍ ഇരുവരെയും നോക്കി. എന്തോ ഗൌരവമുള്ള കാര്യം അയാള്‍ക്ക് പറയാനുണ്ട് എന്ന് ആ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു.
“ഡോണ..കബീര്‍ മരിച്ചു..ഇന്നലെ രാത്രി”
ആമുഖമൊന്നുമിടാതെ കൂടാതെ പൌലോസ് പറഞ്ഞു. ഡോണയും വാസുവും ഒരേപോലെ ഞെട്ടിപ്പോയി ആ വാര്‍ത്ത കേട്ടപ്പോള്‍.
“ഓ ഗോഡ്..എങ്ങനെ? ഇച്ചായന്‍ എപ്പോഴാണ് ഇതറിഞ്ഞത്?” അങ്കലാപ്പോടെ ഡോണ ചോദിച്ചു.
“എന്നെ ഇന്ദു മാഡം ആണ് വിവരം അറിയിച്ചത്. മറ്റൊന്ന് കൂടി സംഭവിച്ചിരിക്കുന്നു. കമ്മീഷണര്‍ അലി ദാവൂദ് സാറിന്റെ ട്രാന്‍സ്ഫര്‍ ഇന്നലെ അപ്രതീക്ഷിതമായി നടന്നു; പുതിയ കമ്മീഷണര്‍ എഡിസണ്‍ ചാണ്ടി ചാര്‍ജ്ജ് എടുത്തും കഴിഞ്ഞു. എല്ലാ ഡി സി പി മാരെയും എ സി പി മാരെയും മീറ്റിങ്ങിനു വിളിപ്പിച്ചിരിക്കുകയാണ് അയാള്‍…”
അതുകൂടി കേട്ടതോടെ ഡോണ അസ്തപ്രജ്ഞയായി ഇരുന്നുപോയി. അല്‍പനേരത്തേക്ക് അവര്‍ക്കിടയില്‍ നിശബ്ദത പരന്നു.
“ഹരീന്ദര്‍ ദ്വിവേദിയുടെ ഇര കബീര്‍ ആയിരുന്നു..ചിലപ്പോള്‍ അവന്‍ അയാളുടെ ഇവിടുത്തെ മിഷനിലെ ഒന്നാം ഇര ആകാനും മതി…” അസ്വസ്ഥതയോടെ പൌലോസ് പറഞ്ഞു.
“ഇച്ചായാ…എങ്ങനെയാണ് അയാള്‍ അവനെ കൊന്നത്…” ഡോണ ചോദിച്ചു.
“കഴുത്തില്‍ കയര്‍ കുരുക്കി ആയിരിക്കണം കൊന്നത്..പക്ഷെ പോലീസ് കരുതുന്നത് ആത്മഹത്യ ആണെന്നാണ്. കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് പോലീസ് അവനെ കണ്ടത്..പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ശരിയായ മരണകാരണം അറിയാന്‍ പറ്റൂ. പ്രാഥമിക നിഗമനം അനുസരിച്ച് ആത്മഹത്യ എന്ന അനുമാനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നതിനാല്‍ പോസ്റ്റ്മോര്‍ട്ടം ഉണ്ടാകുമോ എന്നും സംശയമാണ്. പക്ഷെ അത് ആത്മഹത്യയല്ല എന്നുള്ളത് എനിക്ക് ഉറപ്പാണ്..ദ്വിവേദിയുടെ കൊലപാതകരീതി തന്നെ മിക്കപ്പോഴും അയാളുടെ ഇരകള്‍ ആത്മഹത്യ ചെയ്തതായി കരുതുന്ന തരത്തിലായിരിക്കും… കൊലപാതകം എന്ന് സംശയിക്കത്തക്ക യാതൊരു തെളിവും സംഭവസ്ഥലത്ത് നിന്നും കിട്ടിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്..”

Leave a Reply

Your email address will not be published. Required fields are marked *