മൃഗം 29 [Master]

Posted by

ഇന്ദുലേഖ സല്യൂട്ട് നല്‍കിയ ശേഷം പുറത്തേക്ക് ഇറങ്ങി. ചാണ്ടി ക്രൂരമായ ഒരു പുഞ്ചിരിയോടെ അവളുടെ പോക്ക് നോക്കി. പുറത്തേക്ക് ഇറങ്ങിയ ഇന്ദുലേഖ വേഗം ഒരു ടോയ്ലറ്റില്‍ കയറി ഡോണയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അവളെ ലൈനില്‍ കിട്ടിയപ്പോള്‍ ഇന്ദുലേഖ ശബ്ദം പരമാവധി കുറച്ചാണ് സംസാരിച്ചത്.
“ഡോണ..നീ എവിടെയാണ്? വാസു നിന്റെ കൂടെ ഉണ്ടോ?” അവള്‍ ചോദിച്ചു.
“യെസ്..എന്താടി?”
“കബീര്‍ മരിച്ചത് നീ അറിഞ്ഞു കാണുമല്ലോ അല്ലെ? അവന്റെ മരണവുമായി കണക്റ്റ് ചെയ്ത് വാസുവിനെ അറസ്റ്റ് ചെയ്യാന്‍ കമ്മീഷണര്‍ ഓര്‍ഡര്‍ ഇട്ടിരിക്കുകയാണ്. എന്നോട് തന്നെ അവനെ അറസ്റ്റ് ചെയ്യാന്‍ അയാള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഒരിക്കലും അവന്‍ പോലീസ് പിടിയില്‍ ആകരുത്..ആയാല്‍ അവന്‍ പിന്നെ പുറംലോകം കാണില്ല..നീ അവനോട് വേഗം തന്നെ ഈ സിറ്റിയില്‍ നിന്നും എങ്ങോട്ടെങ്കിലും മാറാന്‍ പറ..ഒട്ടും വൈകരുത്” ഇന്ദുലേഖ ഒറ്റശ്വാസത്തില്‍ പറഞ്ഞു.
“ഇന്ദൂ..പക്ഷെ ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ എത്തിക്കഴിഞ്ഞു..കമ്മീഷണര്‍ ഓഫീസിന്റെ കൊമ്പൌണ്ടിലാണ് ഞങ്ങള്‍ ഇപ്പോള്‍..ഞങ്ങളെ എല്ലാവരും കണ്ടും കഴിഞ്ഞു..എന്ത് ചെയ്യുമെടി ഇനി..”
ഡോണയുടെ പരിഭ്രാന്തി നിറഞ്ഞ സ്വരം കേട്ടപ്പോള്‍ ഇന്ദു വിയര്‍ത്തുപോയി.
“ഗോഡ്..ഇനി എന്ത് ചെയ്യും..”
ഇന്ദു വിറയലോടെ ഫോണ്‍ കട്ട് ചെയ്തിട്ട് സ്വയം പറഞ്ഞു. അവള്‍ തിടുക്കത്തില്‍ വാതില്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ കമ്മീഷണര്‍ എഡിസണ്‍ ചാണ്ടി വാസുവിനെ കണ്ടു കഴിഞ്ഞിരുന്നു. കമ്മീഷണര്‍ ഓഫീസിലെ വര്‍ഗീസ്‌ എന്ന ഡെവിള്‍സിന്റെ ചാരനായ പോലീസുകാരനാണ് പുറത്ത് വന്ന വാസുവിന്റെ വിവരം അയാളെ അറിയിച്ചത്. ഇന്ദു തിടുക്കത്തില്‍ അവിടേക്ക് ചെന്നപ്പോള്‍ ചാണ്ടി തന്റെ കസേരയില്‍ നിന്നും എഴുന്നേറ്റ് പുറത്തേക്കിറങ്ങിയിരുന്നു. ബുള്ളറ്റില്‍ നിന്നും ഇറങ്ങുന്ന വാസുവിനെ ഇരയെ കുടുക്കിയ സിംഹത്തെപ്പോലെ അയാള്‍ നോക്കുന്നത് ഇന്ദു കണ്ടു. ഡോണ പരിഭ്രമത്തോടെ അയാളെയും പിന്നില്‍ നിന്നിരുന്ന ഇന്ദുവിനെയും നോക്കി.
“ഇന്ദുവിന്റെ ജോലി കുറഞ്ഞിരിക്കുന്നു..അല്ലെ..”
ഒരു വികടച്ചിരിയോടെ അവളെ നോക്കി ചാണ്ടി പറഞ്ഞു. ഡോണ എന്ത് ചെയ്യണം എന്നറിയാതെ, താന്‍ തന്നെ വാസുവിനെ അയാളുടെ കൈയിലേക്ക് എത്തിച്ചു കൊടുത്തതിന്റെ കടുത്ത മനസംഘര്‍ഷത്തോടെ, നിസ്സഹായയായി, നിശ്ചേതനയായി നിന്നുപോയി. താന്‍ അകപ്പെട്ടിരിക്കുന്ന കൊടിയ ആപത്ത് മനസിലാക്കാതെ വാസു ബൈക്ക് സ്റ്റാന്റില്‍ വച്ചിട്ട് തന്നെത്തന്നെ നോക്കുന്ന കമ്മീഷണറെ നോക്കി പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *